04 July Saturday

നടപടി കടുപ്പിച്ച് ഗള്‍ഫ്; ബഹ്‌റൈനും യുഎഇയും മാളുകള്‍ അടക്കും; രണ്ടു രാജ്യങ്ങളില്‍ രാത്രി കാല കര്‍ഫ്യൂ

അനസ് യാസിന്‍Updated: Tuesday Mar 24, 2020

മനാമ> കൊറോണ വൈറസ് വ്യാപനം തടയാനായി ഗള്‍ഫ് രാജ്യങ്ങള്‍ നടപടി കടുപ്പിച്ചു. എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടാന്‍.യുഎഇയും ബഹ്റൈനും തീരുമാനിച്ചു. ബഹ്‌റൈനില്‍ പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍ അധികം ഒരുമിച്ച് കൂടുന്നത് വിലക്കി

കുവൈത്തിനു പിന്നാലെ സൗദിയും രാത്രി കാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രണ്ടാഴ്ചത്തേക്ക് യാത്രാ വിമാന സര്‍വീസ് നിര്‍ത്തിവെക്കാന്‍ യുഎഇ തീരുമാനിച്ചു. ഏതൊരു അത്യാഹിത ഘട്ടത്തെയും നേരിടാന്‍ ബദല്‍ സംവിധാനങ്ങള്‍ സജ്ജമാണെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അറിയിച്ചു.

ബഹ്റൈനില്‍ മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ ഒമ്പത് വരെയാണ് വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടുക. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, കോള്‍ഡ് സ്റ്റോര്‍, ബേക്കറി, ഫാര്‍മസില്‍ ബാങ്ക്, ഓഫീസുകള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. വിലക്ക് ലംഘിച്ച് അഞ്ചു പേരില്‍ കൂടുതല്‍ ഒരുമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലിസ് അറിയിച്ചു. ആളുകള്‍ പരമാവധി വീട്ടില്‍ തന്നെ കഴിയണമെന്ന് ആരോഗ്യ മന്ത്രി ഫഇഖ ബിന്‍ത് സഈദ് അസ്സാലിഹ് പറഞ്ഞു. റെസ്റ്റോറന്റുകളില്‍ ഹോം ഡെലിവറികള്‍ മാത്രമായി പരിമിതപ്പെടുത്തി. ബഹ്‌റൈനില്‍ പള്ളികള്‍ തിങ്കളാഴ്ച വൈകീട്ട് അടച്ചു.

യുഎഇയില്‍ മാളുകളും മത്സ്യ-മാംസ, പച്ചക്കറി മാര്‍ക്കറ്റുകളുമടക്കം എല്ലാ വാണിജ്യ, വ്യാപാര സ്ഥാപനങ്ങളും 14 ദിവസത്തേക്കാണ് അടച്ചിടുക. ഫാമസികളെയും ഗ്രോസറികളെയും ഇതില്‍നിന്ന് ഒഴിവാക്കി. റെസ്റ്റോറന്റുകളില്‍ ഹോം ഡെലിവറികള്‍ മാത്രമേ പാടുള്ളൂ.

ഒമാനില്‍ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടക്കും. തിങ്കളാഴ്ച നിലവില്‍ വന്ന നിയമപ്രകരം ഭക്ഷ്യോല്‍പന്നങ്ങള്‍, ഗ്രോസറികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസി, ഒപ്റ്റികല്‍ സ്റ്റോര്‍, ഗ്യാസ് സ്റ്റേഷന്‍ എന്നിവക്ക് മാത്രമാണ് ഇളവ്.
സൗദിയില്‍ 21 ദിവസത്തേക്കാണ് ഭരണാധികാരി സല്‍മാന്‍ രാജാവ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച കര്‍ഫ്യൂ നിലവില്‍ വന്നു. രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ കര്‍ഫ്യൂ സമയങ്ങളില്‍ അത്യാവശ്യത്തിനല്ലാതെ പുറത്തുപോകരുതെന്നും നിയമലംഘിച്ചാല്‍ പതിനായിരം റിയാല്‍ പിഴയും 20 ദിവസംവരെ തടവുശിക്ഷയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇതോടെ തെരുവുകള്‍ വിജനമായി. സൂപ്പര്‍മാര്‍ക്കറ്റ്, ഗ്രോസറി, ആശുപത്രി, ജലവിതരണം എന്നിയടക്കം പത്ത് സേവന മേഖലകളെ കര്‍ഫ്യൂവില്‍നിന്ന് ഒഴിവാക്കി.

കുവൈത്തില്‍ ഞായറാഴ്ച ആരംഭിച്ച രാത്രി കാല കര്‍ഫ്യൂ ലംഘിച്ചതിന് 190 പേര്‍ അറസ്റ്റിലായി. കര്‍ഫ്യൂ ലംഘിച്ചാല്‍ മൂന്നുവര്‍ഷം തടവോ പതിനായിരം ദിര്‍ഹം പിഴയോയാണ് ശിക്ഷ.

ഖത്തറില്‍ കടകളില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പൂര്‍ണമായ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ ബീച്ചുകള്‍, പാര്‍ക്കുകള്‍, കോര്‍ണീഷ് തുടങ്ങിയവയെല്ലാം അടച്ചു. മിക്ക വ്യാപാരകേന്ദ്രങ്ങളും അടച്ചിട്ടിരിക്കയാണ്.

രാജ്യത്തേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രാ വിമാന സര്‍വീസും ട്രാന്‍സിസ്റ്റ് യാത്രയും നിര്‍ത്തിവയ്ക്കാനാണ് യുഎഇ തീരുമാനം. വിലക്ക് ബുധനാഴ്ച നിലവില്‍ വരുമെന്നാണ് സൂചന.

ബഹ്‌റൈനില്‍ എല്ലാ നോട്ടുകളും ഇറക്കുമതി ചെയ്ത കറന്‍സികളും അണുവിമുക്തമാക്കും. ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് ഇക്കാര്യം അറിയിച്ച് ധനവിനിമയ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അള്‍ട്രാവയലറ്റ് അണുനശീകരണ രശ്മികള്‍ ഉപയോഗിച്ചോ നോട്ടുകള്‍ 72 മണിക്കൂര്‍ ഐസൊലേഷനില്‍ വെച്ചോ അണുനശീകരണം നടത്താനാണ് നിര്‍ദേശം.
സൗദിയില്‍ സിബിഎസ്ഇ 10,12 ക്ലാസ്സുകളിലെ മാറ്റിവെച്ച പരീക്ഷ പിന്നീട് നടത്തുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഔസാഫ് സൗൗദ് അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top