15 July Wednesday

വംശീയ കൊലപാതകം : യുഎസിൽ പ്രതിഷേധം പടരുന്നു; പൊലീസ്‌ സ്‌റ്റേഷൻ കത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020


മിനിയാപൊളിസ്‌
അമേരിക്കയിൽ വെള്ളക്കാരനായ പൊലീസുകാരൻ നിരപരാധിയായ കറുത്ത വംശക്കാരനെ കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസംമുട്ടിച്ച്‌ കൊന്ന സംഭവത്തിൽ പ്രതിഷേധം പടരുന്നു. തുടർച്ചയായ മൂന്നാം രാത്രി, വ്യാഴാഴ്‌ചയും നിരവധി കടകൾ കൊള്ളയടിക്കപ്പെട്ടു. മിനിയാപൊളിസിലെ മൂന്നാം പ്രെസിൻക്ട്‌ പൊലീസ്‌ സ്‌റ്റേഷൻ ജനക്കൂട്ടം കത്തിച്ചു. പ്രതിഷേധം തീവ്രമാകുന്നതുകണ്ട്‌ ഇവിടത്തെ പൊലീസുകാരെ ഒഴിപ്പിച്ചിരുന്നു. ചിലയിടങ്ങളിൽ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. മിനിയാപൊളിസിൽ ലൈറ്റ്‌ റെയിൽ സർവീസും ബസ്‌ സർവീസും ഞായറാഴ്‌ചവരെ നിർത്തിവച്ചു.

നാൽപ്പത്താറുകാരനായ ജോർജ്‌ ഫ്ലോയ്‌ഡ്‌ തിങ്കളാഴ്‌ച രാത്രി പൊലീസ്‌ അതിക്രമത്തിൽ കൊല്ലപ്പെട്ട മിനെസോട്ടയിലെ മിനിയാപൊളീസ്‌ നഗരത്തിനു പുറത്തേക്കും അക്രമം വ്യാപിച്ചു. മിനിയാപൊളീസിൽ ബുധനാഴ്‌ച രാത്രി ഒരാൾ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധം റിപ്പോർട്ട്‌ ചെയ്‌ത സിഎൻഎൻ ചാനലിന്റെ റിപ്പോർട്ടറെയും ക്യാമറാമാനെയും പ്രൊഡ്യൂസറെയും വ്യാഴാഴ്‌ച കസ്റ്റഡിയിലെടുത്ത്‌ വിലങ്ങുവച്ച പൊലീസ്‌ വെള്ളിയാഴ്‌ച രാവിലെയാണ്‌ വിട്ടയച്ചത്‌. ഇതിനിടെ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പ്രതിഷേധക്കാരെ വെടിവയ്‌ക്കാൻ ആഹ്വാനം ചെയ്യുന്ന തരത്തിൽ പ്രകോപനപരമായി ട്വീറ്റ്‌ ചെയ്‌തത്‌ വിമർശത്തിന് ഇടയാക്കി.

ജോർജിയ സംസ്ഥാനത്ത്‌ കറുത്തവംശക്കാരനായ അഹ്‌മൗദ്‌ ആർബെറിയെ (25) വ്യായാമ ഓട്ടത്തിനിടെ വെള്ളക്കാരനായ മുൻ പൊലീസുകാരനും മകനും ചേർന്ന്‌ വെടിവച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധം അടങ്ങുംമുമ്പേയാണ്‌ തിങ്കളാഴ്‌ച ഫ്ലോയ്‌ഡ്‌ കസ്റ്റഡിയിൽ തെരുവിൽ കൊല്ലപ്പെട്ടത്‌. ഫെബ്രുവരി 23ന്‌ കൊല്ലപ്പെട്ട ആർബെറിയുടെ ഘാതകരെ സംഭവത്തിന്റെ വീഡിയോ പുറത്തായതിനെത്തുടർന്ന്‌ രണ്ടാഴ്‌ചമുമ്പാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

പലചരക്കുകടയിൽ ഒരാൾ കള്ളനോട്ട്‌ നൽകി സാധനം വാങ്ങിയെന്ന പരാതിയിൽ ആളുമാറിയാണ്‌ പൊലീസ്‌ ഫ്ലോയ്‌ഡിനെ കസ്റ്റഡിയിൽ എടുത്ത്‌ വിലങ്ങണിയിച്ചത്‌. ചെറുത്തപ്പോൾ നിലത്തുവീഴ്‌ത്തി ഡെറിക്‌ ഷോവിൻ എന്ന പൊലീസുകാരൻ കഴുത്തിൽ കാൽമുട്ടമർത്തുകയായിരുന്നു. ഷോവിനെയും സംഭവത്തിൽ ഉൾപ്പെട്ട മറ്റ്‌ മൂന്ന്‌ പൊലീസുകാരെയും പിരിച്ചുവിട്ടു. അമേരിക്കയിൽ കറുത്തവനായി ജീവിക്കുന്നത്‌ വധശിക്ഷയായി മാറിയിട്ടുണ്ടെന്ന്‌ വെള്ളക്കാരനായ മിനിയാപൊളീസ്‌ മേയർ ജേക്കബ്‌ ഫ്രേ പറഞ്ഞു. 2006ൽ വെയ്‌ൻ റെയിസ്‌ എന്ന കറുത്തവംശക്കാരനെ വെടിവച്ചുകൊന്ന സംഭവത്തിലും ഉൾപ്പെട്ടയാളാണ്‌ ഷോവിൻ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top