30 July Friday
അറബ് – ജൂത ഐക്യത്തിന് ഇസ്രയേലിൽ വൻറാലി

ഇസ്രയേൽ വ്യോമാക്രമണം : ഗാസയിൽ 
2,000 വീട്‌ തകർന്നു

വെബ് ഡെസ്‌ക്‌Updated: Sunday May 23, 2021

ഗാസസിറ്റി
ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗാസയിലെ 2,000 പാർപ്പിടങ്ങൾ പൂർണമായും തകർന്നതായി പലസ്‌തീൻ അധികൃതർ വ്യക്തമാക്കി. 15,000 വീടുകൾക്ക്‌ വലിയ നാശമുണ്ടായി. ഇസ്രയേലിന്റെ വ്യോമാക്രമണം ജനവാസകേന്ദ്രങ്ങളിലായിരുന്നു. വീടുകൾക്ക്‌ പുറമെ ആശുപത്രികളും പള്ളികളും വാണിജ്യ കേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും തകർന്നു. വ്യവസായശാലകളും പൊലീസ്‌ സ്‌റ്റേഷനുകളും തകർന്നവയിൽ ഉൾപ്പെടും. പൊട്ടിയിട്ടില്ലാത്ത മുന്നൂറോളം ഇസ്രയേലി റോക്കറ്റുകളും ഷെല്ലുകളും  കണ്ടെത്തിയതായി പൊലീസ് മേധാവി മഹമൂദ് സലാ പറഞ്ഞു.
അതേസമയം ഗാസയിലെ ഹമാസ്‌ തലവൻ യഹിയ സിൻവർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുതിർന്ന നേതാവിന്‌ അന്ത്യാഞ്ജലി അർപ്പിച്ചു. സംഘർഷത്തിനുശേഷം ആദ്യമായാണ്‌ സിൻവർ പൊതുസ്ഥലത്ത്‌ പ്രത്യക്ഷപ്പെട്ടത്‌. സിൻവറിന്റെ വീടും ഇസ്രയേൽ തകർത്തിരുന്നു. 

ഗാസയിലെ പലസ്‌തീൻജനതയ്‌ക്ക്‌ അടിയന്തരമായി സഹായം എത്തിക്കണമെന്ന്‌  യുഎൻ രക്ഷാസമിതി ആഹ്വാനം ചെയ്‌തു. പലസ്‌തീനും ഇസ്രയേലും ജനാധിപത്യരാജ്യങ്ങളായി സുരക്ഷിതവും അംഗീകൃതവുമായ അതിർത്തികളോടെ സമാധാനത്തിൽ ജീവിക്കണമെന്നും യുഎൻ പ്രസ്‌താവനയിൽ പറഞ്ഞു.


ഇസ്രയേലിലേക്ക്‌ യാത്ര അനുവദിച്ച്‌ ബംഗ്ലാദേശ്‌
പൗരർക്ക്‌ ഇസ്രയേലിലേക്കുള്ള യാത്രാ നിരോധനം ബംഗ്ലാദേശ്‌ നീക്കി. ദശാബ്ദങ്ങളായി ബംഗ്ലാദേശുകാർക്ക്‌ ഇസ്രയേലിലേക്ക്‌ യാത്ര വിലക്കിയിരുന്നു. ബംഗ്ലാദേശ്‌ നടപടി ഇരുരാജ്യങ്ങളിലെയും പൗരർക്ക്‌ നേട്ടവും പുരോഗതിയും ഉണ്ടാക്കുന്നതാണെന്ന്‌ ഇസ്രയേൽ വിദേശ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗിലാദ്‌ കോഹൻ പറഞ്ഞു.

"ഈ പാസ്‌പോർട്‌ ഇസ്രയേൽ ഒഴികെയുള്ള രാജ്യങ്ങളിലേക്ക്‌ സാധുവാണ്‌' എന്നാണ്‌ ബംഗ്ലാദേശ്‌ പാസ്‌പാർട്ടിൽ രേഖപ്പെടുത്തി വരുന്നത്‌. യാത്രാ വിലക്ക്‌ പിൻവലിച്ചെന്ന്‌ കരുതി ഇസ്രയേലിനോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകില്ലെന്ന്‌ ബംഗ്ലാദേശ്‌ ആഭ്യന്തരമന്ത്രി അസദുസ്സുമാൻ ഖാൻ കമാൽ പറഞ്ഞു.

അറബ് – ജൂത ഐക്യത്തിന് ഇസ്രയേലിൽ വൻറാലി
ജൂതരും അറബുകളും സഹവർത്തിത്വത്തോടെ മുന്നോട്ടുപോകണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ആയിരങ്ങൾ അണിനിരന്ന റാലി. ഗാസയിൽ 11 ദിവസം നീണ്ട ഇസ്രയേലി ആക്രമണം അവസാനിച്ചതിന്‌പിന്നാലെ ശനിയാഴ്‌ച രാത്രിയാണ്‌ വിവിധയിടങ്ങളിൽ പ്രകടനങ്ങൾ നടന്നത്‌. വെള്ളിയാഴ്‌ച ഇസ്രയേലും ഗാസ ഭരിക്കുന്ന ഹമാസും വെടിനിർത്തലിൽ എത്തിയിരുന്നു.  

സെൻട്രൽ ഹബിമ ചത്വരത്തിൽ ഒത്തുകൂടിയ സമാധാനപ്രേമികളോട്‌ രാഷ്‌ട്രീയ നേതാക്കളും കലാകാരന്മാരും സംസാരിച്ചു. വെളളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ പ്രധാനമന്ത്രി നെതന്യാഹുവിനും അധിനിവേശത്തിനും എതിരെ ബെയ്‌ത്‌ ജാലയിൽ അറബികളും ജൂതന്മാരും സ്വാതന്ത്ര്യ മാർച്ച്‌ നടത്തിയിരുന്നു.

അതേസമയം ഇസ്രയേലിനോട്‌ ചേർന്ന്‌ പലസ്‌തീൻ സ്വതന്ത്ര രാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്ന്‌ ഇസ്രായേലിലെ പ്രധാന അറബ്‌ പാർടിയായ ഹദാഷിന്റെ എംപി അയ്‌മൻ ഉദെ ആവശ്യപ്പെട്ടു. ഇവിടെ രണ്ടുതരം പൗരരുണ്ടെന്നും സ്വയംനിർണയത്തിന്‌ ഇരുകൂട്ടർക്കും അവകാശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം അറബികളും ജൂതരും തമ്മിലല്ലെന്നും ഇരുവശത്തും സമാധാനത്തോടെയും സഹവർത്തിത്വത്തോടെയും ജീവിക്കാൻ ശ്രമിക്കുന്നവരും അക്രമവും വിദ്വേഷവും വളർത്തുന്നവരും തമ്മിലാണെന്നും ഇസ്രയേൽ എഴുത്തുകാരൻ ഡേവിഡ് ഗ്രോസ്‌മാൻ പറഞ്ഞു. നെതന്യാഹുവിന്റെ പ്രകോപനങ്ങളെ അധികാരത്തിൽ തുടരാനുള്ള ശ്രമമായി മാത്രമേ കാണാൻ കഴിയൂവെന്ന്‌ ഇസ്രയേൽ പാർലമെന്റിലെ കമ്യൂണിസ്‌റ്റ്‌ അംഗം ഐഡ തൂമ സ്ലിമാൻ പറഞ്ഞു. പുതിയ സർക്കാർ രൂപീകരിക്കുന്നതിൽ നാല് തവണ പരാജയപ്പെട്ട നെതന്യാഹു കാവൽ പ്രധാനമന്ത്രി മാത്രമാണ്‌. അഴിമതിക്കേസിൽ വിചാരണയിലുമാണ്‌. ഗാസയിലെ സൈനികാക്രമണവും വംശീയ വിദ്വേഷ പ്രചാരണവും എല്ലാം നെതന്യാഹുവിന്റെ രാഷ്‌ട്രീയ നേട്ടത്തിനാണെന്നും ഐഡ പറഞ്ഞു. ഇസ്രയേലിനുള്ളിലെ ആക്രമണങ്ങൾക്ക്‌ പിന്നിൽ തീവ്രവലതുപക്ഷ ജൂത ദേശീയവാദികളാണ്‌. ജനസംഖ്യയുടെ ഇരുപത്‌ ശതമാനംവരുന്ന അറബികൾ നെതന്യാഹുവിന്റെ ഭരണത്തിൽ രണ്ടാംകിട പൗരരായാണ്‌ ജീവിക്കുന്നതെന്നും ഐഡ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top