29 May Monday
ഞായർ വരെ വ്യാപക മഴ

കാലാവസ്ഥാവ്യതിയാനം വില്ലൻ , ഏതുനിമിഷവും മേഘവിസ്‌ഫോടനം ; ഏഴ്‌ ജില്ലകളിൽ 
ഇന്ന്‌ ഓറഞ്ച്‌ അലർട്ട്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 31, 2022


കൊച്ചി
സംസ്ഥാനത്ത്‌ ഞായർ വരെ വ്യാപക മഴ തുടരുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ഇടിമിന്നലോടെ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്‌.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ വ്യാഴാഴ്‌ച ഓറഞ്ച്‌ അലർട്ടും (അതിശക്ത മഴ) മറ്റു ജില്ലകളിൽ മഞ്ഞ അലർട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു.  മലയോരമേഖലകളിൽ ഓറഞ്ച്‌ അലർട്ടിന്‌ സമാന ജാഗ്രത പാലിക്കണം.

മലയോരമേഖലയിലെ രാത്രിസഞ്ചാരം ഒഴിവാക്കണം. തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യത. കടലിൽ മീൻപിടിക്കാൻ പോകരുത്‌.
കനത്തമഴയിൽ റെയിൽപ്പാതയിലുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് ബുധനാഴ്ചയും ട്രെയിനുകൾ വൈകി. മൂന്നുമുതൽ ആറു മണിക്കൂർവരെ വൈകിയാണ്‌ ഓടിയത്‌. കായംകുളത്തുനിന്ന് രാവിലെ 8.50ന് പുറപ്പെടേണ്ട ആലപ്പുഴവഴിയുള്ള എറണാകുളം പാസഞ്ചർ റദ്ദാക്കി. ഏറനാട് എക്സ്പ്രസ്, രപ്തിസാഗർ, ബിലാസ്പുർ സൂപ്പർഫാസ്റ്റ് ട്രെയിനുകൾ വൈകി.

കാലാവസ്ഥാവ്യതിയാനം വില്ലൻ ; ഏതുനിമിഷവും മേഘവിസ്‌ഫോടനം
അതിതീവ്രമഴയ്‌ക്ക്‌ കാരണമാകുന്ന മേഘവിസ്‌ഫോടനം കേരളത്തിൽ വർധിക്കുന്നതായി  ശാസ്‌ത്രജ്ഞർ. 2018നുശേഷമാണ്‌ ഈ പ്രതിഭാസം ആവർത്തിക്കുന്നതായി രേഖപ്പെടുത്തുന്നത്‌. നേരത്തേ തുലാവർഷത്തിൽമാത്രമുണ്ടായിരുന്ന മേഘവിസ്‌ഫോടനം മാർച്ചിനും ഡിസംബറിനും ഇടയിൽ എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്ന അവസ്ഥയാണ്‌. കരയിലും കടലിന്റെ ഉപരിതലത്തിലും ചൂടുകൂടുന്നതും മൺസൂൺ കാറ്റിലുണ്ടാകുന്ന വ്യതിയാനവും  ഇതിന്‌ കാരണമാണെന്നും ശാസ്‌ത്രജ്ഞർ. കൊച്ചി നഗരത്തിൽ ചൊവ്വ രാവിലെയുണ്ടായ തീവ്രമഴയ്‌ക്കുകാരണം ലഘു മേഘവിസ്‌ഫോടനമാണെന്ന്‌ കുസാറ്റ്‌ റഡാർ പഠനകേന്ദ്രം കണ്ടെത്തിയിരുന്നു. 2018, 2019 ലെ മഹാപ്രളയത്തിനും കാരണം മേഘവിസ്‌ഫോടനമായിരുന്നു.

മണിക്കൂറിൽ അഞ്ച്‌ സെന്റീമീറ്ററിൽ കൂടുതൽ മഴ രേഖപ്പെടുത്തിയാൽ ലഘു മേഘവിസ്‌ഫോടനവും പത്തിൽ കൂടുതൽ രേഖപ്പെടുത്തിയാൽ മേഘവിസ്‌ഫോടനവുമാണെന്നാണ്‌ കണക്കാക്കുന്നത്‌. കൊച്ചിയിൽ ചൊവ്വാഴ്‌ച 7.5 സെന്റീമീറ്റർ രേഖപ്പെടുത്തി. കാലാവസ്ഥാവ്യതിയാനത്തെത്തുടർന്ന്‌ കടലിന്റെ ഉപരിതലത്തിലെ ചൂടും കരയിലെ ചൂടും നിയന്ത്രണാതീതമായി കൂടുന്നതായും ഇത്‌ കാറ്റിന്റെ ദിശയിൽ അടിക്കടി മാറ്റം വരുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്‌. ഇതാകാം ഇത്തരം പ്രതിഭാസങ്ങൾ ആവർത്തിക്കാൻ കാരണമെന്ന്‌ പഠനകേന്ദ്രത്തിലെ ശാസ്‌ത്രജ്ഞൻ ഡോ. എം ജി മനോജ്‌ പറഞ്ഞു. ചക്രവാതച്ചുഴികൾ, കടലിലെ ന്യൂനമർദം, മൺസൂൺ കാറ്റ്‌ കുന്നുകളിൽ ഇടിച്ച്‌ മഴമേഘങ്ങൾ ചിതറുന്നത്‌ എന്നിവയിൽ ഏതെങ്കിലുമൊന്നാണ്‌ മേഘവിസ്‌ഫോടനത്തിനു കാരണമാകുന്നത്‌.  വ്യക്തമായ ആകാശം കണ്ട്‌ 45 മിനിറ്റിനുള്ളിൽപ്പോലും തീവ്രമഴ ഉണ്ടാകുന്നത്‌ സാധാരണമാകുകയാണ്‌. പ്രവചനം അസാധ്യമാകുന്നതും ഇതുകൊണ്ടാണ്‌–- ഡോ. മനോജ്‌ പറഞ്ഞു.

ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ രേഖപ്പെടുത്തിയിരുന്ന തീവ്രമഴ ഇപ്പോൾ നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യാപകമാണെന്ന്‌ ദുരന്തനിവാരണ അതോറിറ്റിയിലെ കാലാവസ്ഥ ശാസ്‌ത്രജ്ഞൻ രാജീവൻ എരിക്കുളം പറഞ്ഞു. ഓരോ 15 മിനിറ്റിലും മഴ രേഖപ്പെടുത്തുന്ന  ഓട്ടോമാറ്റിക്‌ വെതർ സ്‌റ്റേഷൻ കൂടുതൽ സ്ഥാപിച്ചതിനാൽ മേഘവിസ്‌ഫോടനംപോലുള്ള പ്രതിഭാസം കൂടുതലായി രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top