07 April Tuesday

ജനത കർഫ്യൂ ആയിരുന്നില്ല; തെരുവാഘോഷം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

ന്യൂഡൽഹി
കോവിഡിനെ നേരിടാൻ ആളുകൾ വീട്ടിലിരിക്കാൻ ആഹ്വാനംചെയ്‌ത ജനത കർഫ്യൂ ‘ആഘോഷ’മാക്കി ജനക്കൂട്ടം തെരുവിലിറങ്ങിയത്‌ തിരിച്ചടിയായി. വൈറസിന്റെ സമൂഹവ്യാപനം തടയാൻ സമ്പർക്കം കുറയ്‌ക്കേണ്ട നിർണായക ഘട്ടത്തിലാണ്‌ ആരോഗ്യപ്രവർത്തകരെ അനുമോദിക്കാനെന്ന പേരിൽ വിവിധ സംസ്ഥാനങ്ങളിൽ ജനക്കൂട്ടം തെരുവിലിറങ്ങിയത്‌.

കോവിഡ് രോഗവ്യാപനം തടയുന്നതിന് പരമാവധി സമ്പർക്കം ഒഴിവാക്കണമെന്ന സന്ദേശം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനംചെയ്ത ജനത കർഫ്യൂ ഒരു വിഭാഗം ജനങ്ങൾ ഏറ്റെടുത്തത് വിപരീത അർഥത്തിലാണ്‌. ഞായറാഴ്ച വൈകിട്ട് അഞ്ചിന് ശംഖുവിളിച്ചും പാത്രങ്ങൾ കൊട്ടിയും കൈയടിച്ചും സ്ത്രീകളും കുട്ടികളുമടക്കം തെരുവിലിറങ്ങി പ്രകടനം നടത്തി. വാദ്യോപകരണങ്ങൾ മുഴക്കി ദേശീയപതാകയുമായി ഭാരത് മാതാ കീ ജയ് മുദ്രാവാക്യം മുഴക്കിയാണ് വിവിധ സംസ്ഥാനങ്ങളിൽ ജനങ്ങൾ കർഫ്യൂ ആഘോഷമാക്കിയത്. ആൾക്കൂട്ടം തെരുവിൽ നൃത്തംവയ്‌ക്കുകയും വാഹനറാലി നടത്തുകയും ചെയ്തു.

സമൂഹവ്യാപനം തടയേണ്ട പ്രധാന സന്ദർഭത്തിൽ ഗുരുതര പ്രത്യാഘാതമാണുണ്ടായത്. ശരിയായ സന്ദേശം പ്രചരിപ്പിക്കേണ്ട ഉദ്യോഗസ്ഥരും ഭരണഘടന പദവി വഹിക്കുന്നവരും തെരുവിലിറങ്ങിയവരിലുണ്ട്‌. യുപിയിൽ പിലിഭിത്ത് ജില്ലാ മജിസ്ട്രേറ്റ് വൈഭവ് ശ്രീവാസ്തവയും എസ്‌പി അഭിഷേക് ദീക്ഷിതും ആഘോഷത്തിനിറങ്ങി.

പീലിഭിത്തിൽ ഒരു സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കെയാണ്‌ ഈ ഗുരുതര അനാസ്ഥ. കർണാടകത്തിൽ ഗവർണർ വാജുഭായ് വാലയുടെ നേതൃത്വത്തിൽ  രാജ്ഭവൻ ഉദ്യോഗസ്ഥർ, പൊലീസുകാർ തുടങ്ങി കുട്ടികളടക്കമുള്ള വൻ ജനക്കൂട്ടമാണ് രംഗത്തിറങ്ങി മണിമുഴക്കിയത്‌.
ആളുകൾ പുറത്തിറങ്ങി ആഘോഷിച്ചതിനുപിന്നാലെ ആരോഗ്യത്തോടെയിരിക്കാൻ വീടിനുള്ളിൽ തുടരണമെന്ന് മോഡി ആവർത്തിച്ചു. ജനത കർഫ്യൂ വൈറസിനെ ഇല്ലാതാക്കുമെന്ന് ചില സാമൂഹ്യ വിരുദ്ധർ പ്രചരിപ്പിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top