19 April Friday

മുഖംമിനുക്കി പജീറോയും എന്‍ഡവറും

സി ജെ ഹരികുമാര്‍Updated: Sunday Aug 9, 2015

പുതിയ മോഡലു കളോടുള്ള ഉപയോക്താ വിന്റെ താല്‍പ്പര്യം തിരിച്ചറിഞ്ഞ് വിപണിയില്‍ ശ്രദ്ധ പിടിച്ചുപറ്റിയ രണ്ട് മോഡലുകളുടെ പുതുക്കിയ പതിപ്പുമായി എത്തുകയാണ് മിത്സുബുഷിയും ഫോര്‍ഡും. തങ്ങളുടെ പ്രധാന രണ്ട് മോഡലുകളായ പജീറോയുടെയും എന്‍ഡവറിന്റെയും പുതിയ പതിപ്പ് വര്‍ഷാവസാനത്തോടെ വിപണിയിലെത്തിച്ച് മുന്‍തൂക്കം നേടാനാണ് ഇവരുടെ ശ്രമം

മിത്സുബുഷി പജീറോ

വിപണിയില്‍ അംഗീകരിക്കപ്പെട്ട മോഡലായ പജീറോയില്‍ വലിയരീതിയിലുള്ള ഡിസൈന്‍മാറ്റങ്ങള്‍ വരുത്തിയാണ് മിത്സുബുഷി പുനരവതരിപ്പിക്കുന്നത്. മുമ്പ് വരുത്തിയ മാറ്റങ്ങളിലൂടെ ലഭിച്ച മാസ് ലുക്കിന് കൂടുതല്‍ അഗ്രസീവ് സൗന്ദര്യം പകരുകയാണ് ഇത്തവണ. മുഖംമാറ്റം എന്ന പദത്തെ അന്വര്‍ഥമാക്കുംവിധം ഗ്രില്ലിനോടു ചേരുന്നത് എവിടെയാണെന്ന് പിടികിട്ടാത്തവിധം ഒരുക്കിയിട്ടുള്ള ഹെഡ്ലാമ്പാണ് വാഹനത്തിന്റെ പ്രധാന മേന്മ.

സാധാരണയിലധികം ക്രോമിയം പട്ടകള്‍ ചേര്‍ത്താണ് മുന്‍ഭാഗം ഒരുക്കിയിരിക്കുന്നത്. ഗ്രില്ലിലെ ക്രോമിയം ഭാഗത്തിനു താഴെയാണ് വലുപ്പമേറിയ എയര്‍ഡാം സ്ഥിതിചെയ്യുന്നത്. ഗ്രില്ലില്‍നിന്ന് ആരംഭിച്ച് ഫോഗ് ലാമ്പ്വരെ എത്തുന്നതാണ് ഹെഡ്് ലാമ്പിനെ ചുറ്റിയുള്ള ക്രോമിയം ഭാഗം. ഫോര്‍ഡിന്റെതന്നെ ഔട്ട്ലാന്‍ഡറില്‍നിന്ന് കടംകൊണ്ടതാണോ മുന്‍ഭാഗം എന്നും തെല്ല് സംശയിക്കേണ്ടിവരും.2.4 ലിറ്റര്‍ ശേഷിയുള്ള ഒരു ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നു. ഒരു ഫോര്‍വീല്‍ ഡ്രൈവ് ഓപ്ഷനും മിത്സുബിഷി നല്‍കുന്നുണ്ട്. എന്‍ജിന്റെ മികവ് മുന്‍പതിപ്പുകളെക്കാള്‍ 17 ശതമാനം ഇരട്ടി ഇന്ധനക്ഷമത ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ട്രൈറ്റണ്‍ പിക്ക് അപ്പിന്റെ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കുന്ന വാഹനത്തിന് മുന്‍പതിപ്പിനെക്കാള്‍ 90 മി.മീ നീളക്കൂടുതലുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 13 മി.മീ ഉയര്‍ത്തി 218 മി.മീ ആയും ക്രമീകരിച്ചിട്ടുണ്ട്. 2.4 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന് 178 ബിഎച്ച്പി 430 എന്‍എം ആണ് ശേഷി. ജിപിഎസ് നാവിഗേഷന്‍ സിസ്റ്റത്തോടുകൂടിയ ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ബ്ലൂടൂത്ത്, സിഡി യുഎസ്ബി ഡിവിഡി ഓക്സ് സപ്പോര്‍ട്ട് തുടങ്ങി ആകര്‍ഷകമായ അകത്തളമാണ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും 19 ലക്ഷത്തിനും 21 ലക്ഷത്തിനും ഇടയിലാകും വാഹനത്തിന്റെ വിലയെന്നാണ് സൂചന.

ഫോര്‍ഡ് എന്‍ഡവര്‍ എവറസ്റ്റ്

പരിഷ്കരിച്ച പതിപ്പായല്ല, അടിമുടി പുതുമ ഉള്‍ക്കൊണ്ടാണ് ഫോര്‍ഡ് എന്‍ഡവര്‍ എത്തുന്നത്. ജനങ്ങളുടെ മനസ്സില്‍ ഇടംനേടിയ എന്‍ഡവര്‍ എന്ന പേര് ഉപേക്ഷിക്കാനാവാത്തതിനാലാണ് എവറസ്റ്റ് എന്നുകൂടി ചേര്‍ത്ത് പുതുജന്മം എടുക്കുന്നത്്. അവസാനമായി പുറത്തിറങ്ങിയ മോഡലിലെ ഒന്നുംതന്നെ പുതിയ എവറസ്റ്റില്‍ ഇല്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്.2.2-3.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് വാഹനത്തിനുള്ളത്.

പുതുതായി ഉപയോഗിച്ച 2.2 ഡീസല്‍ എന്‍ജിന്‍ 158 ബിഎച്ച്പി 385 എന്‍എം കരുത്തും 3.2 ഡീസല്‍ എന്‍ജിന്‍ 197 ബിഎച്ച്പി 470 എന്‍എം കരുത്തും സൃഷ്ടിക്കാനാവും. ഇത് ഹൈവേയിലും മറ്റും ക്ഷണനേരത്തില്‍ മികച്ച വേഗത്തിലേക്ക് വാഹനത്തെ എത്തിക്കും. 3.2 ലിറ്റര്‍ എന്‍ജിനില്‍ ഫോര്‍വീല്‍ ഡ്രൈവ് ഓപ്ഷനും ഫോര്‍ഡ് വാഗ്ദാനംചെയ്യുന്നുണ്ട്.എല്‍സിഡി സ്ക്രീന്‍, റേഡിയോ, ബ്ലൂടൂത്ത് എന്നിവ സമന്വയിക്കപ്പെട്ട മീഡിയാ നാവിഗേഷന്‍ സിസ്റ്റം എന്നിവയ്ക്കു പുറമെ മുന്‍വിഭാഗങ്ങളിലേതില്‍നിന്നു വ്യത്യസ്തമായി മുകളിലേക്ക് തുറക്കാവുന്ന പിന്‍വാതിലും ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന പിന്‍നിര സീറ്റുകളും എന്‍ഡവര്‍ എവറസ്റ്റിന്റെ മേന്മയാണ്. കുറഞ്ഞ വേരിയന്റിന് 20 മുതല്‍ 22 ലക്ഷംവരെയും കൂടിയതിന് 25 ലക്ഷത്തില്‍ കൂടുതലും വിലയാകാനാണ് സാധ്യത.

പ്രധാന വാർത്തകൾ
 Top