23 March Thursday

ഹോണ്ട സിറ്റി ഇ : എച്ച്‌ഇ‌വി ; ഹൈബ്രിഡ് വാഹനവുമായി ഹോണ്ട

സുരേഷ് നാരായണൻUpdated: Wednesday May 18, 2022

ഒരുകാലത്ത്, അതായത്, ഇന്ത്യയിൽ സെഡാനുകൾക്ക് പ്രാധാന്യം ഉണ്ടായിരുന്ന സമയത്ത്, ഓരോ വാഹന നിർമാതാവും മിഡ്‌സൈസ് സെഡാൻ വിപണിയിൽ ഇറക്കിയിരുന്നത് ഹോണ്ട സിറ്റിയുടെ പ്രതാപം ഉന്നംവച്ചായിരുന്നു. ഇന്നിപ്പോൾ എസ്‌യു‌വികളുടെ പ്രളയത്തിൽ സെഡാനുകൾ മുങ്ങിപ്പൊങ്ങുകയാണ്!  ഹോണ്ട സിവിക് ഹൈബ്രിഡിന്റെ പരാജയത്തിന് 14 വർഷം കഴിഞ്ഞപ്പോൾ സാങ്കേതികമേന്മയുള്ള മറ്റൊരു ഹൈബ്രിഡ് വാഹനവുമായി എത്തുകയാണ് ഹോണ്ട. അതാണ് ഹോണ്ട സിറ്റി ഇ: എച്ച്‌ഇ‌വി!

പുതിയ ഹോണ്ട വിങ് ഫേസാണ്‌ സിറ്റിയുടെ മുൻവശത്തിന് കൊടുത്തിരിക്കുന്നത്.  നീല ഹൈ ലൈറ്റുള്ള ഇ: എച്ച്‌ഇ‌വി സിഗ്നേചർ എച്ച് ലോഗോ ഇതിൽ ചേർത്തിരിക്കുന്നു. 9 ഇൻലൈൻ ഷെൽ ഹെഡ് ലാമ്പും ഡി‌ആർ‌എല്ലും എൽ ഷേപ്പിലുള്ള ടേൺ ഇന്റികേറ്ററും ക്ലോ ഷേപ്പിലുള്ള ഗാർനിഷിങ്ങിൽ ഫോഗ് ലാമ്പും ചേർന്ന് മുൻവശം ഭംഗിയാക്കിയിരിക്കുന്നു. ബ്ലാക്ക്‌ പെയിന്റ്‌ ചെയ്ത ഡയമണ്ട് കട്ട് അലോയ് വീൽ, ഹെഡ് ലാമ്പിൽനിന്ന്‌ ടെയ്ൽ ലാമ്പുവരെ എത്തുന്ന സ്ട്രോങ് ഷോൾഡർ ലൈൻ, ഡ്യുവൽ ടോൺ ഒആർ‌വി‌എം വശങ്ങളെയും ഭംഗിയാക്കുന്നു. പിന്നിൽ, പുതിയ ട്രങ്ക് ലിപ്പ് സ്പോയിലർ, പുതിയ കാർബൺ ഫിനിഷ് ബംബർ ഡിഫ്ഫ്യൂസർ, യൂണിഫോം എഡ്ജ് ലൈറ്റും സൈഡ് മാർക്കർ ലാമ്പുമുള്ള സെഡ് ഷേപ്പിൽ 3ഡി എൽ‌ഇ‌ഡി ടെയ്ൽ ലാമ്പ് ഹോണ്ട സിറ്റി ഇ: എച്ച്‌ഇ‌വിയുടെ ഐഡന്റിറ്റിയായിമാറുന്നു.


 

സ്റ്റീറിങ്‌ വീലിനുപിന്നിൽ ഇരിക്കുമ്പോൾ കാണുന്നത് ഇ: എച്ച്‌ഇ‌വിയുടെ പവർ ഫ്ലോ മീറ്റർ ഉൾപ്പെടെ മൾട്ടി ഫങ്ഷൻസുള്ള എച്ച്‌ഡി ഫുൾ കളർ 7 ഇഞ്ച് ടി‌എഫ്‌ടി മീറ്റർ കൺസോളാണ്. ഇതിൽ ഹോണ്ടയുടെ സെൻസിങ് സപ്പോർട്ടും മറ്റു മുന്നറിയിപ്പുകളും കാണാം. ഹോണ്ടയുടെ അഡ്വാൻസ് ഡ്രൈവിങ് അസിസ്റ്റൻസ് സിസ്റ്റമാണ് ‘സെൻസിങ്’,  ഇതിൽ ആക്സിഡന്റ്‌ നടക്കാനുള്ള സാധ്യത മനസ്സിലാക്കി ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുകയും സ്വയം ബ്രേക്ക്‌ ചെയ്ത് വാഹനം സ്ലോയാക്കുകയും ചെയ്യുന്ന കൊള്ളിഷൻ മീറ്റിഗേഷൻ ബ്രേക്കിങ് സിസ്റ്റം, റോഡിന്റെ പരിമിതിയിൽനിന്ന്‌ പുറത്തുപോകാൻ സാധ്യതയുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകി സ്റ്റീറിങ്‌ കൺട്രോൾ ചെയ്യുന്ന റോഡ് ഡിപ്പാർച്ചർ മീറ്റിഗേഷൻ സിസ്റ്റം, അഡാപ്ടീവ് ക്രൂസ് കൺട്രോൾ, ലേൻ കീപ്പ് അസീസ്റ്റ് സിസ്റ്റം മുതലായവയാണ് ഹോണ്ട സെൻസിങ്ങിലുള്ള പ്രധാന ഫീച്ചറുകൾ. 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്‌ൻമെന്റ്‌ സിസ്റ്റത്തിൽ ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ്‌ ഓട്ടോ, വെബ് ലിങ്ക് മുതലായവയിലൂടെ സ്മാർട്ട് വാച്ച്, സ്മാർട്ട് ഫോൺവഴി കണക്റ്റഡാകാം. ഇന്ത്യയിലെ ആദ്യത്തെ അലക്സാ റിമോട്ട് കേപ്പബിലിറ്റിയുള്ള കാറാണ് ഹോണ്ട സിറ്റി ഇ: എച്ച്‌ഇ‌വി. ഹോണ്ട സിറ്റിയുടെ സുഖസൗകര്യവും സ്ഥലസൗകര്യവും എടുത്തുപറയേണ്ട കാര്യമില്ല, മറ്റ്‌ സെഡാനുകൾക്ക് മാതൃകയാണ് ഹോണ്ട സിറ്റിയുടെ അകം,  ബ്ലാക്ക്‌ ഐവറി കളർ കോമ്പിനേഷനാണ് ഇതിലുള്ളത്.

പുതിയ ഹോണ്ട സിറ്റിയുടെ ഊർജകേന്ദ്രം 1.498 സി‌സി അറ്റ്കിൻസൺ സൈക്കിൾ ഡി‌ഒഎച്ച്‌സി ഐ-വി ടെക് പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും പിന്നെ സ്വയം ചാർജാകുന്ന ലിഥിയം അയൺ ബാറ്ററിയും അടങ്ങുന്നതാണ്. കേൾക്കുമ്പോൾ അൽപ്പം കുഴഞ്ഞതാണെന്ന് തോന്നുമെങ്കിലും സംഗതി സുഗമമാണ്! സാധാരണ ഹോണ്ട സിറ്റിയുടെ എൻജിൻ ഔട്ട്പുട്ട് 121 എച്ച്‌പിയും 145 ന്യൂട്ടൻ മീറ്റർ ടോർക്കുമാണ്. എന്നാൽ, പുതിയ സിറ്റിയുടെ ശേഷി 98എച്ച്‌പിയും 127 ന്യൂട്ടൻ മീറ്റർ ടോർക്കും മാത്രമാണ്. ഈ കുറവ് പരിഹരിക്കുന്നത് രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ്. അതിലൊന്ന് എൻജിനിൽനിന്നുള്ള ഊർജം ഉൾക്കൊണ്ട് ബാറ്ററി ചാർജ് ചെയ്യുന്നതിനായിമാത്രം പ്രവർത്തിക്കുന്നതാണ്. രണ്ടാമത്തെ മോട്ടോർ 109 ബി‌എച്ച്‌പിയും 253 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന  ട്രാക്‌ഷൻ മോട്ടോറാണ്. ഇത് ബാറ്ററിയിൽനിന്ന്‌ പവറെടുത്ത് പ്രവർത്തിക്കുന്നു. ഈ മോട്ടോറും എൻജിനും ഒരുമിച്ചോ സ്വതന്ത്രമായോ മുൻ വീലുകളെ ചലിപ്പിക്കുന്നു.


 

ചുരുക്കിപ്പറഞ്ഞാൽ, ഹോണ്ട സിറ്റി ഇ: എച്ച്‌വി മുഴുവനായി ഇലക്ട്രിക്കായും ഹൈബ്രിഡായും എൻജിൻമാത്രമായും സൗകര്യം അനുസരിച്ച് പ്രവർത്തിക്കുന്നു. എൻജിൻ സ്റ്റാർട്ട് ചെയ്യുന്നത് ഒരു ഇലക്ട്രിക് വാഹനംപോലെ നിശ്ശബ്ദമാണ്. ഒരു പ്രത്യേക വേഗംവരെ ഇലക്ട്രിക് മോട്ടോർ പ്രവർത്തിക്കുന്നു. വേഗം കൂടുന്നതിനനുസരിച്ച് ഹൈബ്രിഡിലേക്കും പിന്നെ ഏകദേശം 80 കിലോമീറ്റർപ്രതി മണിക്കൂറിലാകുമ്പോൾ എൻജിനിലേക്കും മാറുന്നു. ചില സാങ്കേതികവശങ്ങൾ ഹോണ്ട രഹസ്യമാക്കിവച്ചിരിക്കുന്നതിനാൽ വസ്തുതകൾ  കൃത്യമായി പറയാൻ സാധിക്കില്ല. ഹോണ്ട സിറ്റിയുടെ ഇന്ധനക്ഷമത 26.5 കിലോമീറ്റർപ്രതി ലിറ്ററാണ്.  ഇത്രയും കോംപ്ലിക്കേറ്റഡായ പ്രവർത്തനം ബോണറ്റിന് അടിയിൽ നടക്കുന്നുണ്ടെങ്കിലും ഒരു അണുവിടപോലും ഡ്രൈവ് ചെയ്യുമ്പോൾ അറിയുന്നില്ല എന്നത് അഭിനന്ദനാർഹമാണ്!

ഏറ്റവും പുതിയ ടെക്നോളജിയും സുഖ സ്ഥല സൗകര്യങ്ങൾ സെഗ്മെന്റിലെ ഏറ്റവും നല്ലതാണെങ്കിലും ഹോണ്ട വിലകൊണ്ട് കയറിനിൽക്കുന്നത് മിഡ്‌സൈസ് എസ്‌യു‌വി ഡൊമെയിനിലാണ്. 19.5 ലക്ഷം രൂപ എക്സ് ഷോ റൂം വിലയുള്ള ഹോണ്ട സിറ്റിക്ക് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ സാധിക്കുമോയെന്ന് കണ്ടറിയണം!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top