11 July Saturday

നാളെ മുതൽ ദുബായിയിൽ വ്യാപാര പ്രവർത്തനങ്ങൾ പുനരാരംഭിക്കും;ഹോട്ടലുകളും ബീച്ചുകളും തുറക്കും

കെ എല്‍ ഗോപിUpdated: Tuesday May 26, 2020

 
ദുബായ്> മെയ് 27 മുതൽ ദുബായിൽ വാണിജ്യ-വ്യാപാര പ്രവർത്തനങ്ങൾ പടിപടിയായി പുനരാരംഭിക്കുമെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം അറിയിച്ചു. ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വാണിജ്യ വ്യാപാര പ്രവർത്തനങ്ങൾ പടിപടിയായി സാധാരണ നിലയിലേക്ക് കൊണ്ടുവരാനാണ് ആലോചിക്കുന്നത്. നിലവിലെ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി മെയ് 27 മുതൽ രാവിലെ 6 മണി മുതൽ രാത്രി 11 വരെ കട കമ്പോളങ്ങൾ തുറന്നു പ്രവർത്തിക്കും. ദുബായ് ക്രൈസിസ്  ആൻഡ് ഡിസാസ്റ്റർ  മാനേജ്മെന്റിന്റെ വെർച്വൽ യോഗം ചേർന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്. യോഗത്തിൽ ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും, കമ്മറ്റി ചെയർമാൻ ഹിസ് ഹൈനസ് ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും സന്നിഹിതരായിരുന്നു.

കോവിഡ്-19 ന്റെ സാഹചര്യം പൊതുവായി വിലയിരുത്തിയും,  ആരോഗ്യ,സാമൂഹ്യ, സാമ്പത്തിക രംഗത്തുള്ള വിവിധ കമ്മിറ്റികളുടെ നിർദേശങ്ങൾ കണക്കിലെടുത്തുമാണ്  ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത് എന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഒട്ടും വിട്ടുവീഴ്ചയില്ലാതെ നിലവിലെ സാഹചര്യത്തെ മറികടക്കുന്നതിന് ആത്മവിശ്വാസവും, അർപ്പണബോധവും, കരുതലും കൈമുതലാക്കി മുന്നോട്ടു കുതിക്കാൻ രാജ്യത്തിന് കഴിയുമെന്ന പ്രതീക്ഷയാണ് കമ്മറ്റി മുന്നോട്ടുവെച്ചത് എന്നും അദ്ദേഹം അറിയിച്ചു.

ടൂറിസം രംഗം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് വേണ്ടി ദുബായ് ടൂറിസത്തിന്റെ യോഗവും നടന്നു. ജുമൈറ, ഇമാർ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ്, മാരിയറ്റ് ഇൻറർനാഷണൽ, മില്ലെനിയം ഗ്രൂപ്പ്, അക്കോർ, ജെ എ റിസോട്സ് ആൻഡ് ഹോട്ടൽസ്, കെർശ്നർ ഇൻറർനാഷണൽ, അൽഹബ്തൂർ, അൽ വാസൽ, റൊട്ടാന ഗ്രൂപ്പ്, എമിറേറ്റ്സ് എയർലൈൻസ്,  ഫ്ലൈ ദുബായ്, ദുബായ് ഇൻറർനാഷണൽ എയർപോർട്ട് എന്നിവരുടെ പ്രതിനിധികളും ഈ യോഗത്തിൽ പങ്കെടുത്തു..

രാജ്യത്തെ ടൂറിസം മേഖലക്ക് പുതുജീവൻ നൽകുന്നതിന്റെ ഭാഗമായി ഹോട്ടലുകൾ, ജിമ്മുകൾ, ബീച്ചുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവയെല്ലാം ഷൈഖിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് പ്രവർത്തിക്കും. സാമൂഹിക അകലം പാലിച്ചു കൊണ്ട് സിനിമാശാലകളും വരും ദിവസങ്ങളിൽ തുറക്കും. മഹാമാരിയെ അതിജീവിക്കാൻ ഓരോരുത്തരും ഉത്തരവാദിത്ത്വത്തോടെ പ്രവർത്തിക്കുക എന്ന ഭരണാധികാരിയുടെ നിർദ്ദേശം പാലിച്ചു കൊണ്ട്  രാജ്യത്തെ ചലനാത്മകമാക്കാനുള്ള ക്രിയാത്മകമായ ചർച്ചയാണ് എല്ലാ മേഖലയിലും ഇപ്പോൾ നടക്കുന്നത്.

അബുദാബിയിൽ കൊറോണ വ്യാപനത്തെ തുടർന്ന് നേരത്തെ അടച്ചിട്ടിരുന്ന ഹോട്ടലുകൾ,  ബീച്ചുകൾ , ബാറുകൾ,  റസ്റ്റോറന്റുകൾ,  ജിംനേഷ്യം, സ്വിമ്മിംഗ് പൂൾ എന്നിവയെല്ലാം തുറന്നു പ്രവർത്തിപ്പിക്കുന്നതിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അബുദാബി കൾച്ചർ ആൻഡ് ടൂറിസം ഡിപ്പാർട്ട്മെൻറ് പുറത്തിറക്കി. എന്നു മുതൽ തുറന്നു പ്രവർത്തിക്കുമെന്നത് മാർഗ്ഗരേഖ പറയുന്നില്ല എങ്കിലും ഡിപ്പാർട്ട്മെൻറ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നവർക്ക് മാത്രമേ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കുകയുള്ളൂ.. ജനങ്ങളുടെ ആരോഗ്യവും സുരക്ഷിതത്വവും മുൻനിർത്തി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്ന വിധത്തിലുള്ള മാനദണ്ഡങ്ങളാണ് മാർഗരേഖയിൽ നിർദ്ദേശിക്കുന്നത് .


പ്രധാന വാർത്തകൾ
 Top