24 June Monday

വിദ്യാർഥി വിസ വ്യാജം; 129 ഇന്ത്യക്കാർ അമേരിക്കയിൽ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Feb 3, 2019

വാഷിങ‌്ടൺ> അമേരിക്കയിലേക്ക‌് കുടിയേറാൻ വ്യാജ സർവകലാ‌ശാലയായ ഫാമിങ‌്ടണിൽ വിദ്യാർഥികളായി പേര‌ുചേർത്ത 130 പേർ അറസ‌്റ്റിൽ. ഇതിൽ 129 പേരും ഇന്ത്യക്കാരാണ‌്. ന്യൂജഴ‌്സി, അറ്റ‌്‌ലാന്റ‌, ഹൂസ്റ്റൺ, മിഷിഗൺ, കലിഫോർണിയ എന്നിവിടങ്ങളിൽ നിന്നായിരുന്നു അറസ്റ്റ‌്. സർവകലാശാല വ്യാജമാണെന്ന‌് വിദ്യാർഥികൾക്ക‌് അറിവുണ്ടായിരുന്നില്ലെന്ന‌് ഉന്നത പൊലീസ‌് ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃത കുടിയേറ്റം കണ്ടുപിടിക്കുന്നതിനായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവും ഡിട്രോയിറ്റ‌് സർവകലാ‌ശാലയും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ‌് വിവരങ്ങൾ ലഭ്യമായത‌്.

വിദ്യാർഥികൾക്ക‌് നൽകുന്നത‌് ‘എഫ‌്’ ‘എം’ വിസകളാണ‌്‌. അമേരിക്കയിൽ ഏതെങ്കിലും സർവകലാശാലയിൽ ചേർന്നാൽ പഠനം കഴിയുന്നതുവരെ അവിടെ തങ്ങാനുള്ള നിയമമുണ്ട‌്. എന്നാൽ, ഭൂരിഭാഗംപേരും വ്യാജ സർവകലാശാലയിൽ പേരുചേർത്ത‌് ജോലി ചെയ്യുകയായിരുന്നു. വിസ നീട്ടിക്കിട്ടുന്നതിലൂടെ അമേരിക്കയിൽ തുടർന്നും താമസിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. ഭൂരിഭാഗം വിദ്യാർഥികളും അറിഞ്ഞുതന്നെയാണ‌് വ്യാജ സർവകലാശാലയിൽ പേരുചേർത്തതെന്ന‌് അധികൃതർ പ്രതികരിച്ചു. എന്നാൽ, സർവകലാശാല കബളിപ്പിക്കുകയായിരുന്നുവെന്ന‌് വിദ്യാർഥികൾക്ക‌ു വേണ്ടി ഹാജരായ രവി മന്നം പറഞ്ഞു. അനധികൃത കുടിയേറ്റം നടത്തുന്നവർക്കെതിരായി ചുമത്തുന്ന കേസുകൾ വിദ്യാർഥികൾക്കെതിരെ നിലനിൽക്കുമെന്നും പൊലീസ‌് പറഞ്ഞു.

കേസിലകപ്പെട്ട കുട്ടികളെപ്പറ്റിയുള്ള വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും  ഇതുസംബന്ധിച്ച‌് എംബസിയുമായി ചർച്ചകൾ നടത്തിയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിസ –- സാമ്പത്തിക കുറ്റം ആരോപിച്ച‌് എട്ട‌് ഇന്ത്യക്കാരെയും സമാനദിവസം അറസ്റ്റ‌് ചെയ്തിരുന്നു. വിസതട്ടിപ്പ‌്, വഞ്ചനാകുറ്റമാണ‌് ഇവർക്കുമേൽ ചുമത്തിയിട്ടുള്ളത‌്. വിദ്യാർഥികൾക്കുള്ള വിസ ദുരുപയോഗം ചെയ‌്ത‌് അനധികൃത കുടിയേറ്റത്തിന‌് സഹായിച്ചതാണ‌് കുറ്റം.  അതേസമയം സംഭവത്തിൽ ഉൾപ്പെട്ട ഇന്ത്യക്കാരായ വിദ്യാർഥികൾക്ക‌് എല്ലാവിധ സഹായങ്ങളും നൽകുമെന്നും യുഎസിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടുവരികയാണെന്നും വിദേശമന്ത്രാലയം ഡൽഹിയിൽ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top