14 July Tuesday

അമേരിക്ക ശാന്തമാകുന്നു ; ട്രംപ്‌ പള്ളി സന്ദർശിച്ചതിനെതിരെ പ്രതിരോധ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020


വാഷിങ്‌ടൺ/ഹൂസ്റ്റൺ
കറുത്തവംശക്കാരൻ ജോർജ്‌ ഫ്ലോയിഡിന്റെ കൊലപാതകത്തിനെതിരെ ഉയർന്ന ജനരോഷത്തിൽ വൻ നാശമുണ്ടായ അമേരിക്ക ശാന്തമാകുന്നു. എന്നാൽ, പ്രതിഷേധം അടിച്ചമർത്താൻ പട്ടാളത്തെ ഇറക്കുമെന്ന പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ പ്രഖ്യാപനം റിപ്പബ്ലിക്കന്മാരടക്കമുള്ള ഗവർണർമാരും മേയർമാരും തള്ളി. ബിസിനസ്‌ സ്ഥാപനങ്ങൾക്ക്‌ ഏറ്റവും വലിയ നാശമുണ്ടായ ന്യൂയോർക്കിൽ നാഷണൽ ഗാർഡുകളെ വിളിക്കണമെന്ന്‌ ട്രംപ്‌ ചൊവ്വാഴ്‌ചയും ട്വീറ്റ്‌ ചെയ്‌തതെങ്കിലും മേയർ ബിൽ ഡി ബ്ലാസിയോ വകവച്ചില്ല. അതേസമയം, പ്രകോപനമുണ്ടാക്കാൻ ട്രംപ്‌ തിങ്കളാഴ്‌ച വൈറ്റ്‌ ഹൗസിനു സമീപത്തെ പള്ളി സന്ദർശിച്ചതിനെ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന പ്രതിരോധ സെക്രട്ടറി മാർക്‌ എസ്‌പർ വിമർശിച്ചു. പള്ളിയിലേക്കാണ്‌ പോകുന്നതെന്ന്‌ അറിയില്ലായിരുന്നു എന്ന്‌ എസ്‌പർ പറഞ്ഞു.

തുടർച്ചയായ എട്ടാം ദിവസവും അമേരിക്കൻ നഗരങ്ങളിൽ പ്രതിഷേധം അലയടിച്ചു. ഫ്ലോയിഡിന്റെ ജന്മനാടായ ഹൂസ്റ്റണിൽ റാപ്പർമാരായ  ട്രേ താ ട്രൂത്തും ബൺ ബിയും ചേർന്ന്‌ സംഘടിപ്പിച്ച മഹാറാലിയിൽ 60000ൽപരം ആളുകൾ പങ്കെടുത്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട്‌ ചെയ്‌തു. ഫ്ലോയിഡിന്റെ കുടുംബാംഗങ്ങളായ 16 പേരും ഇവിടെ റാലിയിൽ പങ്കെടുത്തു. മാർട്ടിൻ ലൂഥർ കിങ്ങിനൊപ്പം പൗരാവകാശറാലിയിൽ പങ്കെടുത്തിട്ടുള്ള റവ. ബിൽ ലോസൺ ഇവിടെ സംസാരിച്ചു.

റാലിക്കുശേഷം ഫ്ലോയിഡിനെ സ്‌മരിച്ച്‌ അരമിനിറ്റ്‌ ഒരുകാൽ മുട്ടുകുത്തി നിശ്ശബ്ദരായി നിന്നശേഷമാണ്‌ യോഗം ആരംഭിച്ചത്‌. നഗരത്തിലെ പൊലീസ്‌ മേധാവിയുടെ നേതൃത്വത്തിൽ പൊലീസ്‌ ഉദ്യോഗസ്ഥരും ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ ഇവർക്കൊപ്പം ചേർന്നു. ലേക്‌വുഡ്‌ പള്ളിയിലെ പാസ്റ്റർ ജോയൽ ഒസ്റ്റീൻ പ്രാർഥന നയിച്ചു. ഹൂസ്റ്റൺ മേയർ, അവിടെനിന്നുള്ള യുഎസ്‌ കോൺഗ്രസ്‌ അംഗം തുടങ്ങിയ രാഷ്‌ട്രീയ പ്രമുഖരും പങ്കെടുത്തു.

പട്ടാളത്തെ ഇറക്കുമെന്ന ട്രംപിന്റെ ഭീഷണി അപകടകരമെന്ന്‌ ന്യൂയോർക്ക്‌ മേയർ പറഞ്ഞു. വാഷിങ്‌ടൺ ഡിസി, ലൊസ്‌ ആഞ്ചലസ്‌, മിനെസോട്ട, മയാമി, സെന്റ്‌പോൾ, ബോസ്റ്റൺ, ഷിക്കാഗോ, സൗത്ത്‌ കാരലൈന, കൊളംബിയ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധം തുടരുകയാണ്‌. രാജ്യത്താകെ 9000ൽപരം ആളുകളെയാണ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുള്ളത്‌. 28 സംസ്ഥാനങ്ങളിലും വാഷിങ്‌ടൺ ഡിസിയിലുമായി 20000ൽപരം നാഷണൽ ഗാർഡുമാരെ വിന്യസിച്ചിട്ടുണ്ട്‌.

വംശീയവെറി അറിയാന്‍ ‘ജസ്റ്റ് മേഴ്‌സി’ ടിക്കറ്റ്‌
ലൊസ് ആഞ്ചലസ്
വംശീയവെറിക്കെതിരായ സിനിമ സൗജന്യമായി പ്രദര്‍ശിപ്പിച്ച് പ്രമുഖ ഹോളിവുഡ് ചലച്ചിത്രനിര്‍മാണ കമ്പനി വാര്‍ണര്‍ ബ്രദേഴ്‌സ്. ജസ്റ്റ് മേഴ്‌സി എന്ന ചിത്രമാണ് ഡിജിറ്റല്‍ സങ്കേതങ്ങള്‍വഴി സൗജന്യമായി പ്രദര്‍ശിപ്പിക്കുന്നത്. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട കറുത്തവംശജന്‍ അഭിഭാഷകനൊപ്പം ചേര്‍ന്ന് അമേരിക്കന്‍ നിയമവ്യവസ്ഥയുടെ കാപട്യത്തിനെതിരെ നടത്തിയ പോരാട്ടമാണ് പ്രമേയം.

ഐസിസിയും താരങ്ങളും പ്രതികരിക്കണം: സമി
കിംഗ്‌സ്റ്റൺ
വെസ്റ്റിൻഡീസിനെ 2016ലെ ട്വന്റി ട്വന്റി ലോകകപ്പിൽ വിജയത്തിലേക്ക്‌ നയിച്ച ഡാരൻ സമിയും അമേരിക്കയിലെ വംശീയ കൊലപാതകത്തിനെതിരെ രംഗത്തുവന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ കൗൺസിലും താരങ്ങളും വംശീയതയ്‌ക്കെതിരെ ശബ്ദമുയർത്തണമെന്നും അല്ലെങ്കിൽ അവരും പ്രശ്‌നത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുമെന്നും സമി പറഞ്ഞു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top