04 October Wednesday

മോട്ടോ മോറീനി എക്സ്കേപ് 650

സുരേഷ് നാരായണന്‍Updated: Wednesday Oct 26, 2022മോട്ടോ മോറീനിയുടെ ചരിത്രം സംഭവബഹുലമാണ്. ലഘുവായി പറഞ്ഞാൽ, 1937ൽ ആണ് അൽഫോൺസോ മോറീനി ഇറ്റലിയിലെ ബോലോണിയയിൽ മോട്ടോ മോറീനി എന്ന പേരിൽ മുച്ചക്രവാഹന നിർമാണം തുടങ്ങിയത്. 1946ൽ ആണ് അവരുടെ ആദ്യത്തെ 125സി‌സി 2 സ്ട്രോക് ബൈക്ക്‌ നിരത്തിലിറക്കിയത്. 1949 ആയപ്പോൾ 125സി‌സി  4 സ്ട്രോക്ക്‌ ബൈക്കുകളും ഇറക്കാൻ തുടങ്ങി. പല വർഷങ്ങൾ നീണ്ടുനിന്ന റിസേർച്ച് ആൻഡ്‌ ഡെവലപ്മെന്റിനുശേഷം 1965ൽ അമേരിക്കയിലേക്ക് ബൈക്കുകൾ എക്സ്പോർട്ട് ചെയ്യാൻ തുടങ്ങി. ഇറ്റലിക്കകത്തും പുറത്തും നടന്ന മത്സരങ്ങളിൽ വിജയം കൊയ്തതിനുശേഷം 1970കളുടെ അവസാനം ആയപ്പോഴേക്കും 500സി‌സി, 350സി‌സി, 250സി‌സി വി ട്വിൻ എൻജിനുകളും 5 സ്പീഡ്, 6 സ്പീഡ് ഗീയർ ബോക്സുകളും നിർമിച്ചു. 1987ൽ മോട്ടോ മോറീനിയെ ഇറ്റലിയിലെത്തന്നെ ഇരുചക്രവാഹന നിർമാതാക്കളായ കജീവ ഏറ്റെടുത്തു. അതിനുമുമ്പ്‌ 1985ൽ കജീവ ഡുകാട്ടിയെ 4.3 ബില്യൺ ലിറ കൊടുത്ത് വാങ്ങിച്ചിരുന്നു. 1990 വരെ മോട്ടോ മോറീനിയുടെ ബൈക്ക്‌ നിർമാണം ഡുകാട്ടിയിൽ ആയിരുന്നു. 1999ൽ മോട്ടോ മോറീനിയെ അൽഫോൺസോ മോറീനിയുടെ അനന്തിരവൻ ഫ്രാങ്കോ മോറീനി ഡുകാട്ടിയിൽനിന്ന്‌ തിരിച്ചുവാങ്ങിച്ചു. 2007ൽ 1200സി‌സി വി ട്വിൻ കോസാറോ, 1200സി‌സി സ്ക്രാംബ്ലർ, 1200സി‌സി എണ്ട്യുറൻസ് എന്നീ ബൈക്കുകൾ വിപണിയിലിറക്കിയെങ്കിലും 2010ൽ സ്റ്റാഫിനും സപ്ലയേർസിനും പെയ്മെന്റ്‌ കൊടുക്കാൻ സാധിക്കാതെ ബങ്ക്രപ്റ്റ് ആയി. 2018ൽ മോട്ടോ മോറീനിയെ ചൈനീസ്  കമ്പനി ആയ ഴോഗ്നെങ് വെഹിക്കിൾ ഗ്രൂപ് വാങ്ങിച്ചു. എങ്കിലും ബൈക്കുകൾ നിർമിക്കുന്നത് ഇറ്റലിയിൽത്തന്നെയാണ്.

മോട്ടോ മോറീനി എക്സ്-കേപ് 650 അഡ്വഞ്ചർ ടൂറിങ് ബൈക്കാണ് ഈ ആഴ്ചയിലെ അതിഥി. ഇരുചക്രവാഹനങ്ങളിലെ എസ്‌യു‌വി ആണ് അഡ്വഞ്ചർ ബൈക്കുകൾ എന്നുവേണമെങ്കിൽ പറയാം! മോട്ടോ മോറീനി സെയ്മേസ്സോ സ്ക്രംബ്ലർ, റെട്രോ സ്ട്രീറ്റ് എന്നീ ബൈക്കുകളിൽ ഉപയോഗിച്ചിരിക്കുന്ന അതേ ആറരലിറ്റർ എൻജിനാണ് എക്സ്-കേപ്പിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ, പവർ ഔട്ട് പുട്ട് 60എച്ച്‌പിയും 54 ന്യൂട്ടൻ മീറ്റർ ടോർക്കും ആണ്.  650, 650എക്സ് എന്നീ വേരിയന്റുകളാണ് ഈ ബൈക്കിനുള്ളത്. 650 ആണ് എനിക്ക് ടെസ്റ്റ് റൈഡ് ചെയ്യാൻ കിട്ടിയത്.

മുഴുവനായും അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന അപ്‌സൈഡ് ഡൗൺ ടെലിസ്കോപിക് ഫോർക്ക് സസ്പെൻഷൻ മുന്നിലും അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക് സസ്പെൻഷൻ പിന്നിലും ഉപയോഗിച്ചിരിക്കുന്നു. 298എം‌എം ഡബിൾ ഫ്ലോട്ടിങ് ഡിസ്ക് ബ്രേക് മുന്നിലും 255എം‌എം സിംഗിൾ ഡിസ്ക് ബ്രേക് പിന്നിലും ഡ്യുവൽ ചാനൽ എ‌ബി‌എസ് ഉം  ചേർന്ന് ബൈക്കിന്റെ ബ്രേക്കിങ് സുരക്ഷിതമാക്കുന്നു. വീലുകൾ 19 ഇഞ്ച് മുന്നിലും 17 ഇഞ്ച്  പിന്നിലും ഉപയോഗിച്ചിരിക്കുന്നു. ബൈക്കിന്റെ ഉയരം 1390എം‌എം ആണെങ്കിലും സീറ്റിന്റെ ഉയരം 810എം‌എം ആയതിനാൽ ഉയരം കുറഞ്ഞവർക്കും ബുദ്ധിമുട്ടില്ലാതെ ഓടിക്കാൻ സാധിക്കും. ഇന്ധന ടാങ്കിന്റെ കപ്പാസിറ്റി 18 ലിറ്റർ ആയതിനാൽ നല്ല റേഞ്ച് കിട്ടും. എഴുന്നുനിൽക്കുന്ന ഫെയറിങ്ങിൽ ഉയരം അഡ്ജസ്റ്റ് ചെയ്യാവുന്ന വൈസറും ആകർഷകമായ എൽ‌ഇ‌ഡി ഹെഡ് ലൈറ്റ്, ബ്ലൂ ടൂത്ത്, സ്മാർട്ട് ഫോൺ കണക്റ്റിവിറ്റി എന്നിവയുള്ള ടി‌എഫ്‌ടി ഡിസ്‌പ്ലേ, പാനലുകളിലെ ബാഡ്ജിങ്ങും ചേർന്ന് ബൈക്കിന്റെ രൂപം ഗംഭീരമാക്കുന്നു! രണ്ട് യു‌എസ്‌ബി പോർട്ടും കൊടുത്തിരിക്കുന്നു.

ഇരുനൂറ്റിപ്പതിനഞ്ച്‌ കിലോഗ്രാം ആണ് എക്സ്-കേപ്പിന്റെ തൂക്കം എങ്കിലും ഓടിക്കുമ്പോൾ അതിൽ കുറവാണെന്നുതോന്നും. ഫുട്ട് പെഗ്ഗിൽനിന്നോ, ഹാൻഡിൽ ബാറിൽനിന്നോ വൈബ്രേഷൻ അനുഭവപ്പെടുന്നില്ല. 649സി‌സി ഇൻലൈൻ ട്വിൻ സിലിണ്ടർ 8 വാൽവ് ലിക്വിഡ് കൂൾഡ് എൻജിനുമായി ബന്ധിപ്പിച്ചിരിക്കുന്ന 6 സ്പീഡ് ഗീയർ ഷിഫ്റ്റ് വളരെ സ്മൂത്ത് ആണ്. വൈറ്റ്, ഗ്രേ, റെഡ് എന്നീ മൂന്ന് നിറങ്ങളിൽ ലഭിക്കുന്ന ഈ മോട്ടോ മോറീനി 650 എക്സ്-കേപ്പിന്റെ എക്സ്-ഷോറൂം വില 7.2 ലക്ഷം രൂപയാണ്. സർവീസ് സെന്ററുകളുടെ എണ്ണംമാത്രമാണ് ഒരു കുറവായി തോന്നുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top