ലാഹോർ
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് (പിടിഐ) നേതാവുമായ ഇമ്രാൻ ഖാനു(70)നേരെ വധശ്രമം. ഇസ്ലാമാബാദിലേക്ക് നടത്തുന്ന ലോങ് മാർച്ച് പഞ്ചാബ് പ്രവിശ്യയിലെ വാസീറാബാദിൽ എത്തിയപ്പോൾ യുവാവ് തുടരെ വെടിവയ്ക്കുകയായിരുന്നു. വലതുകാലിൽ മുട്ടിനു താഴെയായി വെടിയേറ്റ ഇമ്രാനെ ലാഹോറിലെ ആശുപത്രിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന സെനറ്റർ ഫൈസൽ ജാവേദ് ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ഒരു പ്രവർത്തകൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിഐ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.
മാർച്ച് ഗുജ്റൻവാലയിലെ അലവാല ചൗക്കിൽ എത്തിയപ്പോൾ വ്യാഴാഴ്ച വൈകിട്ടായിരുന്നു ആക്രമണം. കണ്ടെയ്നർ ട്രക്കിനു മുകളിൽനിന്ന് അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്ന ഇമ്രാനുനേരെ തൊട്ടുതാഴെ നിന്ന് ആറുതവണ വെടിവച്ചു. ഏതാനും വെടിയുണ്ടകൾ ഇമ്രാന്റെ കാലിൽ തറച്ചെന്നും അദ്ദേഹം അപകടാവസ്ഥ തരണം ചെയ്തതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ഒരു ബുള്ളറ്റ് മാത്രമാണ് ഏറ്റതെന്നും റിപ്പോർട്ടുണ്ട്.
കൊലപാതക ശ്രമമായിരുന്നെന്നും പാർടി പ്രവർത്തകർ അക്രമിയെ കീഴടക്കിയിരുന്നില്ലെങ്കിൽ ഇമ്രാൻ ഉൾപ്പെടെ പിടിഐയുടെ പ്രമുഖ നേതാക്കളെല്ലാം കൊല്ലപ്പെടുമായിരുന്നുവെന്നും വക്താവ് ഫാവദ് ചൗധരി പറഞ്ഞു. ഇമ്രാനെ കൊല്ലാൻതന്നെയാണ് ലക്ഷ്യമിട്ടതെന്നും മറ്റാരുടെയും സഹായം ഉണ്ടായിരുന്നില്ലെന്നും അക്രമിയായ നവേദ് വെളിപ്പെടുത്തിയാതായി പൊലീസ് പറഞ്ഞു.
കാലിൽ കെട്ടോടെ ഇമ്രാനെ ആശുപത്രിയിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. അക്രമിയെ പാർടി പ്രവർത്തകർ കീഴടക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചു. അക്രമിയെന്ന് സംശയിക്കപ്പെടുന്ന മറ്റൊരാളെ പൊലീസ് വധിച്ചതെന്നും റിപ്പോർട്ടുണ്ട്. 2007ൽ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയും പൊതുറാലിക്കിടെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
ലക്ഷ്യം ഇമ്രാൻ
മാത്രമെന്ന് അക്രമി
ഇമ്രാൻ ഖാനെ വധിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും അതിനായി പരമാവധി ശ്രമിച്ചെന്നും അറസ്റ്റിലായ അക്രമി നാവേദ്. ഇയാൾ കുറ്റം സമ്മതിക്കുന്നതായ വീഡിയോ പുറത്തുവന്നു.
‘ഇമ്രാൻ ജനങ്ങള തെറ്റിദ്ധരിപ്പിക്കുകയാണ്. അത് കണ്ടുനിൽക്കാനായില്ല. അദ്ദേഹം ഇസ്ലാമാബാദിലേക്ക് ലോങ് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മറ്റാരെയും അപായപ്പെടുത്തുക ലക്ഷ്യമായിരുന്നില്ല. ഒറ്റയ്ക്കാണ് കൃത്യം ചെയ്തത്. തീവ്രവാദ സംഘടനകളുമായി ബന്ധമില്ല. അമ്മാവന്റെ കടയ്ക്കുമുന്നിൽ ബൈക്ക് നിർത്തിയശേഷം റാലിയിൽ ചേരുകയായിരുന്നു’–- നാവേദ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..