17 September Tuesday

വീണ്ടും വിദേശ എണ്ണ കപ്പല്‍ പിടികൂടി ഇറാന്‍; ഏഴ്‌ നാവികരും കസ്‌റ്റഡിയിൽ

അനസ് യാസിന്‍Updated: Monday Aug 5, 2019

മനാമ > പിടികൂടിയ ബ്രിട്ടീഷ് എണ്ണ ടാങ്കറിന്റെ മോചനം എങ്ങുമെത്താതിരിക്കെ ഇറാന്‍ മറ്റൊരു വിദേശ എണ്ണ കപ്പല്‍കൂടി പിടികൂടി. അറേബ്യന്‍ ഗള്‍ഫ് സമുദ്രത്തില്‍ എണ്ണ കള്ളക്കടത്തിനിടെയാണ് എണ്ണ ടാങ്കര്‍ പിടികൂടിയതെന്ന് റവല്യൂഷണറി ഗാര്‍ഡ് നാവിക വിഭാഗത്തെ ഉദ്ധരിച്ച ഇറാന്‍ ടിവി അറിയിച്ചു. കപ്പിലിലെ വിവിധ രാജ്യക്കാരായ ഏഴു നാവികരെയും ഇറാന്‍ കസ്റ്റഡിയിലെടുത്തു.

മറ്റു കപ്പലുകളി നിന്നും എണ്ണ സ്വീകരിച്ച് മേഖലയിലെ ചില അറബ് രാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നു വിദേശ കപ്പലെന്ന് നാവിക സേന ആരോപിച്ചു. ഫാര്‍സി ദ്വീപിനു സമീപത്ത് നിന്ന് ബുനാഴ്ചയാണ് ടാങ്കര്‍ പിടികൂടിയതെന്ന് നാവിക സേനാ കമാണ്ടര്‍ റംസാന്‍ സിരാഹി പറഞ്ഞു. ഏഴു ലക്ഷം ലിറ്റര്‍ ഇന്ധനം കപ്പലിലുണ്ടായിരുന്നു. കപ്പല്‍ ഏതു രാജ്യത്തിന്റേതാണെന്നോ നാവികര്‍ ഏതു രാജ്യക്കാരാണെന്നോ ഇറാന്‍ വ്യക്തമാക്കിയിട്ടില്ല.

ഹോര്‍മുസ് കടലിടുക്കിന് വടക്കുപടിഞ്ഞാറുള്ള ചെറിയ ദ്വീപാണ് ഫാര്‍സി. ഇവിടെ നിന്നും കപ്പല്‍ ഇറാനിലെ ബുശെഹ്ര്‍ പ്രവിശ്യയിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് കപ്പലിലെ ഇന്ധനം ഇറാന്‍ ദേശീയ എണ്ണ ഉല്‍പ്പാദന, വിതരണ കമ്പനിയിലേക്ക മാറ്റിയതായും റിപ്പോട്ട് ചെയ്യുന്നു.
മൂന്നാഴ്ചക്കിടെ ഇറാന്‍ പിടികൂടുന്ന മൂന്നാമത്തെ എണ്ണ കപ്പലാണിത്. നിലവില്‍ ബ്രിട്ടന്റെ സ്‌റ്റെനോ ഇംപെരോ, പനാമയുടെ എംടി റീഹ എന്നീ എണ്ണ ടാങ്കറുകള്‍ ഇറാന്‍ കസ്റ്റഡിയിലാണ്. സ്‌റ്റെനോ ഇംപെരോ വിട്ട് നല്‍കണമെന്നാവശ്യപ്പെട്ടു വിവിധ ലോക രാജ്യങ്ങള്‍ നടത്തുന്ന സമ്മര്‍ദ്ദങ്ങള്‍ക്കിടെയാണ് ഇറാന്‍ വീണ്ടും കപ്പല്‍ പിടികൂടിയത്. എംടി റീഹ കപ്പലില്‍ മൂന്നു പേരും ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെന എംപെറോയിലെ പതിനെട്ടുപേരുംമടക്കം 21 ഇന്ത്യക്കാര്‍ ഇപ്പോഴും ഇറാന്‍ കസ്റ്റഡിയിലുണ്ട്.

ജൂലായ് 14നാണ് എണ്ണ കള്ളക്കടത്തിന് എംടി റീഹ ഇറാന്‍ പിടികൂടിയത്. എംടി റീഹയിലെ 12 ഇന്ത്യക്കാരില്‍ ഒന്‍പതുപേരെ ജൂലായ് 25ന് മോചിപ്പിച്ചു. ഇന്ത്യക്കാരടക്കം 25 ജീവനക്കാരാണ് ഈ കപ്പലില്‍ ഉണ്ടായിരുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എംടി റീഹയുടെ പതാക പനാമ അധികൃതര്‍ കഴിഞ്ഞാഴ്ച പിന്‍വലിച്ചിരുന്നു.

അന്താരാഷ്ട്ര സമുദ്രഗതാഗത ചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ജൂലായ് 20നാണ് സ്റ്റെനാ ഇംപേരോ ടാങ്കര്‍ പിടികൂടിയത്. സിറിയിലേക്ക് ഉപരോധം ലംഘിച്ചു എണ്ണ കടത്തുന്നുവെന്നാരോപിച്ച് ജിബ്രാള്‍ട്ടര്‍ കടലില്‍ ഇറാനിയന്‍ കപ്പല്‍ ഗ്രേസ് വണ്‍ ബ്രിട്ടീഷ് നാവിക സേന പിടകൂടിയിരുന്നു. ഇതിനു പിന്നാലെയാണ് ബ്രിട്ടീഷ് കപ്പല്‍ ഇറാനും പിടികൂടിയത്. ഇരു കപ്പലുകളും പരസ്പരം വെച്ചുമാറാനുള്ള സന്നദ്ധത ഇറാന്‍ ആദ്യ ഘട്ടത്തില്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, ബ്രിട്ടീഷ് കപ്പലുകള്‍ക്ക് യുദ്ധ കപ്പല്‍ അകമ്പടി നല്‍കാനാണ് ബ്രിട്ടന്റെ തീരുമാനം. ഇതിനായി എച്ച്എംഎസ് മോഡ്‌റോസ്, ഡങ്കന്‍ എന്നീ യുദ്ധ കപ്പലുകള്‍ ബ്രിട്ടന്‍ മേഖലയില്‍ വിന്യസിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top