29 September Friday

വേറിട്ടുനില്‍ക്കാന്‍ ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡ്

പി ജി എസ്Updated: Sunday Oct 30, 2016

കാറുകള്‍ക്കെല്ലാം ഏതാണ്ട് ഒരേ പ്രവര്‍ത്തനമാണുള്ളത്. എന്നാല്‍  ഏതെങ്കിലുമൊരു കാര്‍ വാങ്ങിയാല്‍ പോരെ? പോരാ, പഴയ ടെലിവിഷന്‍ പരസ്യത്തിലെപ്പോലെ അയല്‍ക്കാരനെ അസൂയപ്പെടുത്തുക എന്നതുതന്നെയാണ് പുതുപുത്തന്‍ കാര്‍ വാങ്ങുമ്പോഴുള്ള ചോതോവികാരം. വാഹനയുടമയുടെ ഈ ആഗ്രഹം കൂടി തൃപ്തിപ്പെടുത്തനാണ്  ഇന്ന് എല്ലാ കാര്‍ കമ്പനികളും ശ്രമിക്കുന്നത്.  ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് ഏറ്റവും പുതിയ മോഡലായ ഹോണ്ട അക്കോര്‍ഡ്  ഹൈബ്രിഡ്  വിപണിയിലിറക്കുമ്പോഴുള്ള കാഴ്ചപ്പാടും വ്യത്യസ്ഥമല്ല.   പരമാവധി 215 പിഎസ് ഔട്ട്പുട്ടും 23.1 കി.മി/ലി. ഇന്ധനക്ഷമതയുമടക്കം മികച്ച നിലവാരവും കരുത്തുറ്റ പ്രകടനവും കാഴ്ചവെച്ചാണ്  ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡ് എത്തുന്നത്.

നൂതന സാങ്കേതികവിദ്യയും  സങ്കീര്‍ണമായ സംവിധാനങ്ങളും ഹൈബ്രിഡ് മോഡല്‍ വിഭാഗത്തിലെ മികച്ച ഇന്ധനക്ഷമതയും സവിശേഷമായ രൂപഭംഗിയും പുതിയ ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡിനെ വേറിട്ടുനിര്‍ത്തുന്നു.
ഇതില്‍ രണ്ട് മോട്ടോര്‍ ഹൈബ്രിഡ് സംവിധാനമാണുള്ളത്. സ്പോര്‍ട്ട് ഹൈബ്രിഡ് ഇന്റലിജന്റ് മള്‍ട്ടി മോഡ് ഡ്രൈവും (ഐ–എംഎംഡി) മികച്ച പ്രവര്‍ത്തനമികവുള്ള 2.0 ലിറ്റര്‍  ഐ–വിടെക്ക് ആറ്റ്കിന്‍സണ്‍ സൈക്ളിക്ക് എന്‍ജിനും. 

അകംമുതല്‍ പുറംവരെയുള്ള ആഡംബര രൂപഭംഗികൂടി ചേരുമ്പോള്‍ സ്വന്തം വ്യക്തിത്വം പ്രതിഫലിക്കുകയും മറ്റുള്ളവരെക്കാള്‍ മുന്നില്‍നില്‍ക്കുകയും ചെയ്യുന്ന കാര്‍ എന്ന ഉടമയുടെ സ്വപ്നം സാക്ഷാല്‍കരിക്കുന്ന വാഹനമാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. സ്പോര്‍ട്ട് ഹൈബ്രിഡ് മള്‍ട്ടി മോഡ് ഡ്രൈവില്‍ (ഐ–എംഎംഡി)ല്‍ രണ്ടു ലിറ്റര്‍, 16 വാല്‍വ്, ആറ്റ്കിന്‍സണ്‍ സൈക്കിള്‍ ഡബിള്‍ ഓവര്‍ഹെഡ് കാംഷാഫ്റ്റ് (ഡിഒഎച്ച്സി) ഐ–വിടെക്ക് നാല് സിലിന്‍ഡര്‍ എന്നിവയോടൊപ്പം രണ്ട് കരുത്തുറ്റ ഇലക്ട്രിക് മോട്ടോറുകളും ഇ–സിവിടി ട്രാന്‍സ്മിഷന്‍, ഹൈപവര്‍ ഔട്ട്പുട്ട് ഡെന്‍സിറ്റിയുള്ള കണ്‍ട്രോള്‍ യൂണിറ്റ്, കോംപാക്ട് ആന്‍ഡ് ലൈറ്റ് 1.3 കിലോവാട്ട്–അവര്‍ ലിഥിയം അയണ്‍ ബാറ്ററി എന്നിവയും  ഇലക്ട്രിക് സെര്‍വോ  ബ്രേക്കുകളും  സവിശേഷതകളാണ്.

ഏതു ഡ്രൈവിങ് സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ വിധത്തിലുള്ള സമര്‍ഥവും സുഗമവുമായ മൂന്ന് ഡ്രൈവിങ് മോഡുകളും കാറിനുണ്ട്. ഇവി ഡ്രൈവ് മോഡില്‍ ലിഥിയം അയണ്‍ ബാറ്ററിയാണുള്ളത്. ഹൈബ്രിഡ് ഡ്രൈവ് മോഡില്‍ ഗ്യാസലിന്‍ എന്‍ജിന്‍ ജനറേറ്റര്‍ മോട്ടറിന് കരുത്തു നല്‍കുകയും അതുവഴിയുള്ള ഡ്രൈവിങ് മോട്ടോര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. എന്‍ജിന്‍ ഡ്രൈവ് മോഡില്‍ എന്‍ജിന്‍ പവര്‍ നേരിട്ട് വീലുകളിലെത്തും.   സ്പോര്‍ട്ടി ഡ്രൈവിനായി സ്പോര്‍ട്ട് ഡ്രൈവ് മോഡും  ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സുരക്ഷയ്ക്കായി തങ്ങളുടെ സ്വന്തം സാങ്കേതികവിദ്യയായ അഡ്വാന്‍സ്ഡ് കംപാറ്റിബിലിറ്റി എന്‍ജിനിയറിങ്ങില്‍ നിര്‍മിച്ചെടുത്ത ബോഡി സ്ട്രക്ചറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. കാല്‍നടയാത്രക്കാരുടെ സുരക്ഷ  ഉറപ്പാക്കുന്നതിന് പെഡസ്ട്രിയന്‍ ഇന്‍ജുറി മിറ്റിഗേഷന്‍ ഡിസൈനാണ് സ്വീകരിച്ചിരിക്കുന്നത്.

 വിവിധ ആംഗിളുകളില്‍ പിന്‍വശദൃശ്യങ്ങള്‍ പകര്‍ത്തുന്ന മള്‍ട്ടി–ആംഗിള്‍ പിന്‍ക്യാമറ വാഹനം റിവേഴ്സ് എടുക്കുമ്പോള്‍ മികച്ച സുരക്ഷ നല്‍കുന്നു. വളവുകളില്‍ മികച്ച രാത്രിക്കാഴ്ച നല്‍കുന്നതിന് ആക്ടീവ് കോര്‍ണറിങ് ലൈറ്റുകളും അക്കോസ്റ്റിക് വെഹിക്കില്‍ അലര്‍ട്ടിങ് സംവിധാനവും  ആന്റി ലോക് ബ്രേക്കിങ് സംവിധാനവും സുരക്ഷ വര്‍ധിപ്പിക്കുന്നു. ആറ് എയര്‍ബാഗുകളാണ് അക്കോര്‍ഡ് ഹൈബ്രിഡിലുള്ളത്. 

 അകത്തു കയറുന്നതിനു മുമ്പു തന്നെ കാറിന്റെ ഉള്‍വശം തണുപ്പിക്കാനുള്ള എന്‍ജിന്‍ റിമോട്ട് സ്റ്റാര്‍ട്ട്, ഏഴ് ഇഞ്ച് അഡ്വാന്‍സ്ഡ് ടച്ച് സ്ക്രീന്‍ ഓഡിയോ സിസ്റ്റത്തില്‍ നാവിഗേഷനും ഇന്റര്‍നെറ്റ് ബ്രൌസിങ് സൌകര്യവുമുണ്ട്. കാറിലെ മറ്റു സംവിധാനങ്ങള്‍ വിരത്തുമ്പില്‍ നിയന്ത്രിക്കാവുന്ന മള്‍ട്ടി ഫംക്ഷന്‍ സ്റ്റിയറിങ് വീല്‍, സൂര്യപ്രകാശത്തിന്റെ ദിശയും ശക്തിയും അനുസരിച്ച് സ്വമേധയാ താപനിലയും എയര്‍ വോളിയവും ക്രമീകരിക്കുന്ന പ്ളാസ്മ ക്ളസ്റ്ററോടുകൂടിയ ഐ–ഡ്യുവല്‍ സോണ്‍ ക്ളൈമറ്റ് കണ്‍ട്രോള്‍ ഹൈബ്രിഡിന്റെ പ്രത്യേകതയാണ്. ഐവറി നിറത്തിലുള്ള പ്ളഷ് ലെഥര്‍ അപ്ഹോള്‍സ്റ്ററി കാറിന് ഉള്‍വശത്തിന് ചാരുതപകരുന്നു. മോഡേണ്‍ സ്റ്റീല്‍ മെറ്റാലിക്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, വൈറ്റ് ഓര്‍ക്കിഡ് പേള്‍, ക്രിസ്റ്റല്‍ ബ്ളാക്ക് പേള്‍ എന്നിങ്ങനെ നാലു നിറങ്ങളില്‍ ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡ് ലഭ്യമാണ്. 37 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top