25 August Sunday

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ കളമശ്ശേരി സ്വദേശി ഉൾപ്പെടെ 3 മലയാളികൾ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

കൊച്ചി> ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ കപ്പലിലെ ജീവനക്കാരിൽ മൂന്ന് മലയാളികളും. എറണാകുളം  കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചനും പള്ളുരുത്തി, തൃപ്പൂണിത്തുറ സ്വദേശികളുമാണ് കപ്പലിലുള്ളത്. മറ്റു രണ്ടുപേരുടെ പേര് വിവരങ്ങൾ വ്യക്തമല്ല.

ഇവരിൽ ഒരാൾ കപ്പലിലെ ക്യാപ്റ്റനാണ്. ഒരുമാസം മുമ്പാണ് കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചൻ കപ്പലിൽ ജോലിക്ക് കയറിയത്. ശനിയാഴ്ച വെളുപ്പിനെയാണ് കപ്പൽ ഇറാൻ പിടികൂടിയ വിവരം ഡിജോയുടെ കുടുംബം അറിയുന്നത്. ജോലി ചെയ്തിരുന്ന കമ്പനിയാണ് വിവരം അറിയിച്ചത്. കളമശ്ശേരി കുസാറ്റിനടുത്ത് തേക്കാനത്ത് പാപ്പച്ചൻ- ഡീന ദമ്പതികളുടെ മകനാണ് ഡിജോ. ലണ്ടനിലുള്ള സഹോദരി ദീപയെ ലണ്ടനിലെ കപ്പൽ കമ്പനി ഓഫീസിൽ നിന്നു ബന്ധപ്പെടുന്നുണ്ടെന്ന് കുടുംബം അറിയിച്ചു. മുംബൈയിൽ നിന്നാണ് ഡിജോ കപ്പലിൽ ചേർന്നത്.

വെള്ളിയാഴ്ച ദുബൈയിലെ ഫ്യൂജേറാ തുറമുഖത്തു നിന്ന് സൗദിയിലെ ജുബൈൽ തുറമുഖത്തേക്ക് പോകുകയായിരുന്ന സ്റ്റെനാ ഇംപെറോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍, ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് ഹോര്‍മുസ് കടലിടുക്കില്‍ നിന്നും പിടികൂടിയത്. ജൂൺ 17ന് ഇന്ത്യയിലും കപ്പലെത്തിയിരുന്നു.

അതേസമയം ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top