25 May Monday

ദുബായ്‌ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിക്ക് കൊറോണ; സ്‌കൂളുകൾ 1 മാസത്തേക്ക്‌ അടച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 5, 2020

ദുബായ്‌> ദുബായ് ഇന്ത്യന്‍ സ്‌കൂളിലെ 16 വയസ്സുള്ള വിദ്യാര്‍ഥിനിയ്ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇറ്റലി യാത്രകഴിഞ്ഞ്‌ എത്തിയ രക്ഷിതാക്കളില്‍ നിന്നാണ് കുട്ടിക്ക്‌  വൈറസ് ബാധയേറ്റതെന്ന് കരുതുന്നു. ദുബായില്‍ തിരിച്ചെത്തി അഞ്ച് ദിവസത്തിന് ശേഷമാണ് മാതാപിതാക്കളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.
 
വിദ്യാര്‍ത്ഥിനിയുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യനില സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. രോഗികളുമായി ഇടപഴകിയിരുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും തൊഴിലാളികളെയും ദുബായ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നുണ്ട്. കര്‍ശനമായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ ഇന്നു മുതൽ താല്‍ക്കാലികമായി അടച്ചിടാൻ നിര്‍ദേശം നല്‍കി. 

കൊറോണ വൈറസ് പടരുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി മാര്‍ച്ച് എട്ട് ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്ക് യുഎഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു.പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും സ്‌കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

ദുബായ് ഇന്ത്യൻ ഹൈസ്കൂൾ ഗ്രൂപ്പിന് കീഴിലുള്ള എല്ലാ സ്കൂളുകളും വ്യഴാഴ്ച മുതൽ അടച്ചിടുമെന്ന് അധികൃതർ രക്ഷിതാക്കൾക്ക് സന്ദേശമയച്ചു. കൊറോണ വൈറസിനെതിരെയുള്ള സുരക്ഷാ മുൻ നിർത്തിയാണ് സ്കൂളുകൾ അടയ്ക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി .

പരീക്ഷകൾ സംബന്ധിച്ച കാര്യങ്ങൾ രക്ഷിതാക്കൾക്ക് ഇ–മെയിലിലൂടെ അറിയിക്കുമെന്നും ആരോഗ്യസുരക്ഷയാണ് പ്രധാനമെന്നതിനാൽ എല്ലാവരും മുൻകരുതലെടുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.


പ്രധാന വാർത്തകൾ
 Top