25 May Saturday

മ്യാൻമർ തടവിലടച്ച മാധ്യമപ്രവർത്തകർക്ക‌് പുലിറ്റ‌്സർ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019

ന്യൂയോർക്ക‌് > മ്യാൻമറിൽ രോഹിൻഗ്യൻ വംശജരെ കൂട്ടക്കുരുതി നടത്തിയ വാർത്ത പുറത്തുവിട്ടത്തിന്റെ പേരിൽ ജയിലിലടയ‌്ക്കപ്പെട്ട മാധ്യമപ്രവർത്തകർക്ക‌് പുലിറ്റ‌്സർ സമ്മാനം. റോയിറ്റേഴ‌്സ‌ിലെ വാ ലോൺ, ക്യോ സോ എന്നിവർക്കാണ‌് 2019ലെ മാധ്യമപ്രവർത്തനത്തിനുള്ള പുരസ‌്കാരം. 490 ദിവസമായി ഇവർ ജയിലിലാണ‌്. 2017ൽ അറസ്റ്റിലായ വാ ലോണിനെയും ക്യോ സോയെയും മ്യാൻമർ ഏഴ‌ുവർഷം തടവിന‌് ശിക്ഷിച്ചിരിക്കുകയാണ‌്. മാധ്യമപ്രവർത്തനത്തോട‌് നൂറ‌് ശതമാനം ആത്മാർഥത പുലർത്തുന്ന നിശ്ചയാർഢ്യമുള്ള വാ ലോണിനും ക്യോ സോക്കും പുലിറ്റ‌്സർ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന‌് റോയിറ്റേഴ‌്സ‌് എഡിറ്റർ ഇൻ ചീഫ‌് സ്റ്റീഫൻ ജെ അഡ‌്‌ലർ പറഞ്ഞു.

യമൻ ആഭ്യന്തര കലാപത്തിനിടെ സ‌്ത്രീകൾ ക്രൂര പീഡനത്തിന‌് ഇരയാകുന്നത‌് പുറംലോകത്തെ അറിയിച്ച അയോസിയറ്റഡ‌് പ്രസിലെ മാധ്യമപ്രവർത്തകരായ മാഗി മൈക്കിൾ, മാഡ‌് അൽസിക്രിയ, നരിമാൻ എൽമോഫ‌്ടി എന്നിവർക്കും പുലിറ്റ‌്സർ ലഭിച്ചു. വാർത്താചിത്രവിഭാഗത്തിൽ വാഷിങ‌്ടൺ പോസ്റ്റിലെ ലോറൻസോ തുഗ‌്‌നോലിക്കാണ‌് പുരസ‌്കാരം. സംഗീതവിഭാഗത്തിൽ എലൻ റീഡിന്റെ പ്രിസവും കവിതയിൽ ബി വിത്തിലൂടെ ഫോറസ്റ്റ‌് ഗൻഡറും പുരസ‌്കാരം നേടി. പൊതുസാഹിത്യവിഭാഗത്തിൽ എലീസ ഗ്രിസ‌്‌വേൾഡും (അമിറ്റി ആൻഡ‌് പ്രോസ‌്പരിറ്റി: വൺ ഫാമിലി ആൻഡ‌് ദ ഫ്രാക‌്ചറിങ‌് ഓഫ‌് അമേരിക്ക എന്ന കൃതി) ജീവചരിത്രം/ ആത്മകഥാ വിഭാഗത്തിൽ ജെഫ്രി സി സ്റ്റുവർട്ടും (ദ ന്യൂ നീഗ്രോ: ദ ലൈഫ‌് ഓഫ‌് അലൈൻ ലോക്ക‌്),  ചരിത്രവിഭാഗത്തിൽ ഡേവിഡ‌് ഡബ്ല്യൂ ബ്ലൈറ്റ‌ും (ഫ്രെഡറിക‌് ഡഗ്ലസ‌്: പ്രൊഫറ്റ‌് ഓഫ‌് ഫ്രീഡം) നാടകവിഭാഗത്തിൽ ജാക്കി സിബ്ലിസ‌് ഡ്രുറിയും (ഫെയർവ്യൂ) നോവൽ വിഭാഗത്തിൽ റിച്ചാർഡ‌് പവേഴ‌്സും(ദി ഓവർ സ‌്റ്റോറി) പുലിറ്റ‌്സർ നേടി.  മറ്റ‌് വിവിധ വിഭാഗങ്ങളിലായി ഡാരിൻ ബെല്ല (കാർട്ടൂൺ), ബ്രന്റ‌് സ്റ്റാപ‌്‌ൾസ‌് (മുഖപ്രസംഗം), കാർലോസ‌് ലൊസ‌്ദ (നിരൂപണം), ടോണി മെസഞ്ചർ (തത്സമയ വിവരണം) എന്നിവരും പുരസ‌്കാരം നേടി.


പ്രധാന വാർത്തകൾ
 Top