26 January Tuesday

താങ്ങാവുന്ന വിലയില്‍ സിവിടി സുഖവുമായി ഡാട്സൺ ഗോ

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2019

നിസ്സാൻ 2014ലാണ് ഡാട്സൺ ബ്രാൻഡിന് പുതുജീവൻ നൽകിയത്. ഗോ എന്ന ഹാച്ച്ബാക്കും ഗോ പ്ലസ് എന്ന 7 സീറ്റർ കാറും വിപണിയിൽ എത്തിച്ചുകൊണ്ടായിരുന്നു ഡാട്സൺ ഇന്ത്യയിലേക്ക് പ്രവേശിച്ചത്. 

വിലയ്ക്കൊത്ത മൂല്യം എന്നതാണ്‌ ഈ മോഡലുകളുടെ മുദ്രാവാക്യം. കഴിഞ്ഞവർഷം ഇവയുടെ നവീകരിച്ച പതിപ്പുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. മത്സരക്ഷമത വർധിപ്പിക്കുന്നതായിരുന്നു പുതുമകൾ. ഏറ്റവും ഒടുവിലായി, രണ്ടു കാറുകൾക്കും ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുകളും ലഭ്യമാക്കി.

ബജറ്റ് മോഡലുകളിൽ മറ്റു പല കമ്പനികളും കൂടുതൽ ഇന്ധനക്ഷമതയുള്ളതും ചെലവ് കുറഞ്ഞതുമായ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്സുകൾ അവതരിപ്പിക്കുമ്പോൾ, സിവിടിയാണ് (കണ്ടിന്യൂസ്‌ലി വേരിയബിൾ ട്രാൻസ്‌മിഷൻ) ഡാട്സൺ ഈ കാറുകൾക്കായി തെരഞ്ഞെടുത്തത്. റിഫൈൻമെന്റിന് പേരുകേട്ടതാണ് സിവിടി ഗിയർ ബോക്സുകൾ. നഗരത്തിരക്കുകളിൽ തികച്ചും സ്‌മൂത്തായ പ്രകടനം കാഴ്ചവയ്‌ക്കാൻ ഇത്‌ സഹായിക്കും. എഎംടി നൽകുന്നതിനേക്കാൾ ഒഴുക്കുള്ള ഡ്രൈവ് അനുഭവം പ്രതീക്ഷിക്കാമെന്ന് ചുരുക്കം.


 

പുതിയ ക്രാഷ് ടെസ്റ്റ് നിബന്ധനകൾക്ക്‌ അനുസൃതമായി ബോഡി കൂടുതൽ ബലപ്പെടുത്തിയെന്നതും ഫേസ് ലിഫ്റ്റിലെ ശ്രദ്ധേയമായ പുതുമയാണ്. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള സംവിധാനവും ഉൾപ്പെടുത്തി. ഏഴിഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റിന് വോളിയം കൺട്രോൾ, വോയ്സ് കമാൻഡ്‌ ബട്ടനുകൾ ലഭിച്ചു. സ്റ്റൈലിങ്ങിലും ഇന്റീരിയറിലും മാറ്റങ്ങളുടെ ഉണർവ്‌ പ്രകടം. രണ്ട് എയർബാഗുകൾ, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, സീറ്റ് ബെൽറ്റ് റിമൈൻഡർ, റിയർ പാർക്കിങ് സെൻസറുകൾ എന്നിവ സ്റ്റാൻഡാർഡായി. കൂടാതെ ഈ വർഷമാദ്യം, ഉയർന്ന വേരിയന്റുകളിൽ വെഹിക്കിൾ ഡൈനാമിക് കൺട്രോൾ ഉൾപ്പെടുത്തുകവഴി, ബജറ്റ് സെഗ്‌മെന്റുകളിൽ ഇത്‌ ലഭ്യമാകുന്ന ആദ്യ കാറുകളായി ഗോയും ഗോ പ്ലസും.

2 ലിറ്റർ പെട്രോൾ എൻജിനാണ് രണ്ടു കാറുകളിലുമുള്ളത്. മാന്വൽ വേർഷനിൽ 68 എച്ച്പിയും സിവിടിയിൽ 77 എച്ച്പിയും പവർ ലഭിക്കും. ലിറ്ററിന് 19.72 കിലോമീറ്ററാണ് മാന്വൽ കാറുകളുടെ മൈലേജ് വാഗ്ദാനം. സിവിടിയിൽ 20.07 (ഗോ)ഉം 19.41 (ഗോ പ്ലസ്)ഉം. ടി, ടി (ഒ) എന്നീ ഉയർന്ന വേരിയന്റുകളിലാണ് സിവിടി ലഭ്യമാകുന്നത്. എക്സ്ഷോറൂം വില 5.94 ലക്ഷം രൂപയിലും (ഗോ) 6.58 ലക്ഷം രൂപയിലും (ഗോ പ്ലസ്) ആരംഭിക്കുന്നു.

ടോപ്​ഗിയർ മാ​ഗസിന്റെ എഡിറ്റർ ഇൻ ചീഫാണ്  ലേഖകൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top