20 July Saturday

ഖഷോഗി വധം : ട്രംപിനെതിരെ റിപ്പബ്ലിക്കൻ നേതാവ‌് മിഖായേൽ മക്കൗൾ

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

വാഷിങ‌്ടൺ > സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി വധത്തിന്റെ അന്വേഷണത്തിൽ ട്രംപ് പൂർണ പരാജയമായിരുന്നുവെന്ന‌് മുതിർന്ന റിപ്പബ്ലിക്കൻ നേതാവ‌് മിഖായേൽ മക്കൗൾ. ക്രൂരവും നിഷ്ഠുരവുമായ കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടുപിടിച്ച് നടപടിയെടുക്കണമെന്ന് ട്രംപിന്റെ ഓഫീസിന‌് അയച്ച കത്തിൽ മക്കൗൾ പറഞ്ഞു.

കൊലപാതകത്തെ സംബന്ധിച്ച റിപ്പോർട്ട് നൽകണമെന്ന അമേരിക്കൻ കോൺഗ്രസിന്റെ ആവശ്യത്തോട് ഇതുവരെയും ട്രംപ് പ്രതികരിച്ചിട്ടില്ല. കൊലപാതകം സൗദിയുടെ ഉന്നത ഉദ്യോഗസ്ഥർ ആസൂത്രണംചെയ്ത് നടത്തിയതാണെന്ന് യുഎൻ അന്വേഷണസംഘം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കോൺഗ്രസിന‌് 120 ദിവസത്തിനകം മറുപടി നൽകണമെന്ന നിയമം ട്രംപ‌് ലംഘിച്ചതായി ഡെമോക്രാറ്റിക് അംഗങ്ങൾ പറഞ്ഞു. ഖഷോഗി വധത്തിൽ സൗദിയെ കുറ്റപ്പെടുത്താത്ത ട്രംപ്  കടുത്ത വിമർശനമാണ് നേരിടുന്നത്.

കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്നാണ് സിഐഎയുടെ  കണ്ടെത്തല്‍.
സൗദിയുമായുള്ള ആയുധകരാറിന്റെ പേരിലാണ് ട്രംപ് മുഹമ്മദ് ബിന്‍ സല്‍മാനെ രക്ഷിക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top