27 January Monday

അഭിഭാഷകർ സമരത്തിൽ; ഹാഫിസ്‌ സയീദിനെ ഹാജരാക്കാനായില്ല

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019

ലഹോർ >  പാക്‌ ഭീകരസംഘടനയായ ജമാഅത്ത്‌ ഉദ്‌ ദവാ തലവനും 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ്‌ സയീദിനെയും ഒപ്പം കുറ്റം ചുമത്തപ്പെട്ട മൂന്ന്‌ സഹായികളെയും വ്യാഴാഴ്‌ച പാകിസ്ഥാൻ കോടതിയിൽ ഹാരജാക്കാനായില്ല. ഭീകപ്രവർത്തനങ്ങൾക്ക്‌ ധനസഹായം നൽകിയെന്ന കേസിൽ സയീദിനും കൂട്ടാളികളായ ഹാഫിസ്‌ അബ്ദുൽ സലാം ബിൻ മുഹമ്മദ്‌, മുഹമ്മദ്‌ അഷ്‌റഫ്‌, സഫർ ഇഖ്‌ബാൽ എന്നിവർക്കുമെതിരെ  ബുധനാഴ്‌ച ഭീകരവിരുദ്ധ കോടതി കുറ്റം ചുമത്തിയിരുന്നു.

വ്യാഴാഴ്‌ച ഇവരെയും സാക്ഷികളെയും ഹാജരാക്കാൻ നിർദേശിച്ചിരുന്നെങ്കിലും പാകിസ്ഥാനിൽ അഭിഭാഷകർ സമരത്തിലായതിനാൽ സാധിച്ചില്ല. ലാഹോറിലെ ഹൃദ്‌രോഗാശുപത്രിയിൽ ബുധനാഴ്‌ച അക്രമം നടത്തി അഴിഞ്ഞാടിയ സംഭവത്തിൽ ചിലഅഭിഭാഷകരെ അറസ്റ്റ്‌ ചെയ്‌തതിൽ പ്രതിഷേധിച്ചാണ്‌ സഹപ്രവർത്തകർ കോടതി ബഹിഷ്‌കരിച്ചത്‌. സ്‌ത്രീകളടക്കം 50 അഭിഭാഷകർ അറസ്‌റ്റിലായിട്ടുണ്ട്‌. ഇവരുടെ അതിക്രമം ഗുരുതരാവസ്ഥയിലായിരുന്ന അഞ്ച്‌ രോഗികൾ മരിക്കാൻ ഇടയാക്കിയിരുന്നു.

ഹാഫിസ്‌ സയീദും പ്രതിയായ കേസിൽ വാദം കേൾക്കൽ ജഡ്‌ജി വെള്ളിയാഴ്‌ചത്തേക്ക്‌ മാറ്റിവച്ചെങ്കിലും ഇന്നും നടക്കാനിടയില്ലെന്നാണ്‌ റിപ്പോർട്ട്‌. ഇതിനിടെ സയീദിനും കൂട്ടാളികൾക്കുമെതിരെ കുറ്റം ചുമത്തിയതിനെ സ്വാഗതംചെയ്‌ത അമേരിക്ക അന്താരാഷ്ട്ര ഉറപ്പുകൾക്കനുസരിച്ച്‌ പാകിസ്ഥാൻ ഇൗ കേസിൽ പൂർണ പ്രോസിക്യൂഷനും വേഗത്തിൽ വിചാരണയും നടത്തണമെന്ന്‌ ആവശ്യപ്പെട്ടു.
ഇതേസമയം ഹാഫിസ്‌ സയീദിനും ദവായുടെ മറ്റ്‌ 67 നേതാക്കൾക്കും എതിരെയുള്ള 23 എഫ്‌ഐആറുകൾ റദ്ദാക്കണമെന്ന ഹർജി ലഹോർ ഹൈക്കോടതി തീർപ്പാക്കി. ഓരോ എഫ്‌ഐആറിനും ഇവർക്ക്‌ വെവ്വേറെ ഹർജികൾ സമർപ്പിക്കാവുന്നതാണെന്ന്‌ രണ്ടംഗബെഞ്ച്‌ പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top