29 May Friday

അറേബ്യൻ ഉപദ്വീപിലെ അൽ ഖായ്‌ദ പ്രമുഖനെ കൊന്നതായി യുഎസ്‌

വെബ് ഡെസ്‌ക്‌Updated: Friday Feb 7, 2020

വാഷിങ്‌ടൺ >  അറേബ്യൻ ഉപദ്വീപിലെ അൽ ഖായ്‌ദ(എക്യുഎപി) നേതാവ്‌ ഖാസിം അൽ റിമിയെ യമനിൽ വധിച്ചതായി അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ അറിയിച്ചു. അൽ ഖായ്‌ദയുടെ സ്ഥാപകരിൽ ഒരാളായ റിമിയുടെ തലയ്‌ക്ക്‌ അമേരിക്ക ഒരു കോടി ഡോളർ വിലയിട്ടിരുന്നു. തന്റെ നിർദേശപ്രകാരമാണ്‌ റിമിയെ വധിച്ചതെന്ന്‌ ട്രംപ്‌ പറഞ്ഞു.

ഇയാളെ വധിച്ചതോടെ അമേരിക്കയും അമേരിക്കയുടെ താൽപ്പര്യങ്ങളും സഖ്യശക്തികളും കൂടുതൽ സുരക്ഷിതമായെന്ന്‌ വൈറ്റ്‌ഹൗസിൽ നിന്നിറക്കിയ പ്രസ്‌താവനയിൽ ട്രംപ്‌ അവകാശപ്പെട്ടു. ഇത്തരം സംഘങ്ങൾ അമേരിക്കൻ ദേശീയ സുരക്ഷയ്‌ക്ക്‌ ഉയർത്തുന്ന വെല്ലുവിളികൾ ഇല്ലാതാക്കുന്നതിനോട്‌ കൂടുതൽ അടുത്തതായും ട്രംപ്‌ അവകാശപ്പെട്ടു. റിമിയെ വധിച്ചത്‌ എന്നാണെന്ന്‌ അമേരിക്ക വെളിപ്പെടുത്തിയിട്ടില്ല.

അമേരിക്കയ്‌ക്കകത്തും  ആക്രമണങ്ങൾക്ക്‌ ശ്രമിച്ചിട്ടുള്ളതായി പറയുന്ന എക്യുഎപിയെ  അൽ ഖായ്‌ദ ശാഖകളിൽ ഏറ്റവും അപകടകരമായാണ്‌ കണക്കാക്കിയിരുന്നത്‌. കഴിഞ്ഞ ഡിസംബർ ആറിന്‌ അമേരിക്കയിൽ ഫ്ലോറിഡയിലെ പെൻസ്‌കോളയിൽ യുഎസ്‌ നാവികസേനയുടെ വ്യോമകേന്ദ്രത്തിലെ പരിശീലനകേന്ദ്രത്തിൽ സൗദി അറേബ്യൻ വ്യോമസേനാ ഉദ്യോഗസ്ഥൻ മൂന്ന്‌ അമേരിക്കൻ നാവികരെ കൊന്നതിന്റെ ഉത്തരവാദിത്തം റിമി വീഡിയോ സന്ദേശത്തിൽ ഏറ്റെടുത്തിരുന്നു.
അൽ ഖായ്‌ദ തലവൻ അയ്‌മാൻ അൽ സവാഹിരിയുടെ പിൻഗാമിയാകാൻ ഇടയുള്ള ആളായിരുന്നു റിമി .


പ്രധാന വാർത്തകൾ
 Top