19 January Sunday

ശ്രീലങ്ക‐ ഇന്ത്യ ബന്ധം മെച്ചപ്പെടും: വിദഗ്‌ധർ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2019

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്‌ ജയ്‌ശങ്കർ ശ്രീലങ്കൻ പ്രസിഡന്റ്‌ ഗോതബായ രജപക്‌സയെ സന്ദർശിച്ചപ്പോൾ

കൊളംബോ> ഗോതബായ രജപക്‌സ പ്രസിഡന്റായി അധികാരമേറ്റതോടെ ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായേക്കുമെന്ന്‌ വിദഗ്ധർ. അമേരിക്കൻ നിയന്ത്രണത്തിലാകും ശ്രീലങ്കയുടെ ഭാവിപരിപാടികളെങ്കിലും സാമ്പത്തികശക്തിയായ ചൈനയുമായും വ്യാപാരബന്ധത്തിലേർപ്പെടും.

ഇന്ത്യയുടെ താൽപ്പര്യത്തിന്‌ വിരുദ്ധമായി വിദേശശക്തികളെ ഒന്നും ഈ ദ്വീപരാഷ്ട്രത്തിൽ പ്രവേശിപ്പിക്കില്ലെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ലോകത്തെ പ്രധാന ആഗോളശക്തികളുമായുള്ള ശ്രീലങ്കയുടെ നയതന്ത്രബന്ധത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന വിദഗ്ധരുടേതാണ്‌ വിലയിരുത്തൽ.ഈ വിഷയത്തിലെ യുഎസ് താൽപ്പര്യങ്ങൾകൂടി സംരക്ഷിച്ചായിരിക്കും ഗോതബായ  നയം സ്വീകരിക്കുക. ഗോതബായ അമിത ചൈന വിരുദ്ധനോ ഇന്ത്യ അനുകൂലിയോ ആകില്ലെന്ന്‌ ദേശീയ സമാധാന കൗൺസിൽ എക്സി. ഡയറക്ടർ ജിഹാൻ പെരേര പറഞ്ഞു.

തെരഞ്ഞെടുപ്പിൽ വിജയിച്ച ഗോതബായയെ മോഡി ടെലിഫോണിൽ   ആശംസകൾ അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളും ചരിത്രംകൊണ്ടും സമാന വിശ്വാസങ്ങൾകൊണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്‌ മോഡിക്ക്‌ നന്ദി പറഞ്ഞ്‌ ഗോതബായ പ്രതികരിച്ചത്‌. പത്ത്‌ വർഷത്തോളം അമേരിക്കയിൽ സ്ഥിരതാമസക്കാരനായിരുന്ന ഗോതബായയുടെ ഇരട്ട പൗരത്വം പ്രാദേശികതലത്തിൽ വലിയ എതിർപ്പിന്‌ വഴിവച്ചിരുന്നു.  2019 ഏപ്രിൽവരെ ഗോതബായ അമേരിക്കയുടെയും ശ്രീലങ്കയുടെയും ഇരട്ട പൗരത്വം അനുഭവിച്ചിരുന്നു. 

വിക്രമ സിംഗെ രാജി വയ്ക്കണമെന്ന്‌ മഹിന്ദ രജപക്‌സ

ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമ സിംഗെ രാജിവയ്ക്കണമെന്ന്‌  മുൻ പ്രസിഡന്റും പാർലമെന്റ്‌ പ്രതിപക്ഷ നേതാവുമായ  മഹിന്ദ രജപക്‌സ ആവശ്യപ്പെട്ടു. ഇളയ സഹോദരൻ ഗോതബായ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്‌ മഹിന്ദയുടെ പ്രതികരണം.

രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ഒരേ പാർടിക്കാരായാൽ ഭരണം കൂടുതൽ മെച്ചപ്പെടുമെന്ന കാരണം പറഞ്ഞാണ്‌ രാജി ആവശ്യപ്പെട്ടത്‌. എഴുപത്തിനാലാം ജന്മദിനത്തോടനുബന്ധിച്ച്‌ നടത്തിയ ചടങ്ങൾക്കുശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മഹിന്ദ.


പ്രധാന വാർത്തകൾ
 Top