18 January Monday

ഓറ ഇറങ്ങുന്നു പുതിയ ദൗത്യവുമായി

എസ് ശ്രീകുമാര്‍Updated: Monday Jan 13, 2020

വാഹനവിപണി കിതയ്ക്കുമ്പോഴും, ഹ്യുണ്ടായ് പോരാട്ടമികവ് കാട്ടിയ വർഷമാണ് കടന്നുപോയത്. വെന്യു, കോന എന്നീ ശ്രദ്ധേയമായ ഉൽപ്പന്നങ്ങളുമായി അവർ ഒരിക്കൽക്കൂടി കഴിവ് തെളിയിച്ചു. വർഷാവസാനം അവതരിപ്പിച്ച ഓറ എന്ന കോംപാക്ട് സെഡാൻ പുതിയ വർഷത്തിലേക്കുള്ള ഹ്യുണ്ടായിയുടെ കരുത്തുറ്റ ചുവടുവയ്‌പിന്റെ സൂചനയാണ്.  മാരുതി ഡിസയർ, ഹോണ്ട അമേസ്, ഫോർഡ് അസ്പയർ, ടാറ്റാ ടി ഗോർ എന്നിവയ്ക്ക് വെല്ലുവിളി ഉയർത്തുക എന്ന ദൗത്യവുമായാണ് ഓറയുടെ വരവ്.

കോംപാക്ട് സെഡാനുകളുടെ കൂട്ടത്തിൽ എക്സന്റാണിപ്പോൾ ഹ്യുണ്ടായിയുടെ പ്രതിനിധി. ഈ മോഡലിന്റെ അടുത്ത തലമുറയായാണ് ഓറയുടെ വരവ്. സ്റ്റൈലിങ്ങിന്റെ കാര്യത്തിൽ, ഓറയെ ഗ്രാന്റ് ഐ ടെൻ നിയോസിന്റെ വികസിത രൂപമായി കാണാം. സി പില്ലർമുതൽ പിന്നിലേക്കാണിത് കൂടുതൽ പ്രകടം. എൽഇഡി ഡിആർഎല്ലിലുമുണ്ട് ചെറിയ വ്യത്യാസം. ബുമറാങ് ഷേപ്പിലുള്ള ഇരട്ട ഡിആർഎല്ലുകളാണ് ഓറയ്ക്കുള്ളത്. നിയോസിന്റേത് സിംഗിൾ യൂണിറ്റാണ്. ടോപ് വേരിയന്റുകളിൽ 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ സ്റ്റാന്റാർഡാണ്. ആകൃതിയൊത്ത ബൂട്ടും എൽഇഡി ഇൻസർട്ടുകളുള്ള റാപ്പ് എറൗണ്ട് ടെയ്ൽ ലൈറ്റുകളുമാണ് പിൻഭാഗത്തിന്റെ സൗന്ദര്യം.

ഉൾഭാഗത്തും നിയോസിനോടുള്ള സാദൃശ്യം ഏറെയാണ്. എട്ടിഞ്ച് ടച്ച് സ്ക്രീൻ സിസ്റ്റം, എംഐഡിയോടുകൂടിയ 5.3 ഇഞ്ച് ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ആർക്കമിസ് സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിങ്, റിയർവ്യൂ മോണിട്ടർ, റിയർ സെന്റർ ആംറെസ്റ്റ് തുടങ്ങിയ സൗകര്യങ്ങൾ ഉള്ളിലുണ്ടാകും. ബ്ലൂ ലിങ്ക് കണക്ടിവിറ്റിക്കുപകരം, നിയോസിലുള്ള ഐബ്ലൂ ഓഡിയോ റിമോട്ട് സ്മാർട്ട് ഫോൺ ആപ്ലിക്കേഷനാകും ഓറയ്ക്ക് ലഭിക്കുക.

ബിഎസ് 6 നിലവാരമുള്ള മൂന്ന് എൻജിൻ ഓപ്ഷനുകളിലാണ് ഓറ വരുന്നത്. 1.2 ലിറ്റർ കാപ്പാ പെട്രോൾ, 1.2 ലിറ്റർ ഡീസൽ, ഒരു ലിറ്റർ ടർബോ പെട്രോൾ എന്നിവയായിരിക്കും എൻജിനുകൾ. 5 സ്പീഡ് മാന്വൽ, എഎംടി ഗിയർ ബോക്സുകൾ ഉണ്ടാകും. ടർബോ പെട്രോൾ എൻജിന് മാന്വൽ ട്രാൻസ്മിഷൻമാത്രമേ ഉണ്ടാകൂ. വില ഏകദേശം ആറുലക്ഷം രൂപയിൽ തുടങ്ങുമെന്നാണ് സൂചന.

(ടോപ്​ഗിയർ മാ​ഗസിന്റെഎഡിറ്റർ ഇൻ ചീഫാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top