22 October Tuesday

ബ്രക്സിറ്റ് കടക്കാന്‍ പാർലമെന്റ് മരവിപ്പിച്ചു: ‌ബ്രിട്ടനില്‍ രോഷം അണപൊട്ടി

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019

ലണ്ടന്‍
പ്രത്യേക കരാറില്ലാതെ യൂറോപ്യന്‍ യൂണിയനില്‍നിന്ന്‌ ബ്രിട്ടനെ വേര്‍പെടുത്തുന്നതിനുള്ള കുറുക്കുവഴിയായി പാർലമെന്റ് സമ്മേളനം മരവിപ്പിച്ച  പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. പാർലമെന്റ് അഞ്ചാഴ്ച നിര്‍ത്തിവയ്ക്കാനുള്ള ശുപാര്‍ശയ്‌ക്ക് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം ലഭിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി.

കണ്‍സർവേറ്റീവ് പാര്‍ടിക്കുള്ളില്‍നിന്നുപോലും ബോറിസ് ജോണ്‍സനെതിരെ പ്രതിഷേധമുയർന്നു. കണ്‍സർവേറ്റീവ്  പാര്‍ടിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ജോര്‍ജ് യങ് രാജിവച്ചു. നിര്‍ണായകഘട്ടത്തില്‍ പാർലമെന്റിനെ അട്ടിമറിക്കുന്ന നീക്കമാണുണ്ടായതെന്ന് രാജിക്കത്തില്‍ അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 14 വരെ സമ്മേളനം നിര്‍ത്തിവച്ചതോടെ കരാറില്ലാതെ ബ്രക്‌സിറ്റ് സാധ്യമാക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തോട് എതിര്‍പ്പുള്ളവര്‍ക്ക് പാര്‍ലമെന്റില്‍ നിലപാട് അറിയിക്കാന്‍ അവസരം ലഭിക്കില്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ ബ്രക്‌സിറ്റ് കരാര്‍ പാസാക്കേണ്ട നിലവരും. ജനാധിപത്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ബോറിസ് ജോണ്‍സൻ നടത്തിയതെന്ന് ലേബര്‍പാര്‍ടി നേതാവ് ജെറേബി കോര്‍ബിന്‍  പറഞ്ഞു.

ബോറിസ് ജോണ്‍സന്റെ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സ്‌കോട്ടിഷ് കോടതി സ്വീകരിച്ചു. പാർലമെന്റ്  മരവിപ്പിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് പെറ്റീഷന്‍ സമിതിയുടെ ഓൺലൈന്‍ പേജില്‍ സമര്‍പ്പിച്ച  പരാതിയില്‍ മണിക്കൂറുകള്‍ക്കകം 14 ലക്ഷം പേര്‍ ഒപ്പിട്ടു. ഒരുലക്ഷത്തിലധികംപേര്‍ ഒപ്പിട്ട ഓൺലൈന്‍ പരാതികള്‍ സഭ ചര്‍ച്ചയ്‌ക്ക് എടുക്കാറുണ്ട്. ഭരണ അട്ടിമറിയാണ് നടക്കുന്നതെന്ന് ആരോപിച്ച് പാർലമെന്റിനുമുന്നില്‍ ആയിരങ്ങള്‍ പങ്കെടുത്ത മാര്‍ച്ചും ധര്‍ണയും അരങ്ങേറി.


പ്രധാന വാർത്തകൾ
 Top