22 June Tuesday

ഫ്ലോയിഡ്‌ വധം: പൊലീസുകാരൻ 
കുറ്റക്കാരനെന്ന്‌ ഗ്രാൻഡ്‌ ജൂറി

വെബ് ഡെസ്‌ക്‌Updated: Thursday Apr 22, 2021


വാഷിങ്‌ടൺ
കറുത്ത വംശജൻ ജോർജ്‌ ഫ്ലോയിഡിനെ കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസം മുട്ടിച്ചുകൊന്ന കേസിൽ മുൻ മിനപോളിസ്‌ പൊലീസുകാരൻ ഡെറിക്‌ ഷോവിൻ കുറ്റക്കാരനെന്ന്‌ കോടതി കണ്ടെത്തി. 12 പേരടങ്ങിയ ഗ്രാൻഡ്‌ ജൂറിയാണ്‌ കേസ്‌ പരിഗണിച്ചത്‌. നരഹത്യ ഉൾപ്പെടെ മൂന്ന്‌ കുറ്റങ്ങളാണ്‌ തെളിഞ്ഞത്‌. 40 വർഷംവരെ തടവ്‌ ലഭിക്കാവുന്നതാണ്‌ ഇവ. ശിക്ഷ എട്ടാഴ്ചയ്‌ക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന്‌ ജഡ്‌ജി പീറ്റർ കാഹിൽ പറഞ്ഞു.

ഫ്ലോയിഡിന്റെ കുടുംബത്തിന്‌ മാത്രമല്ല, രാജ്യത്തിനും ലോകത്തിനാകെയും പ്രതീക്ഷ നൽകുന്ന വിധിയെന്ന്‌ കുടുംബത്തിന്റെ അഭിഭാഷകൻ ബെൻ ക്രംപ്‌ പറഞ്ഞു. ‘നമുക്ക്‌ ഇവിടെയും ഒന്നും അവസാനിപ്പിക്കാനാകില്ല. ഇതുപോലുള്ള ദുരന്തങ്ങൾ ഒരിക്കലും ആവർത്തിക്കില്ലെന്ന്‌ ഉറപ്പാക്കണം. കറുത്ത വംശജർക്കും ന്യൂനപക്ഷങ്ങൾക്കും ഭീതി കൂടാതെ ജീവിക്കാവുന്ന സാഹചര്യം ഉറപ്പാക്കണം’–- വിധി കേട്ടശേഷം പ്രസിഡന്റ്‌ ജോ ബൈഡൻ പ്രതികരിച്ചു. സംവിധാനത്തിന്റെ പിന്തുണയോടെയുള്ള വംശീയത രാജ്യത്തിന്റെ ആത്മാവിനേറ്റ കളങ്കമാണെന്ന്‌ അദ്ദേഹം മുമ്പ്‌ പറഞ്ഞിരുന്നു. അമേരിക്കയ്‌ക്കാകെ ആശ്വാസം പകർന്ന വിധിയെന്ന്‌ വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസ്‌ പ്രതികരിച്ചു. ഇരുവരും ഫ്ലോയിഡിന്റെ കുടുംബാംഗങ്ങളോടും സംസാരിച്ചു.

2020 മെയ്‌ 25നായിരുന്നു‌ ലോകത്തെ നടുക്കി ജോർജ്‌ ഫ്ലോയിഡ്‌ കൊലപാതകം. ഒമ്പത്‌ മിനിറ്റോളമാണ്‌ ഷോവിൻ ഫ്ലോയിഡിന്റെ കഴുത്തിൽ മുട്ടുവച്ച്‌ ഞെരിച്ചത്‌‌. ‘എനിക്ക്‌ ശ്വസിക്കാനാകുന്നില്ല’ എന്ന്‌ ആവർത്തിച്ച്‌ പറഞ്ഞുള്ള‌ നാൽപ്പത്താറുകാരന്റെ മരണം അമേരിക്കൻ പൊലീസിന്റെ വംശീയ മുഖം തുറന്നുകാട്ടി. വിധി കേൾക്കാൻ വലിയ ആൾക്കൂട്ടമാണ്‌ കോടതി പരിസരത്ത്‌ ഉണ്ടായിരുന്നത്‌. 2014ൽ ന്യൂയോർക്ക്‌ പൊലീസ്‌ കൊന്ന കറുത്ത വംശജൻ എറിക്‌ ഗാർണറിന്റെ അമ്മ ഗ്വെൻ കാർ ഉൾപ്പെടെയുള്ളവർ വിധിയെ സ്വാഗതം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top