Deshabhimani

ഹോളിവുഡ് എഴുത്തുകാര്‍ പണിമുടക്കില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 03, 2023, 12:05 AM | 0 min read

ലൊസ് ആഞ്ചലസ്> വേതന പരിഷ്‌ക‌രണമെന്ന ദീര്‍‌ഘകാല ആവശ്യം സ്റ്റുഡിയോ ഭീമന്മാര്‍ തള്ളിയതോടെ ഹോളിവുഡില്‍ 15 വര്‍ഷത്തിനുശേഷം ആദ്യമായി എഴുത്തുകാര്‍ പണിമുടക്കി. സ്റ്റുഡിയോ മുതലാളിമാരുമായുള്ള അവസാന ചര്‍ച്ച അലസിയതോടെ ആയിരക്കണക്കിനു ഹോളിവുഡ് ടിവി, സിനിമാ തിരക്കഥാകൃത്തുക്കളാണ് തിങ്കള്‍ രാത്രിമുതല്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്.

റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്കയിലെ 98 ശതമാനവും (ഒമ്പതിനായിരത്തിലധികം അം​ഗങ്ങള്‍) പണിമുടക്കി. ഇതോടെ അമേരിക്കന്‍ ടെലിവിഷനുകളിലെ രാത്രി വൈകിയുള്ള തത്സമയ ചാറ്റ് ഷോകൾ അടക്കം മുടങ്ങി. വരാനിരിക്കുന്ന സിനിമകളെയും ബാധിക്കും. പ്രക്ഷോഭകര്‍ സ്റ്റുഡിയോകള്‍ക്കു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തും. 2007-ൽ എഴുത്തുകാരുടെ പണിമുടക്ക് 100 ദിവസം നീണ്ടുനിന്നത് ഹോളിവുഡ് ചലച്ചിത്രവ്യവസായത്തിന് 200 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കിയെന്നാണ് കണക്ക്.

വിനോദപരിപാടികളുടെ ഓണ്‍ലൈന്‍ പ്രദര്‍ശനത്തിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ വിഹിതം എഴുത്തുകാര്‍ക്കും കിട്ടണമെന്നതാണ് റൈറ്റേഴ്‌സ് ഗിൽഡിന്റെ പ്രധാന ആവശ്യം. നിര്‍മിതബുദ്ധി സാങ്കേതികവിദ്യ തിരക്കഥാരചനയില്‍ ഒഴിവാക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നു. ഡിസ്നി, പാരമൗണ്ട്, സോണി പിക്‌ചേഴ്‌സ്, യൂണിവേഴ്‌സൽ പിക്‌ചേഴ്‌സ്, വാൾട്ട് ഡിസ്നി, വാർണർ ബ്രദേഴ്‌സ്, നെറ്റ്ഫ്ലിക്സ്‌ അടക്കമുള്ള വമ്പന്മാര്‍ ഈ ആവശ്യങ്ങളെ ശക്തമായി എതിര്‍ക്കുന്നു. ആറാഴ്ച നീണ്ട ചര്‍ച്ചയില്‍ തീരുമാനമാകാതെ വന്നതോടെയാണ് പണിമുടക്ക് ആരംഭിച്ചതെന്ന് റൈറ്റേഴ്‌സ് ഗിൽഡ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home