01 June Thursday

ക്യൂട്ടായ ക്വാഡ്രിസൈക്കിൾ

സി ജെ ഹരികുമാര്‍Updated: Sunday Oct 7, 2018

ഓട്ടോയാണോ അല്ല കാറാണോ അത‌് പറയാൻ കഴിയുന്നില്ല. ഇന്ത്യൻ വാഹനവിപണിയിൽ പുതിയൊരു വിഭാ​ഗത്തിന‌് തുടക്കം കുറിക്കുകയാണ‌് ക്ര്വാഡ്രിസൈക്കിളിലൂടെ ബജാജ‌്. ക്യൂട്ട‌് എന്ന നാല‌് വീൽ വാഹനത്തിന്റെ സ്ഥാനം ഓട്ടോയ‌്ക്കും കാറിനും ഇടയിലാണ‌്. ഓട്ടോയുടെ വലിപ്പവും കാറിന്റെ സൗകര്യങ്ങളുമാണ‌് വാഹനത്തിന്റെ പ്രത്യേകത. വാഹനത്തിന്റെ കെർബ‌് ​ഭാരം 475 കിലോഗ്രാമിൽ കൂടാൻ പാടില്ല എന്നതാണ‌് ക്യൂട്ടിന്റെ പ്രധാന നിബന്ധന. 216 സിസി പെട്രോൾ ഫോർസ‌്ട്രോക്ക‌് എൻജിൻ ഘടിപ്പിച്ച ക്യൂട്ടിന‌് 5500 ആർപിഎം ശേഷിയിൽ 13 ബിഎച്ച‌്പി കരുത്ത‌് ആർജിക്കാൻ ശേഷിയുണ്ട‌്. 18 എൻഎം 4000 ആർപിഎമ്മാണ‌് പരാമവധി ടോർക്ക‌്. അഞ്ച‌് സ‌്പീഡ‌് ട്രാൻസ‌്മിഷനാണ‌് വാഹനത്തിനുള്ളത‌്.

ചെറുകാറിന്റെ രൂപമുള്ള ക്യൂട്ടിന‌് ടാറ്റാ നാനോയുമായി തട്ടിച്ച‌് നോക്കിയാൽ നീളവും വീതിയും കുറവാണ‌്. എന്നാൽ ഉയരം 1652 എംഎം തുല്യവും. പിറകിലാണ‌് ക്യൂട്ടിന്റെ എൻജിൻ. ബോണറ്റിനടിവശം  സ‌്റ്റോറേജ‌് സ‌്പെയ‌്സ‌് ആക്കി മാറ്റിയിട്ടുണ്ട‌്. 40 കിലോഗ്രാം ശേഷിയുണ്ട‌് ഇതിന‌്. 12 ഇഞ്ചാണ‌് വീലുകൾ. വാതിലുകളിൽ നിരക്കി നീക്കാവുന്ന വിധത്തിലാണ‌് ഗ്ലാസുകൾ ഘടിപ്പിച്ചിരിക്കുന്നത‌്. കാഠിന്യമേറിയ സ‌്റ്റീലിലും ഫൈബറിലുമാണ‌് ബോഡി. പിന്നിലേക്ക‌് ഉയർന്നുപോകുന്ന കരുത്തൻ ഷോൾഡർ ലൈനും കാറുകളെപ്പോലെ വശങ്ങളിലേക്ക‌് കയറിയ ടെയിൽ ലാമ്പുകളും വാഹനത്തിന് ഭംഗി നൽകുന്നു.

ഡാഷ‌്ബോർഡിലാണ‌് ഗിയർലിവർ. മുന്നിലും പിന്നിലും രണ്ട‌് പേർക്ക‌് ഇരിക്കാവുന്നതാണ‌് സീറ്റ‌്. സീറ്റിനടിയിലും ഡോർപാഡിലും ഡാഷ‌്ബോർഡിലെ ഗ്ലവ‌് ബോക‌്സുകളിലും ആവശ്യത്തിന‌് സ‌്റ്റോറേജ‌് സ‌്പെയിസും നൽകിയിരിക്കുന്നു. യുഎസ‌്ബി, ഓസ‌്ഇൻ ഘടിപ്പിക്കാവുന്ന എംപിത്രീ മ്യൂസിക്ക‌് സിസ‌്റ്റവും 12 വോൾട്ട‌് പവർസോക്കറ്റും ക്യൂട്ടിനുണ്ട‌്. എന്നാൽ വാഹനത്തിന‌് പവർ സ‌്റ്റിയറിങ് മോഡൽ ലഭ്യമല്ല. 70 കിലോമീറ്ററാണ‌് കൂടിയ വേഗം. പ്രൈവറ്റ‌്, ടാക‌്സ‌ി വകഭേദങ്ങളും ലഭിക്കും.

തിരുവനന്തപുരം നെടുമങ്ങാടാണ‌് കേരളത്തിലെ ക്യൂട്ടിന്റെ ഷോറൂം. കൊച്ചി, കോഴിക്കോട‌് ജില്ലകളിലേക്കും എത്തും. 2.52 ലക്ഷം രൂപയാണ‌് ക്യൂട്ടിന്റെ എക‌്‌‌‌സ‌്ഷോറൂം വില. ലിറ്ററിന‌് 35 കിലോമീറ്ററാണ‌് ബജാജ‌് ക്യൂട്ടിന‌് അവകാശപ്പെടുന്ന ഇന്ധനക്ഷമത. 2012ൽ ഓട്ടോ എക‌്സ‌്പോയിൽ അവതരിപ്പിച്ച ക്യൂട്ടിന‌് ഇന്ത്യയിൽ വിപണാനുമതി നിഷേധിച്ചിരുന്നു . തുടർന്ന‌് നിയമപോരാട്ടങ്ങൾക്ക‌് ഒടുവിലാണ‌് ക്യൂട്ടിന‌് ക്വാഡ്രിസൈക്കിൾ വിഭാഗത്തിൽ അനുമതി നൽകാൻ കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top