30 May Saturday

തായ്‌ലൻഡ്‌: 26 പേരെ കൊന്ന സൈനികനെ വധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Feb 10, 2020

ബാങ്കോക്ക്‌
വടക്കുകിഴക്കൻ തായ്‌ലൻഡിൽ 26 പേരെ വെടിവച്ചു കൊന്ന സൈനികനെ കമാൻഡോകൾ വധിച്ചു. ഇയാളുടെ ആക്രമണത്തിൽ 57 പേർക്ക്‌ പരിക്കേറ്റു.  17 മണിക്കൂർ നീണ്ട ഉദ്വേഗത്തിനൊടുവിലാണ് അക്രമിയായ സൈനികന്‍ ജക്രപന്ത് തൊമ്മയെ ഞായറാഴ്‌ച രാവിലെ ഏഴോടെ  വെടിവച്ച് കൊന്നത്. തായ്‌ലൻഡ്‌ ആരോഗ്യമന്ത്രിയാണ്‌ ഇക്കാര്യം അറിയിച്ചത്‌.  ബാങ്കോക്കിൽനിന്ന് 250 കിലോമീറ്റർ അകലെ നഖോൺ രത്ചാസിമയിലാണ് സംഭവം.

ശനിയാഴ്‌ച  ഉച്ചകഴിഞ്ഞ്‌ ആദ്യം സേനാ ബാരക്കിൽ തന്റെ കമാൻഡറേയും മറ്റ് രണ്ടുപേരെയും വെടിവച്ചുകൊന്ന സൈനികൻ അവിടെനിന്ന്‌  ആയുധങ്ങള്‍ തട്ടിയെടുത്തതിനുശേഷം പട്ടണമധ്യത്തിലെ ഷോപ്പിങ്‌ മാളിൽ എത്തി കൂട്ടക്കൊല നടത്തുകയായിരുന്നു. 13 വയസുള്ള ബാലനാണ്‌ കൊല്ലപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ. മാൾ വളഞ്ഞ സൈന്യവും പൊലീസും രാത്രിതന്നെ നൂറുകണക്കിനാളുകളെ ഒഴിപ്പിച്ചെങ്കിലും നിരവധിയാളുകൾ അപ്പോഴും മാളിൽ കുടുങ്ങിയിരുന്നു.

അക്രമിയുടെ അമ്മയെ മാളിലെത്തിച്ച്‌ പൊലീസ്‌ അനുനയത്തിന്‌ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനിടെ അക്രമി വാതക സിലിണ്ടറിലേക്ക് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് തീ പടര്‍ന്നു. വലിയ അപകടം ഉണ്ടാകുന്നതിനുമുമ്പ്‌ അഗ്നിശമനസേന എത്തി തീ നിയന്ത്രണ വിധേയമാക്കി.സാമ്പത്തിക തർക്കമാണ്‌ ആക്രമണത്തിന്‌ കാരണമെന്ന്‌ കരുതുന്നു. അക്രമി ഫെയ്‌സ്‌ബുക്കിലൂടെ തത്സമയം അക്രമദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.   രാത്രി വൈകിയും ആളുകള്‍ മാളില്‍നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top