01 June Thursday

ഡാറ്റ്സണ്‍'റെഡി' ഗോ

സി ജെ ഹരികുമാര്‍Updated: Monday Apr 18, 2016

ഇന്ത്യയിലെ ചെറുകാര്‍  വിപണി അനുദിനം വലുതാകുകയാണ്. 2020 ഓടെ ചെറുകാറുകളുടെ വില്‍പ്പനയില്‍ അമേരിക്കയ്ക്കും, ചൈനയ്ക്കും  പിറകിലായി മൂന്നാം സ്ഥാനത്തായിരിക്കും ഇന്ത്യയുടെ നില. അതിലധികവും ഫാമിലി കാര്‍ എന്ന വിളിപ്പേരുള്ള ചെറുകാറുകളാകുമെന്നാണ് കണക്ക്. വിപണിയില്‍ അടുത്തിടെ പുറത്തിറങ്ങിയ മോഡലുകളോട് ഒരു മത്സരത്തിന് തയ്യാറായി നിസാന്‍ ഡാറ്റ്സണും തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഡാറ്റ്സണ്‍ റെഡി ഗോയുമായി വിപണിപിടിക്കാന്‍ തയ്യാറാകുകയാണ്. ജൂണ്‍ ആദ്യവാരം പുറത്തിറങ്ങുന്ന കാറിന്റെ ബുക്കിങ് മേയ് ഒന്നിന് ആരംഭിക്കും.

കോംപാക്റ്റ് ക്രോസ് ഓവറിന്റെയും അര്‍ബന്‍ ഹാച്ച് ബാക്കിന്റെയും സമന്വയമായാണ് അര്‍ബന്‍ ക്രോസ് ഡാറ്റ്സണ്‍, റെഡി ഗോ എത്തുന്നത്. ഇന്ത്യന്‍ വിപണിയില്‍ ബ്രാന്‍ഡ് മേധാവിത്വത്തോടെ ചുവടുറപ്പിച്ച് രണ്ടുവര്‍ഷത്തിനുള്ളിലാണ് പുതിയ വിഭാഗത്തിലുള്ള കാര്‍ അവതരിപ്പിച്ച് ഡാറ്റ്സണ്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നത്. ലോകത്തിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ നിസാന്‍ മോട്ടോര്‍ കമ്പനി വികസിപ്പിച്ചെടുത്ത റെഡി ഗോ, റെനോ–നിസാന്‍ സഖ്യത്തില്‍നിന്നുള്ള വേഴ്സറ്റയില്‍ കോമണ്‍ മോഡ്യൂള്‍ ഫാമിലി (സിഎംഎഫ്–എ) പ്ളാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

നഗരത്തിലും ഗ്രാമങ്ങളിലുമുള്ള അനായാസ ഉപയോഗത്തിന് പാകപ്പെടുംവിധമാണ് റെഡി ഗോ ഡാറ്റ്സണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ മികച്ച ഗ്രൌണ്ട് ക്ളിയറന്‍സ് ഇതിന് ഏറ്റവും സഹായകരമാണ്. 185 മി.മീറ്ററാണ് റെഡി ഗോയുടെ ഗ്രൌണ്ട് ക്ളിയറന്‍സ്. പുതിയ 0.8 ലിറ്റര്‍ മൂന്ന് സിലിന്‍ഡര്‍ ഐ സാറ്റ് എന്‍ജിനും അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമാണ് ഈ കാറിന് കരുത്തും കാര്യക്ഷമതയും നല്‍കുന്നത്. ഇന്ധനക്ഷമത സംബന്ധിച്ച കൃത്യമായ കണക്ക് കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും പെട്രോള്‍ ലിറ്ററിന് 22–25 കിലോമീറ്ററാകും വാഗ്ദാനം.

വിശാലമായ ഇരിപ്പിടസൌകര്യം, ഉയര്‍ന്ന സീറ്റ് പൊസിഷന്‍, സിറ്റി ഡ്രൈവിങ് എന്നിവയെല്ലാം റെഡി ഗോയില്‍ ഒത്തുചേരുന്നുണ്ട്. പുറംകാഴ്ചയില്‍ ഷെവര്‍ലെ ബീറ്റിനോട് ചെറിയ സാദൃശ്യംതോന്നുന്ന റെഡി ഗോയ്ക്ക് പുതുമയാര്‍ന്ന സ്റ്റൈലും, ചാരുതയാര്‍ന്ന ബോഡിവര്‍ക്കുമാണ് നല്‍കിയിരിക്കുന്നത്. മുന്നിലെ ഡി കട്ട് ഗ്രില്‍, ഹെഡ്ലാമ്പുകള്‍, റിയര്‍ ലാമ്പ് ക്ളസ്റ്റര്‍ എന്നിവയെല്ലാം വാഹനത്തിന് ശ്രദ്ധേയമായ രൂപം നല്‍കുന്നുണ്ട്. കൈകാര്യക്ഷമത, യാത്രാസുഖം, ഡ്രൈവിങ് എന്നിവയില്‍ മികച്ച സന്തുലനം നല്‍കുന്നതാണ് പുതിയ പ്ളാറ്റ്ഫോം. ഡല്‍ഹി എക്സ്ഷോറൂം പ്രകാരം 2.45–3.50 ലക്ഷം രൂപവരെയാകും റെഡി ഗോയുടെ വില.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top