26 May Tuesday

കൂടുതല്‍ കരുതല്‍ നടപടികളുമായി ഗള്‍ഫ്; സൗദി യാത്രാവിലക്ക് നാളെ രാത്രി മുതല്‍

അനസ് യാസിന്‍Updated: Friday Mar 13, 2020

മനാമ > പശ്ചിമേഷ്യയില്‍ കൊറോണവൈറസ് വ്യാപിക്കുന്നതിനിടെ കൂടുതല്‍ നിയന്ത്രണങ്ങളുമായി ഗള്‍ഫ് രാജ്യങ്ങള്‍. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് സൗദി ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ശനിയാഴ്ച അര്‍ധരാത്രിയോടെ പ്രാബല്യത്തില്‍ വരുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ എയര്‍ലൈനുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ അറിയിച്ചു. ഇതിനു മുമ്പായി സൗദി പൗരന്മാര്‍ക്കും വിലക്കുള്ള രാജ്യങ്ങളിലെ സൗദി ഇഖാമയുള്ള വിദേശികള്‍ക്കും ജി 20 യോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും സൗദിയിലേക്ക് ബോര്‍ഡിംഗ് പാസ് നല്‍കുമെന്ന് വിമാനകമ്പനികള്‍ അറിയിച്ചു. വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ സൗദി വിമാനങ്ങള്‍ക്കായിവെള്ളിയാഴ്ച വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുന്നതായി വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. സന്ദര്‍ശക വിസയിലുള്ളവരെ കുറിച്ച് സര്‍ക്കുലറില്‍ വിശദീകരിക്കാത്തതിനാല്‍ അവരെ കൊണ്ടുവരാന്‍ വിമാനക്കമ്പനികള്‍ തയ്യാറാകുന്നില്ല.  കരിപ്പൂരില്‍ വെള്ളിയാഴ്ച നിരവധി സന്ദര്‍ശക വിസക്കാരെയും പുതിയ വിസയിലുള്ളവരെയും തിരിച്ചയച്ചു.

കൊറോണ വൈറസിനെതിരായ മുന്‍കരുതല്‍ നടപടിയായി മാര്‍ച്ച് 15 മുതല്‍ എല്ലാ ടൂറിസ്റ്റ് വിസകളും ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ ഒമാന്‍ തീരുമാനിച്ചു. എല്ലാ കായിക പരിപാടികളും നിര്‍ത്തിവെക്കാനും രാജ്യത്തെ തുറമുഖങ്ങളില്‍ ക്രൂയിസ് കപ്പലുകള്‍ക്ക് പ്രവേശനം വിലക്കാനും തീരുമാനിച്ചു. കോടതി നടപടികള്‍ ബന്ധപ്പെട്ടവര്‍ക്ക് മാത്രമായി ചുരുക്കി. ഉപഭോക്താക്കള്‍ക്ക് ഷീഷ നല്‍കുന്നതിനും വിലക്കുണ്ട്. അബുദാബിയിലെ എല്ലാ വിവാഹ പാര്‍ട്ടികളും ഞായറാഴ്ച മുതല്‍ നിരോധിച്ചതായി സാംസ്‌കാരിക, വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു. മാര്‍ച്ച് 15 മുതാല്‍ മാസാവസാനംവരെയാണ് വിലക്ക്.

ദോഹ അബു ഹമൂറിലെ റിലീജിയസ് കോംപ്ലക്സിലെ ക്രിസ്ത്യന്‍ പള്ളികളില്‍ കുര്‍ബാനയും മറ്റ് പ്രാര്‍ഥനാ പരിപാടികളും 22 വരെ റദ്ദാക്കി. റിലീജിയസ് കോംപ്ലക്സിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. പള്ളിയിലേക്കുള്ള പ്രവേശനം പുരോഹിതര്‍, പാസ്റ്റര്‍മാര്‍, ഓഫിസ് ഭാരവാഹികള്‍ എന്നിവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. ഖത്തറിലെ എല്ലാ മുസ്ലിം പള്ളികളുടെ പ്രവര്‍ത്തനങ്ങളും പരിമിതപ്പെടുത്തി. ഓരോ തവണയും പ്രാര്‍ഥന കഴിഞ്ഞ് 15 മിനിറ്റിനുള്ളില്‍ പള്ളി അടയ്ക്കണമെന്ന് ഔഖാഫ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ബാങ്ക് വിളി കഴിഞ്ഞാല്‍  അഞ്ച് മിനിറ്റിനുള്ളില്‍ പ്രാര്‍ഥന ആരംഭിക്കണം. ഈ സമയം ജനാലകള്‍ തുറന്നിട്ട് കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കണം. പനി, ചുമ, ജലദോഷം എന്നിവയുള്ളവര്‍ പള്ളികളിലെ പ്രാര്‍ഥന ഒഴിവാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

സൗദിയില്‍ വിവാഹ ഓഡിറ്റോറിയങ്ങളിലും ഇസ്‌തിറാഹകളിലും ഹാളുകളിലും ഹോട്ടലുകളിലും വിവാഹാഘോഷങ്ങള്‍ അടക്കം എല്ലാവിധ പരിപാടികളും  ആഭ്യന്തര മന്ത്രാലയം വിലക്കി. വിലക്ക് വെള്ളിയാഴ്ച പ്രാബല്യത്തില്‍ വന്നു. മരണാനന്തര അനുശോചന ചടങ്ങുകള്‍ അടക്കം വലിയ തോതില്‍ ആളുകള്‍ പങ്കെടുക്കുന്ന സാമൂഹിക പരിപാടികള്‍ വീടുകളില്‍ നടത്തുന്നതിനെതിരെ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സൗദിയിലും കുവൈത്തിലും സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top