ദുബായ്
പേർഷ്യൻ കടലിടുക്കിന് മുകളിലൂടെ യാത്രികരുമായി പറക്കുന്ന വിമാനങ്ങൾക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. ഇറാനുമായുള്ള പ്രശ്നം രൂക്ഷമായതിനെത്തുടർന്ന് ഇവ യുദ്ധവിമാനങ്ങളെന്ന് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
രാജ്യാന്തര വിമാന യാത്രയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടായേക്കാമെന്ന് അമേരിക്കയുടെ വ്യോമയാന വകുപ്പ്മുന്നറിയിപ്പുനൽകി. വ്യാഴാഴ്ചയാണ് അമേരിക്ക ഇതു സംബന്ധിച്ച നോട്ടീസ് കുവൈത്തിനും യുഎഇയ്ക്കും നൽകിയത്. ഈ മേഖലയിൽ കപ്പലുകൾക്ക് ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടൺ അറിയിച്ചിരുന്നു. രാഷ്ട്രീയ സാഹചര്യം വഷളായതിനെത്തുടർന്ന് വൻ തോതിലുള്ള സൈനിക നിരീക്ഷണം ഈ പ്രദേശത്തുണ്ട്. ഇവയിൽ നിന്നുള്ള വികിരണങ്ങൾ കാരണം വിമാനങ്ങളിലും കപ്പലുകളിലും ആശയവിനിമയത്തിന് തടസ്സമുണ്ടാകുമെന്നും കത്തിൽ സൂചിപ്പിക്കുന്നു.
പാശ്ചാത്യരാജ്യങ്ങളിലേക്കുള്ള യാത്ര ഏറ്റവുമധികം നടക്കുന്നത് പേർഷ്യൻ കടലിടുക്ക് വഴിയാണ്. യുഎഇയിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളമാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്ന്.അതിനാൽ തന്നെ സുരക്ഷാഭീഷണി കാര്യമായി തന്നെ അന്താരാഷ്ട്രയാത്രികരെ ബാധിക്കും. ഖത്തർ വിമാനത്താവളവും ഒമാൻ വിമാനത്താവളവും സമാനമായ സുരക്ഷാഭീഷണി നേരിടുന്നുണ്ട്. ഇതിനു മുമ്പ് സമാനമായ സുരക്ഷാഭീഷണിയുണ്ടായത് 30 വർഷം മുമ്പ് 1980ലെ അമേരിക്ക –-ഇറാൻ യുദ്ധകാലഘട്ടത്തിലാണ്.
1988 ൽ അമേരിക്കൻ പടക്കപ്പൽ ഇറാൻ സ്പീഡ്ബോട്ടുകൾ തുരത്തുന്നതിനിടെ ഇറാൻ അതിർത്തിയിലുള്ള ഹെലികോപ്റ്ററിനു നേരെ വെടിവച്ചിരുന്നു. ഇതിനു ശേഷം ഇറാനിൽനിന്ന് യാത്രികരുമായി ഗൾഫിലേക്ക് പുറപ്പെട്ട വിമാനം അമേരിക്ക വെടിവച്ചിട്ടു. ഇറാൻ യുദ്ധവിമാനമായ എഫ്14 ആണെന്ന് കരുതിയായിരുന്നു അമേരിക്കയുടെ പ്രകോപനം. സമാനമായ സുരക്ഷാഭീഷണി നിലവിലുണ്ടായേക്കാമെന്നാണ് വിലയിരുത്തൽ.
പേർഷ്യൻ കടലിടുക്ക്, ഒമാൻ കടലിടുക്ക്, യുഎഇ, സൗദി എന്നിവിടങ്ങളിൽ കനത്ത സുരക്ഷാഭീഷണിയുള്ളതായി ലോയ്ഡ് മാർക്കറ്റിന്റെ സംയുക്ത യുദ്ധസമിതി വാർത്താക്കുറിപ്പ് പുറത്തിറക്കി.അമേരിക്കയുടെ യുഎസ്എസ് എബ്രഹാം ലിങ്കണും യുദ്ധക്കപ്പലുകളും ഇതുവരെ ഹോർമുസ് കടലിടുക്കിലെത്തിയിട്ടില്ല. അമേരിക്കയുടെ പ്രകോപനം തുടരുകയാണെങ്കിൽ കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ നേരത്തെ സൂചിപ്പിച്ചിരുന്നു. ആഗോള എണ്ണ വിപണിയിലെ മൂന്നിലൊന്നും ഹോർമുസ് കടലിടുക്ക് വഴിയാണ് കൈമാറ്റം ചെയ്യുന്നത്.