28 May Thursday

യുഎഇയില്‍ രണ്ടുമരണം; ബഹ്റൈനില്‍ എട്ട് ഇന്ത്യക്കാര്‍ ചികിത്സയില്‍

അനസ് യാസിന്‍Updated: Saturday Mar 21, 2020

ദുബായ്‌> കൊറോണവൈറസ്  ബാധിച്ച് 78 വയസുള്ള അറബ് പൗരനും 58 വയസുള്ള ഏഷ്യന്‍ സ്വദേശിയും മരിച്ചു.  ഇതോടെ ഗള്‍ഫ് മേഖലയില്‍ കൊറോണ മരണം മൂന്ന് ആയി. ബഹറൈനില്‍ ആയിരുന്നു ആദ്യ മരണം.

ഹൃദ്രോഗം, വൃക്ക രോഗം എന്നിവയടക്കം വിട്ടുമാറാത്ത അസുഖ ബാധിതനായിരുന്നു ഏഷ്യക്കാരന്‍. മരിച്ചവരുടെ കുടുംബങ്ങളെ യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അനുശോചനം അറിയിച്ചു. ഇരു കേസുകളിലും ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിരുന്നതായി മന്ത്രാലയം സ്ഥിരീകരിച്ചു. അധികൃതര്‍ പുറപ്പെടുവിച്ച പെരഒമാറ്റചട്ടങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കാനും സാമൂഹിക അകലം പാലിക്കാനും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

അതിനിടെ, ബഹ്‌റൈനില്‍ കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായി. നേരത്തെ രണ്ട് ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 25നും 35 നും പ്രായമുള്ളവരാണ് അസുഖ ബാധിതരായ ഇന്ത്യക്കാര്‍. ബഹറൈനില്‍ മൊത്തം 172 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ നാലു പേര്‍ അത്യസന്ന നിലയിലാണ്. 125 പേര്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു.

ഖത്തറില്‍ വെള്ളിയാഴ്ച രാത്രി പുതിയ പത്ത് കോവിഡ് ബാധ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ സ്വദേശികളാണ്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 470 ആയി. ഇതില്‍ 440 പേരും പ്രവാസികളാണ്.
സൗദിയില്‍ പുതുതായി 70 പേര്‍ക്ക് കൊറോണ സ്ഥരീകരിച്ചു. ഇതോടെ രാജ്യത്ത കൊറോണ ബാധിതര്‍ 322 ആയി. ഖത്തര്‍ കഴിഞ്ഞാല്‍ ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതര്‍ സൗദിയിലാണ്.

കുവൈത്തിലെ എല്ലാ സര്‍ക്കര്‍, സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുമുള്ള അവധി ആഗസ്ത് മൂന്നുവരെ ദീര്‍ഘിപ്പിച്ചു. കുവൈത്തില്‍ ഒരുമാസം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. സൈന്‍, എസ്ടിസി, തുടങ്ങിയ കമ്പനികളാണ് സൗജന്യ സേവനം പ്രഖ്യാപിച്ചത്. മാര്‍ച്ച് 22 മുതല്‍ ഒരു മാസമാണ് ഇന്റര്‍നെറ്റ് സൗജന്യമായി ലഭിക്കുക. പ്രതിദിനം 5 ജിബി ഇന്റര്‍നെറ്റും  ലോക്കല്‍ കോളും സൗജന്യമായി നല്‍കും.
ഖത്തറില്‍ ഡ്രൈവിങ് സ്‌കൂളുകള്‍ നടത്തുന്ന ഡ്രൈവിങ് പരിശീലനവും ഡ്രൈവിങ് ടെസ്റ്റും ഞായറാഴ്ച്ച മുതല്‍ നിര്‍ത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഖത്തറില്‍ ഗാര്‍ഹിക നിരീക്ഷണം ലംഘിച്ച കേസില്‍ പത്ത് ഖത്തര്‍ സ്വദേശികളെ അറസ്റ്റ് ചെയ്തു. ഇവരെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.

അതിനിടെ, ജിസിസി പൗരന്‍മാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നല്‍കാനുള്ള തീരുമാനം യുഎഇ പിന്‍വലിച്ചു. ശനിയാഴ്ച രാവിലെ മുതല്‍ പ്രവേശനം നല്‍കാനായിരുന്നു നേരത്തെയുള്ള തീരുമാനം. വെള്ളിയാഴ്ച രാത്രിയാണ് ഈ തീരുമാനം റദ്ദാക്കിയത്. കോവിഡില്ലെന്ന് മുന്‍കൂട്ടി പരിശോധിച്ച് സ്ഥിരീകരിക്കുന്ന സംവിധാനം നിലവില്‍ വരുന്നതുവരെ പ്രവേശനം വിലക്കാനാണ് തീരുമാനം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top