ലണ്ടൻ> പുതുക്കിയ ബ്രെക്സിറ്റ് കരാർ സഭയിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ തെരേസ മേയുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിൽ. കഴിഞ്ഞ തവണത്തേക്കാൾ അനുകൂലിക്കുന്നവരുടെ എണ്ണം വർധിപ്പിക്കാൻ മാത്രമാണ് ഇക്കുറി മേയ്ക്ക് സാധിച്ചത്. ഐറിഷ് പ്രശ്നം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ വടക്കൻ അയർലൻഡിലെ ജനങ്ങൾ ബ്രിട്ടനിൽ നിന്ന് അകലാനുള്ള സാഹചര്യമുണ്ടാകുമെന്നാണ് നയതന്ത്ര വിദഗ്ദ്ധർ വിലയിരുത്തുന്നത്.
ഇനിയെന്ത്?
മാർച്ച് 29നാണ് ഇയുവിൽ നിന്നും ബ്രിട്ടൻ പുറത്തു പോവേണ്ടത്. മേയ്ക്ക് മുൻപിൽ രണ്ട് പോംവഴികളുണ്ട്. കരാറില്ലാതെ ബ്രിട്ടൻ ഇയു വിടുന്നതിന് പാർലമെന്റ് അനുകൂലമാണോ പ്രതികൂലമാണോ എന്ന് കണ്ടെത്തുന്നതാണ് ഒന്ന്. കരാർ വേണമെന്നാണെങ്കിൽ രണ്ടാമത്തെ പോംവഴി സമയം നീട്ടിക്കിട്ടാൻ അഭ്യർഥി ക്കുക എന്നതാണ്. ഇയുവിന്റെ ആർട്ടിക്കിൾ 50 പ്രകാരം ഇതിന് ഭരണഘടനാപരമായ അവകാശം ബ്രിട്ടനുണ്ട്. പക്ഷേ ഇതിന് മറ്റു 27 രാജ്യങ്ങളുടേയും സമ്മതം ആവശ്യമാണ്.ഇതിൽ താമസം വരികയാണെങ്കിൽ പിന്നീട് 2022 ൽ ഇയു കൗൺസിൽ കൂടുമ്പോൾ മാത്രമേ ഉചിതമായ പരിഹാരം കാണാൻ സാധിക്കുകയുള്ളൂ. ഈ പ്രതിസന്ധി മേയ്ക്ക് കടുത്ത വെല്ലുവിളിയാണുയർത്തുന്നത്.
സമയം നീട്ടീക്കിട്ടുക ആണെങ്കിൽ മൂന്നാമതൊരു കരാർ അവതരിപ്പിക്കാൻ മേയ്ക്ക് സമയം ലഭിക്കും. എന്നാൽ ബ്രിട്ടന് ആവശ്യത്തിൽ കൂടുതൽ സമയം കൊടുത്തു കഴിഞ്ഞുവെന്നാണ് ഇയു പ്രതികരിച്ചത്. മെയ് 23, 26 തീയതികളിലാണ് ഇയു കൗൺസിലിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. അഥവാ ബ്രെക്സിറ്റ് വൈകിപ്പിക്കുകയാണെങ്കിൽ പോലും അതിനു മുൻപ് ഇയുവിൽ നിന്നും പുറത്തു പോകാൻ മേ ശ്രമിക്കും. പിന്നീട് മേയുടെ മുൻപിലുള്ള മറ്റൊരു പോംവഴി രണ്ടാമതൊരു ഹിതപരിശോധന നടത്തുക എന്നതാണ്. ഇത് നിർദേശിച്ചത് ലേബർ പാർടി നേതാവ് ജെറമി കോർബിനാണ്.
|
എന്നാൽ ഈ തീരുമാനം പാർലമെന്റ് അംഗീകരിച്ചാലേ നടപ്പിലാക്കാൻ പറ്റൂ. വേറെ മാർഗം പൊതുതെരഞ്ഞെടുപ്പ് നടത്തുക എന്നതാണ്. ജെറമി കോർബിൻ തന്നെയാണീ ആവശ്യം മുന്നോട്ട് വച്ചത്. രാഷ്ട്രീയപരമായ പരിഹാരം കാണാൻ സർക്കാരിനോട് സഹകരിക്കാൻ തയ്യാറാണെന്നും കോർബിൻ അറിയിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..