09 December Friday

ഹുൺഡായ് ഐ20 എൻ ലൈൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021എൻ ലൈനിലെ ‘എൻ’, ലോകമെമ്പാടുമുള്ള ഹുൺഡായ്, കിയ ജീവനക്കാർക്ക് പരിശീലനം കൊടുക്കുന്ന നാംയാങ് ഡിസൈൻ സെന്ററിനെ പ്രതിനിധീകരിക്കുന്നതാണ്. ദക്ഷിണ കൊറിയയിലെ ഹ്വാങ്സിയോങ് ഗ്രാമത്തിൽ മൂന്ന്‌ ദശലക്ഷം സ്ക്വയർമീറ്ററിൽ പരന്നുകിടക്കുന്ന കേന്ദ്രത്തിൽ ഡിസൈനിങ്ങിനുമുമ്പുള്ള പഠനങ്ങൾമുതൽ വിപുലമായ ട്രാക്ക്‌ ടെസ്റ്റിങ്, ക്രാഷ് ടെസ്റ്റിങ്, പ്രോട്ടോടൈപ്പിങ്, ഫുൾ സ്കെയിൽ വിൻഡ് ടണൽ ഏറോഡൈനാമിക് ടെസ്റ്റിങ്ങുവരെ നടത്തുന്നു. സെൻട്രൽ ഹബ്ബാണ്. ഇതുകൂടാതെ ഹുൺഡായിയുടെ യൂറോപ്യൻ ടെസ്‌റ്റ്‌ സെന്ററായ ജർമനിയിലെ നർബർഗ്രീങ് റേസ് ട്രാക്കും ‘എൻ’ എന്ന അക്ഷരം പ്രതിനിധീകരിക്കുന്നു. 2013ലാണ് ഈ ഗ്ലോബൽ ആർ ആൻഡ്‌ ഡി സെന്റർ സ്ഥാപിച്ചത്. 2015 ഫ്രാങ്ക്ഫർട് മോട്ടോർ ഷോയിലാണ് എൻ പെർഫോമൻസ് കാറുകൾ ആദ്യമായി പ്രദർശിപ്പിച്ചത്.

ഹുൺഡായ് ഹൈ പെർഫോമൻസ് കാറുകൾക്കു എൻ അടയാളം ഉപയോഗിക്കുമ്പോൾ എൻ ലൈൻ കൂടുതലായും കേന്ദ്രീകരിക്കുന്നത് സ്റ്റൈലിങ്ങിലാണ്. ഹുൺഡായ് ഐ20 ആണ് എൻ ലൈൻ പാക്കേജോടുകൂടി ഇന്ത്യയിൽ ലഭിക്കുന്ന ആദ്യ വാഹനം. ഹുൺഡായ്  ഹൈ പെർഫോമൻസ് എൻ കാറുകൾ ഭാവിയിൽ ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം. 40 രാജ്യങ്ങളിലായി 11 മോഡലുകളിൽ ഏകദേശം ഒരുലക്ഷം എൻ ലൈൻ വാഹനങ്ങളാണ് ഹുൺഡായ് വിറ്റഴിച്ചത്. മുഴുവനായി മാറ്റംവരുത്തിയ സസ്പെൻഷൻ സിസ്റ്റം, ഹൈ കപ്പാസിറ്റി എൻജിൻ മുതലായവയുള്ള എൻ പെർഫോമൻസ് കാറുകളെ അപേക്ഷിച്ച് എൻ ലൈൻ കാറുകളിൽ കൂടുതലായും കോസ്മെറ്റിക് മാറ്റങ്ങളും പേരിന് എൻജിൻ, സസ്പെൻഷൻ എന്നിവയിൽ നവീകരണം ഉണ്ടാകും. സാധാരണ ഐ20യുമായി താരതമ്യം ചെയ്യുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണുള്ളതെന്ന് നോക്കാം.

റേസ് ഫ്ലാഗിൽനിന്നു പ്രചോദനംകൊണ്ട് സ്റ്റൈൽ ചെയ്ത ഫ്രണ്ട്‌ ഗ്രിൽ, അതിൽ എൻ ലൈൻ ബാഡ്ജ്. ഫെണ്ടറിലും അലോയ് വീലിന്റെ നടുക്കും കാറിന്റെ പിന്നിലും എൻ ബാഡ്ജിങ് കാണാം. മുന്നിലെ ബമ്പറിലും വശങ്ങളിലെ സ്കെർട്ടിലും ചുവന്ന ലൈൻ കൊടുത്തിരിക്കുന്നു. റാലി കാറുകളുടെ സ്റ്റൈലിൽ വിങ്സ് ഉള്ള സ്പോയിലർ, ട്വിൻ എക്സ്സോസ്റ്റ് പൈപ്പ് എന്നിവ കാറിന്റെ പിൻഭാഗം വളരെ ആകർഷകമാക്കുന്നു. ഫുൾ ബ്ലാക്ക്‌ ഇന്റീരിയർ, സീറ്റുകളിൽ റെഡ് ബീഡിങ് കൊടുത്തു നടുക്ക് റേസ് ഫ്ലാഗ് ഡിസൈൻ, റെഡ് അംബിഎന്റ്‌ ലൈറ്റ്, കൃത്രിമ തുകൽ പൊതിഞ്ഞ സ്റ്റീറിങ്‌ വീൽ ചുവന്ന നൂൽകൊണ്ട് തുന്നിയിരിക്കുന്നു, ഇവിടെയും എൻ ലോഗോ കാണാം. ഡോർ പാനലിലും ബട്ടണുകളിലും ചുവന്ന ലൈൻ കൊടുത്തിരിക്കുന്നു. സ്പോർട്ടിയാക്കിയ ഗീയർ നോബിലും എൻ ലോഗോയുണ്ട്. അകത്തെ റിയർ വ്യൂ മിറർ ഇലക്ട്രോക്രോമിക്കാണ്. 

എൻജിൻ സ്പെസിഫിക്കേഷനിൽ മാറ്റം ഒന്നും ഇല്ല. 6000 ആർ‌പി‌എംൽ 120പി‌എസ് ഊർജം ഉൽപ്പാദിപ്പിക്കുന്ന ഒരു ലിറ്റർ ടർബോ ജി‌ഡി‌ഐ എൻജിന്റെ ടോർക് 1500-–4000 ആർ‌പി‌എം റേഞ്ചിൽ 172 ന്യൂടൻ മീറ്ററാണ്. ഈ എൻജിനെ 7 സ്പീഡ് ഡ്യുവൽ ക്ലച് ട്രാൻസ്മിഷനുമായും 6 സ്പീഡ് ഇന്റലിജെന്റ്‌ മാന്വൽ ട്രാൻസ്മിഷനുമായും ബന്ധപ്പെടുത്തിയ രണ്ടു ഗീയർ വേരിയന്റുകൾ ലഭ്യമാണ്. ഡ്യുവൽ ക്ലച് ട്രാൻസ്മിഷനിൽ പാഡിൽ ഷിഫ്റ്റും ഉണ്ട്.  എന്നാൽ സസ്പെൻഷൻ സാധാരണ ഐ20യെ അപേക്ഷിച്ച് 30 ശതമാനം സ്റ്റിഫ് ആക്കിയിരിക്കുന്നു എങ്കിലും ഇത് റൈഡ് ക്വാളിറ്റിയെ ബാധിക്കാതെയാണ് ചെയ്തിരിക്കുന്നത് എന്നത് പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്.  സസ്പെൻഷനിൽ വരുത്തിയിരിക്കുന്ന ഈ സ്റ്റിഫ്‌നെസ്സ് ഹൈസ്പീഡിലും കോർണറിങ്ങിലും കാറിന്റെ സ്ഥിരതയെ മെച്ചപ്പെടുത്തുന്നു. സാധാരണ ഹൈ പെർഫോമൻസ് കാറുകളിൽ സസ്പെൻഷൻ വളരെ സ്റ്റിഫ് ആയതിനാൽ യാത്ര സുഖകരം ആയിരിക്കുകയില്ല. സ്റ്റീറിങ്‌ വീലിന്റെ റെസ്പോൺസും എടുത്തുപറയേണ്ട കാര്യംതന്നെ. നാലു വീലുകളിലും ഡിസ്ക് ബ്രേക്കാണ്‌ ഉള്ളത്, മുന്നിലെ ബ്രേക് കാലിപ്പറിന് ചുവന്ന നിറം കൊടുത്തിരിക്കുന്നു.

7 സ്പീക്കറുകൾ ഉള്ള ബോസ്സ് പ്രീമിയം സിസ്റ്റമാണ് ഐ20 എൻ ലൈനിന്റെ ശബ്ദം കൈകാര്യം ചെയ്യുന്നത്. ഹൈ റെസൊലൂഷൻ ടി‌എഫ്‌ടി മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേയാണ്‌ ഇൻസ്ട്രമെന്റ്‌ ക്ലസ്‌റ്റർ. 10.25 ഇഞ്ച് ഹൈ ഡെഫിനിഷൻ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റും നാവിഗേഷൻ സിസ്റ്റവും. ഹുൺഡായുടെ ബ്ലൂ ലിങ്ക് വഴി അമ്പത്തെട്ടോളം കണക്‍റ്റഡ് ഫീച്ചേഴ്‌സാണ് ഐ20 എൻ ലൈനിലുള്ളത്. ഇതിൽ ഡ്രൈവർ സൈഡ് വിൻഡോ, സൺറൂഫ്, ലൊക്കേഷൻ എന്നിവ വോയ്സ് കമാൻഡ് വഴി പ്രവർത്തിപ്പിക്കാവുന്നതാണ്. തൻഡർ ബ്ലൂ, ഫിയറി റെഡ്, ഫിയറി റെഡ് വിത്ത് ബ്ലാക്ക്‌ റൂഫ്, ടൈറ്റൻ ഗ്രേ, പോളാർ വൈറ്റ്, തൻഡർ ബ്ല്യൂ വിത്ത് ബ്ലാക്ക്‌ റൂഫ് എന്നീ നിറങ്ങളിലാണ് ഐ20 എൻ ലൈൻ എത്തുന്നത്.

ഹുൺഡായ് ഐ20 എൻ ലൈൻ, എൻ 6 (ഐ‌എം‌ടി) എൻ 8 (ഐ‌എം‌ടി) എൻ 8 (ഡി‌സി‌ടി) എന്നിങ്ങനെ മൂന്നുതരത്തിൽ ലഭ്യമാണ്. ഇവയുടെ വില യഥാക്രമം, 9.84 ലക്ഷം രൂപയും 10.87 ലക്ഷം രൂപയും 11.75 ലക്ഷം രൂപയുമാണ്.

മാരുതി സുസൂക്കി ബലീനോ ആർ‌എസ്, ഫിയറ്റ് പുന്തോ അബാർത്ത്, ഫോക്സ് വാഗൺ പോളോ ജി‌ടി എന്നിവയാണ് പെർഫോമൻസ് മാറ്റങ്ങളുമായി വിപണിയിൽ ഇറങ്ങിയ മറ്റു പ്രീമിയം ഹാച്ച് ബാക്കുകൾ ഇവയിൽ പോളോ ജി‌ടി മാത്രമാണ് ഒരുവിധം പിടിച്ചുനിൽക്കുന്നത്. കീ ബയ്യിങ് ഫാക്ടറിൽ (കെ‌ബി‌എഫ്) ഇന്ധനക്ഷമതയെ 16 ശതമാനത്തിൽ നിർത്തിക്കൊണ്ട് എക്സ്റ്റീരിയർ സ്റ്റൈലിങ് 32 ശതമാനത്തിൽ നിൽക്കുന്ന ഈ കാലഘട്ടത്തിൽ ഹുൺഡായ് ഐ20 എൻ ലൈനിന്റെ ഭാവി വിജയത്തിലേക്ക് ആയിരിക്കുമെന്ന് വിശ്വസിക്കാം.  കൂണുപോലെ മുളച്ചുവരുന്ന കാർ ഡീറ്റെലിങ് സ്റ്റുഡിയോകൾ അതുതന്നെയല്ലേ വിളിച്ചറിയിക്കുന്നത്?


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top