12 November Tuesday

ബ്രെക്‌സിറ്റ്‌: ജോൺസന്റെ നീക്കം പാളി

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

ലണ്ടൻ >  യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ ബ്രെക്‌സിറ്റ്‌ കരാറിന്‌ അംഗീകാരം നേടാൻ വിളിച്ചുചേർത്ത ചരിത്രപ്രധാനമായ അസാധാരണ പാർലമെന്റ്‌ സമ്മേളനത്തിൽ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസണ്‌ തിരിച്ചടി. ബ്രെക്‌സിറ്റ്‌ വോട്ട്‌ വൈകിപ്പിക്കാൻ നിർദേശിച്ച്‌ ജോൺസന്റെ കൺസർവേറ്റീവ്‌ പാർടിയിലെ അംഗം  ഒലിവർ ലെറ്റ്‌വിൻ അവതരിപ്പിച്ച പ്രമേയം 306നെതിരെ 322 വോട്ടിന്‌ പാർലമെന്റ്‌ പാസാക്കി.

ഇതോടെ മുമ്പ്‌ പാർലമെന്റ്‌ പാസാക്കിയ ബെൻ നിയമമനുസരിച്ച്‌, യൂറോപ്യൻ യൂണിയനിൽനിന്ന്‌ ബ്രിട്ടന്‌ പുറത്തുപോകാനുള്ള ബ്രെക്‌സിറ്റ്‌ സമയപരിധി 31ൽനിന്ന്‌ നീട്ടണമെന്ന്‌ ശനിയാഴ്‌ച തന്നെ ഇയുവിന്‌ എഴുതാൻ ബോറിസ്‌ ജോൺസൺ നിർബന്ധിതനാണ്‌. എന്നാൽ, പാർലമെന്റിന്റെ തീരുമാനം അംഗീകരിക്കാത്ത മട്ടിലാണ്‌ ജോൺസന്റെ പ്രതികരണം.

ബ്രെക്‌സിറ്റ്‌ തയ്യാറെടുപ്പുമായി എങ്ങനെ മുന്നോട്ടുപോകാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ വിശദീകരിക്കണമെന്ന്‌ വോട്ടെടുപ്പിനുശേഷം യൂറോപ്യൻ കമീഷൻ ബ്രിട്ടീഷ്‌ സർക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

നിയമവാഴ്‌ചയ്‌ക്കൊപ്പം നിൽക്കുമെന്ന്‌ വോട്ടെടുപ്പിനു മുമ്പുപറഞ്ഞ ജോൺസൺ പരാജയത്തെ തുടർന്ന്‌ സ്വരം മാറ്റി. ബ്രെക്‌സിറ്റ്‌ സമയപരിധി നീട്ടാൻ ആവശ്യപ്പെടില്ലെന്നും 31നുതന്നെ ബ്രെക്‌സിറ്റ്‌ നടപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ജോൺസൺ പറഞ്ഞു.

31നകം ബ്രെക്‌സിറ്റ്‌ നടപ്പാക്കാനാവശ്യമായ നിയമനിർമാണമില്ലാതെ പുതിയ കരാറിൽ വോട്ട്‌ പാടില്ലെന്നാണ്‌ ലെറ്റ്‌വിൻ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടത്‌. ജോൺസന്റെ പുതിയ കരാർ വൈകിക്കാനുള്ള പ്രമേയം അംഗങ്ങൾ അംഗീകരിച്ചാൽ കരാർ പാസാക്കാനുള്ള പ്രമേയം അടുത്തയാഴ്‌ചത്തേക്ക്‌ മാറ്റുമെന്ന്‌ സർക്കാർ സൂചിപ്പിച്ചിരുന്നു.

ശനിയാഴ്‌ചത്തെ വോട്ട്‌ തന്നെ നിരാശനോ നിസ്സംഗനോ ആക്കുന്നില്ലെന്നും ബ്രെക്‌സിറ്റിന്‌ ആവശ്യമായ നിയമനിർമാണത്തിനുള്ള പ്രമേയം അടുത്തയാഴ്‌ച അവതരിപ്പിക്കുമെന്നും ജോൺസൺ പറഞ്ഞു. തിങ്കളാഴ്‌ച പ്രമേയം അവതരിപ്പിച്ച്‌ ചൊവ്വാഴ്‌ച വോട്ടിനിട്ടേക്കുമെന്നാണ്‌ സൂചന.37 വർഷത്തിനിടെ ആദ്യമായാണ്‌ ശനിയാഴ്‌ച ബ്രിട്ടീഷ്‌ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തത്‌.

ഇതിനിടെ, ബ്രെക്‌സിറ്റിനെ എതിർത്തും പുതിയ ജനഹിത പരിശോധന നടത്തണമെന്ന്‌ ആവശ്യപ്പെട്ടും പതിനായിരക്കണക്കിനാളുകൾ ലണ്ടനിൽ പ്രകടനം നടത്തി. മധ്യ ലണ്ടനിലെ ഹൈഡ്‌ പാർക്കിനു സമീപം ഒത്തുചേർന്ന ജനങ്ങൾ വെസ്‌റ്റ്‌മിൻസ്‌റ്ററിലേക്ക്‌ പ്രകടനം നടത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top