26 May Tuesday

കൊറോണ: ബഹ്റൈനില്‍ ഒരു മരണം കൂടി; സൗദിയില്‍ കോവിഡ് 500 കടന്നു

അനസ് യാസിന്‍Updated: Monday Mar 23, 2020

മനാമ> ബഹ്റൈനില്‍ കൊറോണവൈറസ് ബാധിച്ച് ചികിത്സയിലായിരന്ന വനിത മരിച്ചു. ഇറാനില്‍ നിന്നും ബഹ്റൈനിലേക്ക് തിരിച്ചുകൊണ്ടുവന്ന 51 കാരിയാണ് മരിച്ചത്. ഇവര്‍ക്ക് വിട്ടുമാറാത്ത രോഗങ്ങളുണ്ടായിരുന്നുവെന്നും മറ്റാരുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചുഇതോടെ രാജ്യത്ത് കോവിഡ് മരണം രണ്ടായി.

മാര്‍ച്ച് 16ന് 65 കാരിയായ സ്വദേശി വനിത കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഗള്‍ഫില്‍ ഇതോടെ കോവിഡ് മരണം നാലായി. കഴിഞ്ഞ ദിവസം രണ്ടുപേര്‍ യുഎഇയില്‍ മരിച്ചിരുന്നു.അതേസമയം, ബഹ്റൈനിലെ കോവഡ് കേസുകള്‍ 183 ആയി. ഇതില്‍ മൂന്നു പേര്‍ അത്യസന്ന നിലയിലാണ്. 149 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

സൗദിയില്‍ പുതുതായി 119 പേര്‍ക്ക  രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗ ബാധിതര്‍ 511 ആയി. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ മക്കയില്‍ നിന്നാണ്. 17 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ജിസിസിയില്‍ ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ ഇപ്പോള്‍ സൗദിയിലാണ്. ഖത്തറാണ് തൊട്ടു പിന്നില്‍. ഖത്തറില്‍ 494 പേര്‍ക്ക് രോഗബാധയുണ്ട്. ഞായറാഴ്ച രാത്രി പുതുതായി 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണിത്.

കുവൈത്തില്‍ 19 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് രോഗ ബാധിതര്‍ 188 ആയി. ഒമാനില്‍ ഞായറാഴ്ച മൂന്നു പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതര്‍ 55 ആയി. 17 പേര്‍ക്ക് രോഗം ഭേദമായി. യുഎഇയില്‍ 153 പേര്‍ക്കാണ് രോഗബാധ. 
അതിനിടെ, ഇറാനില്‍ കോവിഡ് മരണം 1,685 ആയി. 21,638 പേര്‍ക്ക് രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 129 പേര്‍ മരിച്ചു. 1,028 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഈജിപ്തില്‍ ഞായറാഴ്ച നാലു പേര്‍ മരിച്ചു. ഇതോടെ കോവിഡ് മരണം 14 ആയി. പുതുതായി 32 കേസുകള്‍ കണ്ടെത്തിയതോടെ കൊറോണ വൈറസ് ബാധിതര്‍ 327 ആയി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top