13 July Monday

വെനസ്വേലയിൽ അട്ടിമറി നടത്തി മഡൂറോയെ അമേരിക്കയിലേക്ക്‌ കൊണ്ടുപോകാൻ ശ്രമിച്ചെന്ന്‌ യുഎസ്‌ പൗരൻ

വെബ് ഡെസ്‌ക്‌Updated: Thursday May 7, 2020

കാരക്കാസ്‌ > വെനസ്വേലയില്‍ നിക്കോളാസ് മഡൂറോയുടെ ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് പിടിയിലായ അമേരിക്കന്‍ പൗരന്റെ വെളിപ്പെടുത്തല്‍. വെനിസ്വേലന്‍ ഔദ്യോഗിക മാധ്യമമാണ് അമേരിക്കന്‍ പൗരന്റെ ഏറ്റുപറച്ചില്‍ സംപ്രേഷണം ചെയ്‌തത്. 13 അമേരിക്കന്‍ പൗരന്മാരെയാണ് കഴിഞ്ഞ ദിവസം വെനസ്വേലയില്‍ അറസ്റ്റ് ചെയ്‌തത്. പിടിയിലായ അമേരിക്കന്‍ പൗരന്മാരെ വിട്ടുകിട്ടുന്നതിന് ഏത് മാര്‍ഗവും സ്വീകരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു

വെനസ്വേലയില്‍ പിടിയിലായ 13 പേരില്‍ ലൂക് ഡെന്‍മാന്‍ എന്ന 34 കാരനാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. കൊളംബിയയിലുള്ള വെനസ്വേലക്കാരെ പരിശീലിപ്പിക്കുന്നതിന് തന്നെ വാടകയ്ക്ക് എടുത്തതാണെന്ന് അദ്ദേഹം പറഞ്ഞു. കാരക്കാസിലെ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് പ്രസിഡന്റ് മഡൂറോയെ അമേരിക്കയിലേക്ക് കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം. 'രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുപ്പിക്കാന്‍ വെനിസ്വേലക്കാരെ സജ്ജരാക്കുകയായിരുന്നു തന്റെ ലക്ഷ്യം' അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ സൈന്യത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ജോര്‍ദാന്‍ ഗോഡ്രിയോ ആണ് തന്നെയും കുടെയുള്ള എയാര്‍ ബെറിയേയും ഇതിനായി ബന്ധപ്പെട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഫ്‌ളോറിഡയില്‍ സില്‍വര്‍ കോര്‍പ് എന്ന സെക്യുരിറ്റി കമ്പനി നടത്തുകയായിരുന്നു ഗോഡ്രിയോ എന്നും അദ്ദേഹം വെളിപ്പെടുത്തി. വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഗോര്‍ഡിയോയെ വിട്ടുകിട്ടാന്‍ ശ്രമിക്കുമെന്ന് വെനസ്വേല പറഞ്ഞു.

വെനസ്വേല പ്രസിഡന്റ് മഡൂറോ പറയുന്നത് രാജ്യത്തെ പ്രതിപക്ഷ നേതാവ് ഗുയൈദിയോ ഗോഡ്രിയോയുമായി കരാറിലെത്തിയതിന്റെ ഭാഗമായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം ഉണ്ടായതെന്നാണ്. അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളും വെനിസ്വേലയുടെ നേതാവായി അംഗീകരിക്കുന്ന രാഷ്ട്രീയക്കാരനാണ് ഗുയെദിയോ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് അട്ടിമറി നടത്താനുള്ള നീക്കത്തിന്റെ പിന്നിലെ പ്രധാനിയെന്നും മധുറോ ആരോപിച്ചു.

അമേരിക്കന്‍ സൈന്യവുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായവര്‍ എന്നാണ് വെനസ്വേല ആരോപിക്കുന്നത്. നേരത്തെ ഇവര്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമായിരുന്നു ഇവരെന്ന് ചില അമേരിക്കന്‍ മാധ്യമങ്ങളും ആരോപിച്ചു. വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് ഗുഅയ്‌ദോയുമായി ബന്ധമുണ്ടെന്ന് ഗോഡ്രിയോ നേരത്തെ അവകാശപ്പെട്ടിരുന്നത് വെനിസ്വേലന്‍ സര്‍ക്കാറിന്റെ ആരോപണങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത ഉണ്ടാക്കിയിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top