18 January Monday

ഇലക്‌ട്രിക് തരം​ഗമായി ഹ്യുണ്ടായ് കോന

എസ് ശ്രീകുമാര്‍Updated: Monday Aug 19, 2019

ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക്‌ എസ്‌യുവി എന്നാണ് കോനയ്ക്ക് ഹ്യുണ്ടായ് നൽകിയിരിക്കുന്ന വിശേഷണം. എസ്‌യുവി എന്നു വിളിക്കാമെങ്കിലും അൽപ്പം ഉയർന്നുനിൽക്കുന്ന ഒരു ക്രോസ് ഹാച്ചിനോടാണ് കോനയ്ക്ക് സാദൃശ്യമേറെയും. ഹ്യുണ്ടായ് കാറുകളുടെ സിഗ്നേച്ചർ ഗ്രില്ലിൽനിന്നു വ്യത്യസ്തമാണ് കോനയുടേത്. ലോഗോയ്ക്കു താഴെ കാസ്കേഡിങ് ആകൃതിയിൽ ഒരു ഗ്രാഫിക് പാറ്റേൺ മാത്രം. ഇതിന്റെ ഒരു വശത്തുള്ള അടപ്പ് തുറന്നാൽ ബാറ്ററി ചാർജിങ് പോയിന്റ് കാണാം. കറുപ്പിലുള്ള എയർഡാമും വീൽ ആർച്ചുകളും പ്ലാസ്റ്റിക് ക്ലാഡിങ്ങുകളും റിയർ ബമ്പറുമൊക്കെ സ്പോർട്ടി ലുക്ക് നൽകുന്നുണ്ട്. മൊത്തത്തിൽ ക്രേറ്റയുടെ മസ്കുലാർ രൂപഘടന തന്നെ.

ക്ലീൻ ഡിസൈനിലുള്ള ക്യാബിൻ പ്രീമിയം ഫീൽ നൽകുന്നുണ്ട്. ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിൽ ആൻഡ്രോയ്ഡ് ഓട്ടോയും ആപ്പിൾ കാർ പ്ലേയും നാവിഗേഷനും വോയ്സ് റെക്കഗ്നിഷനുമുണ്ട്.  ഡ്രൈവർ സീറ്റിന് പത്തുതരത്തിലുള്ള പവർ അഡ്ജസ്റ്റ്മെന്റുകളുണ്ട്. 332 ലിറ്റർ ബൂട്ട് ഒരു ചെറിയ കുടുംബത്തിന്റെ വാരാന്ത്യ യാത്രകൾക്കുതകും. ഗിയർ സെലക്റ്റ് ചെയ്യാൻ ലിവറിനു പകരം ബട്ടനുകളാണ്. പാഡിൽ ഷിഫ്റ്ററുകളുമുണ്ട്.

ഇലക്‌ട്രിക് സൺ റൂഫ്, വയർലസ് ഫോൺ ചാർജർ, ഡ്രൈവറുടെ വശത്തേക്ക് മാത്രമായി സെറ്റ് ചെയ്യാവുന്ന ക്ലൈമറ്റ് കൺട്രോൾ, 17 ഇഞ്ച് അലോയ് വീലുകൾ എന്നിങ്ങനെ ഒരു മോഡേൺ കോംപാക്ട് എസ്‌യുവിക്കാവശ്യമായ  സൗകര്യങ്ങളൊക്കെ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ലഭ്യമാവുന്ന 39.2 കിലോവാട്ട് ശേഷിയുള്ള ലിഥിയം -- അയൺ പോളിമർ ബാറ്ററിയാണ് കോനയുടെ ശക്തികേന്ദ്രം. ഫുൾചാർജിൽ 452 കിലോമീറ്റർ ദൂരം താണ്ടാം. കോനയുടെ മോട്ടോർ 136 പിഎസ് പരമാവധി പവറും 395 എൻഎം ഉയർന്ന ടോർക്കും  ഉൽപ്പാദിപ്പിക്കും. മോട്ടോറിന് ശബ്ദം തീരെ കുറവായതിനാൽ കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്കായി വെർച്വൽ എൻജിൻ സൗണ്ട് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാറ്ററി ക്വിക് ഡിസി ചാർജിങ്ങിൽ ഏകദേശം 57 മിനിറ്റുകൊണ്ട് 80 ശതമാനം ചാർജാവും. എസി ചാർജിങ്ങിൽ പൂർണമായി ചാർജാവാൻ ആറ് മണിക്കൂർ 10 മിനിറ്റും പോർട്ടബിൾ ചാർജറിൽ 19 മണിക്കൂറും വേണം.പൂജ്യത്തിൽനിന്ന് 9.7 സെക്കൻഡുകൊണ്ട് 100 കിലോമീറ്റർ വേഗമാർജിക്കാൻ കഴിയുന്ന കോനയേക്കാൾ പിന്നിലാണ് ഇക്കാര്യത്തിൽ ഇന്ത്യയിലെ കോംപാക്ട് എസ്‌യുവികളൊക്കെയും. ചാർജിങ് സ്റ്റേഷനുകളുടെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ വാഹന വിപണിയിലെ വൈദ്യുതി വിപ്ലവം മുന്നിൽനിന്നു നയിക്കാൻ യോഗ്യനാണ് കോനയെന്നതിൽ സംശയമില്ല. 25.3 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

(ടോപ്​ഗിയർ മാ​ഗസിന്റെ എഡിറ്റർ ഇൻ ചീഫാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top