19 September Thursday

കപ്പലുകൾക്ക്‌ സുരക്ഷ: ബ്രിട്ടൻ പ്രകോപനമുണ്ടാക്കുന്നു: ഇറാൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2019

ടെഹ്‌റാൻ
ഹോർമുസ്‌ കടലിടുക്കിലൂടെ  പോകുന്ന കപ്പലുകൾക്ക്‌ സുരക്ഷയൊരുക്കാൻ യൂറോപ്യൻ നാവികസേനയോട്‌ നിർദേശിച്ച ബ്രിട്ടന്റെ നീക്കം പ്രകോപനപരമാണെന്ന്‌ ഇറാൻ. ബ്രിട്ടൻ വിദ്വേഷവും പ്രകോപനവും സൃഷ്ടിക്കുകയാണെന്നും ഇറാൻ വക്താവ്‌ അലി റബെയ്‌ പറഞ്ഞു.  മേഖലയിൽ സുരക്ഷയുറപ്പാക്കാൻ വിദേശശക്തികൾക്ക്‌ കഴിയില്ലെന്നും ഇത്തരമൊരു നീക്കം നിലവിലെ സാഹചര്യം കൂടുതൽ വഷളാക്കുമെന്നും ഒമാൻ വിദേശകാര്യമന്ത്രി യൂസഫ്‌  ബിൻ ആൽവിയുമായി നടത്തിയ ചർച്ചയ്ക്കുശേഷം  ഇറാൻ പ്രസിഡന്റ്‌ ഹസൻ റൂഹാനി വ്യക്തമാക്കി.

കഴിഞ്ഞ 19ന്‌ ബ്രിട്ടന്റെ എണ്ണക്കപ്പൽ സ്‌റ്റെനോ ഇംപെരോ ഇറാൻ ഇസ്ലാമിക്‌ റെവലൂഷണറി ഗാർഡ്‌ കോർപ്‌സ്‌ പിടിച്ചെടുത്തിരുന്നു. തുടർന്ന്‌ കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌  കപ്പലുകൾക്ക്‌ സുരക്ഷയൊരുക്കാൻ യൂറോപ്യൻ സേനയോട്‌ ബ്രിട്ടൻ നിർദേശിച്ചത്‌. ഇറാന്റെ ഗ്രേസ്‌ 1 കപ്പൽ ജിബ്രാൾട്ടറിൽ വച്ച്‌  ബ്രിട്ടൻ പിടിച്ചതിനു പിന്നാലെയായിരുന്നു ഇറാൻ ബ്രിട്ടന്റെ കപ്പൽ പിടിച്ചത്‌.

എന്നാൽ, യൂറോപ്യൻ  രാജ്യങ്ങൾ ബ്രിട്ടന്റെ നിർദേശത്തോട്‌ തണുത്ത പ്രതികരണമാണ്‌ നടത്തിയത്‌. മേഖലയിലേക്ക്‌ സൈന്യത്തെ അയക്കാൻ തയ്യാറല്ലെന്നും പകരം  വിവരങ്ങൾ കൈമാറുമെന്നും നിലവിൽ വിന്യസിച്ചിരിക്കുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും ഫ്രാൻസ്‌ പ്രതികരിച്ചു. യുഎസ് സൈന്യം മേഖല നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മധ്യ പൗരസ്‌ത്യ ജലപാതയിൽ  സുരക്ഷ വർധിപ്പിക്കുന്നതിനായി ഓപ്പറേഷൻ സെന്റിനൽ എന്ന് പേരിട്ട ഒരു പദ്ധതി വികസിപ്പിച്ചിട്ടുണ്ടെന്നും അമേരിക്ക വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top