18 October Friday

ആമസോണ്‍ കാട്ടുതീ: ജി7 സഹായം വേണ്ടെന്ന് ബ്രസീല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019

ബ്രസീലിയ
കത്തിയമരുന്ന ആമസോണ്‍ മഴക്കാടുകളെ സംരക്ഷിക്കാന്‍ ജി ഏഴ് രാഷ്ട്രങ്ങള്‍ വാഗ്ദാനംചെയ്ത സഹായം സ്വീകരിക്കില്ലെന്ന് ബ്രസീല്‍. തീയണയ്ക്കാനുള്ള സാങ്കേതിക-ശാസ്ത്രീയ സഹായവും 2.2 കോടി ഡോളറും നല്‍കാമെന്നായിരുന്നു ജി7 രാഷ്ട്രങ്ങള്‍ക്കുവേണ്ടി ഫ്രാന്‍സ് പ്രഖ്യാപിച്ചത്.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോയും തമ്മില്‍ വ്യക്തിപരമായുള്ള തര്‍ക്കമാണ് സഹായവാഗ്‌ദാനം നിഷേധിച്ചതിനു പിന്നിലെന്ന് റിപ്പോര്‍ട്ടുണ്ട്.

മാക്രാണിനേക്കാള്‍ 29 വയസ്സ്‌ കൂടുതലുള്ള ഭാര്യ ബ്രിജിത്തിനെ പരാമര്‍ശിച്ച് ബോല്‍സൊനാരോ നടത്തിയ പരാമര്‍ശമാണ് തര്‍ക്കത്തിനാധാരം. ബ്രസീല്‍ പ്രസിഡന്റ്‌ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ആമസോണിന് സഹായവാഗ്ദാനം പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ മാക്രോണ്‍ തുറന്നടിച്ചിരുന്നു. ആമസോണ്‍ ഫണ്ട് സ്വീകരിക്കണമെങ്കില്‍ തനിക്കെതിരായ പരാമര്‍ശം മാക്രോണ്‍ പിൻവലിക്കണമെന്ന് ബൊല്‍സൊനാരോ പ്രതികരിച്ചു.

നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന നോത്രദാം പള്ളി കത്തിയമര്‍ന്നത് തടയാന്‍ കഴിയാത്ത മാക്രോണ്‍ ആമസോണ്‍ കത്തുന്നതില്‍ ആശങ്കപ്പെടേണ്ടെന്ന് ബ്രസീല്‍ പ്രസിഡന്റിന്റെ വക്താവ് പ്രതികരിച്ചു. ആമസോണ്‍ കാടുകളുടെ നിയന്ത്രണം ഏറ്റെടുക്കാൻ വേണ്ടിയാണ് വിദേശരാഷ്ട്രങ്ങള്‍ സഹായവുമായെത്തുന്നതെന്നും ആരോപിച്ചു. ആമസോണ്‍ കാട്ടുതീ അതീവതീവ്രമായി തുടരുന്നുവെന്ന് ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നു. 44,000 സൈനികര്‍ കാട്ടുതീ അണയ്ക്കാന്‍ രംഗത്തുണ്ടെന്ന് ബ്രസീല്‍ അവകാശപ്പെടുന്നു.


പ്രധാന വാർത്തകൾ
 Top