01 April Wednesday

കൊറോണ: അമേരിക്കയിൽ നിന്ന്‌ കാര്യമായ സഹായമില്ല‐ചൈന

വെബ് ഡെസ്‌ക്‌Updated: Monday Feb 3, 2020

ബീജിങ്‌ > കൊറോണ വൈറസ്‌ നേരിടുന്നതിൽ അമേരിക്കയിൽ നിന്ന്‌ കാര്യമായ സഹായമില്ലെന്ന്‌ ചൈന തുറന്നടിച്ചു. യാത്രാ വിലക്കുകളും നയതന്ത്രജ്ഞരെ ഒഴിപ്പിക്കലും പോലുള്ള നടപടികളിലൂടെ അമേരിക്ക പരിഭ്രാന്തി പരത്തുകയാണെന്നും ചൈന കുറ്റപ്പെടുത്തി.

ചൈനയിൽ വരുന്ന അമേരിക്കക്കാർ ഒഴികെയുള്ളവർക്ക്‌ യുഎസിൽ 14 ദിവസത്തെ വി‌ലക്ക്‌ ഏർപ്പെടുത്തിയിട്ടുണ്ട്‌. ചൈനയിലെ ഹൂബെയ്‌ പ്രവിശ്യയിൽ നിന്ന്‌ വരുന്ന അമേരിക്കക്കാർക്ക്‌ 14 ദിവസത്തെ നിർബന്ധിത ഏകാന്തവാസവും  മറ്റ്‌ പ്രവിശ്യകളിൽ നിന്ന്‌ വരുന്നവർക്ക്‌ കർക്കശ മുഖപരിശോധന അടക്കമുള്ള നടപടികളും ഏർപ്പെടുത്തി. അര നൂറ്റാണ്ടിനിടെ ആദ്യമായാണ്‌ അമേരിക്കയിൽ നിർബന്ധിത ഏകാന്തവാസം ഏർപ്പെടുത്തുന്നതെന്ന്‌ സിഎൻഎൻ റിപ്പോർട്ട്‌ ചെയ്‌തു.

ലോകാരോഗ്യ സംഘടന യാത്രാ വിലക്ക്‌ നിർദേശിച്ചിട്ടില്ല എന്നിരിക്കെയാണ്‌ അമേരിക്ക ആദ്യം ചൈനയിൽ നിന്നുള്ളവർക്ക്‌ യാത്രാവിലക്ക്‌ പ്രഖ്യാപിച്ചതെന്ന്‌ ചൈനയുടെ വിദേശമന്ത്രാലയ വക്താവ്‌ പറഞ്ഞു. എംബസി ജീവനക്കാരെ ആദ്യം മാറ്റിയതും അമേരിക്കയാണ്‌.

ഇതിനിടെ കൊറോണ വൈറസിനെതിരെ ജി 7 രാജ്യങ്ങൾ കൂട്ടായി ആലോചിക്കുമെന്ന്‌ ജർമനി അറിയിച്ചു. വൈറസ്‌ ബാധിച്ച വിദേശികളെ തിരിച്ചയക്കുമെന്ന്‌ റഷ്യൻ പ്രധാനമന്ത്രി മിഖായിൽ മിഷൂസ്‌തിൻ അറിയിച്ചു. ഫെബ്രുവരി മധ്യത്തിൽ സോച്ചിയിൽ സംഘടിപ്പിക്കാറുള്ള വാർഷിക നിക്ഷേപവേദി മാറ്റിവച്ചതായും മിഷൂസ്‌തിൻ അറിയിച്ചു. ഇതുവരെ 24 രാജ്യങ്ങളിലാണ്‌ കൊറോണ വൈറസ്‌ ബാധിതരുള്ളത്‌.


പ്രധാന വാർത്തകൾ
 Top