18 August Sunday

നെറ്റ് ജീവിതം നിയന്ത്രിക്കുന്ന ഡിജിറ്റല്‍ വര്‍ഷം

കെ അന്‍വര്‍ സാദത്ത്Updated: Thursday Jan 7, 2016

ഡിജിറ്റല്‍ യുഗത്തിന്റെ പുതിയ മന്ത്രം സര്‍വം ഇന്റര്‍നെറ്റധിഷ്ഠിതമാകുന്ന 'ഇന്റര്‍നെറ്റ് ഓഫ് തിങ്സ്' (IOT) സങ്കല്‍പ്പമാണ്. ഇതിലൂടെ 'ഡിജിറ്റല്‍യുഗം' യാഥാര്‍ഥ്യമാകുന്ന പുതുവര്‍ഷമാണ് കടന്നുവരുന്നത്.

ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയും സ്മാര്‍ട്ട്ഫോണ്‍പോലുള്ള ഉപകരണങ്ങളും വ്യാപകവും ചെലവുകുറഞ്ഞതുമാകുമ്പോള്‍ ഇന്റര്‍നെറ്റിന്റെ സ്വാധീനം മൊബൈല്‍ ഫോണിലും, ടാബ്ലറ്റുകളിലെറ്റുമായി ചുരുങ്ങുന്നില്ല. നമ്മുടെ വാച്ച്, പേന, മാല, വസ്ത്രം (ധരിക്കാവുന്നവ) എന്നിങ്ങനെ തുടങ്ങി വീട്ടിലെ ബള്‍ബിലും, ഫ്രിഡ്ജിലും എല്ലാം ഇന്റര്‍നെറ്റ് സ്വാധീനം ഉണ്ടാകും. അവ പരസ്പരം സംവദിക്കും. സൂക്ഷ്മ സെന്‍സറുകളാല്‍ വിവരങ്ങള്‍ കൈമാറും; ലൈവായിത്തന്നെ.

ഇപ്രകാരം വ്യത്യസ്ത ഉപകരണങ്ങളാല്‍ ബന്ധപ്പെട്ടുകിടക്കുന്ന ഒരു ശൃംഖലാ സംവിധാനം– 'ഡിവൈസ് മെഷ്' (Device Mesh) എന്ന സങ്കല്‍പ്പംതന്നെ ഇതിനു പൂരകമായി പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റ് സംവിധാനമുള്ള ഉപകരണങ്ങള്‍ക്ക് പ്രത്യേക വിലാസം നല്‍കുന്ന ഐപി (Internet Protocol) സംവിധാനം കേവലം 32 ബിറ്റുകള്‍ പ്രയോജനപ്പെടുത്തുന്ന ഐപിയുടെ നാലാം പതിപ്പില്‍നിന്ന് (IPV4) 128 ബിറ്റുകള്‍വരെ പ്രയോജനപ്പെടുത്താവുന്ന ആറാം പതിപ്പിലേക്ക് (IPV6) മാറിത്തുടങ്ങിയത് ഇതിന്റെ ലക്ഷണംകൂടിയാണ്. അതായത്, പരിധിയില്ലാത്ത ഉപകരണങ്ങളെ ഇനി ഇന്റര്‍നെറ്റിനാല്‍ ബന്ധിപ്പിക്കാം. അതുപോലെ 4ജി ഇന്റര്‍നെറ്റ് കേരളത്തിലും വ്യാപകമാകും.

ഐഒടി പോലെത്തന്നെ അനുസ്യൂതമായ ഡാറ്റയെ ശേഖരിച്ചുവയ്ക്കാനുളള 'ബിഗ് ഡാറ്റ' സങ്കല്‍പ്പം കോര്‍പറേറ്റുകളുടെ വ്യാവസായിക അപ്ളിക്കേഷന്‍ ഡിസൈനുകള്‍ക്കുള്ള ഉപാധി എന്ന നിലയില്‍നിന്ന് സാധാരണക്കാരിലേക്കെത്താന്‍ പോകുകയാണ്. മില്ലി സെക്കന്‍ഡുകള്‍വച്ച് (ഒരുപക്ഷേ അതുക്കും താഴെ) നമ്മുടെ ശ്വസനനിരക്കുവരെ അടയാളപ്പെടുത്താനും അതുവഴി രോഗനിര്‍ണയം നടത്താനും കഴിയുന്ന സംവിധാനം 'ബിഗ് ഡാറ്റ' വിശകലനത്തിലൂടെ സാധ്യമാകും. അതിസൂക്ഷ്മ ലോകത്തിലെ അനന്തസാധ്യതകള്‍, ആരോഗ്യംമുതല്‍ ബഹിരാകാശംവരെയുള്ള മേഖലകളില്‍ പ്രയോജനപ്പെടുത്താന്‍കഴിയുന്ന 'നാനോ ടെക്നോളജി' സങ്കേതങ്ങളുടെ ഉപയോഗം ഇവയെ ബലപ്പെടുത്തും.

സോഷ്യല്‍ മീഡിയയുടെ ഒന്നാം തലമുറ കാലഹരണപ്പെട്ടു കഴിഞ്ഞു. വാട്സ് ആപ്പോലുള്ള മെസേജിങ് ആപ്പുകളാണ് ഇപ്പോള്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നത്. ഇവയില്‍ തത്സമയ വീഡിയോ പ്രക്ഷേപണംകൂടെ, കുറഞ്ഞ ഡാറ്റാ ട്രാഫിക്കില്‍ സാധ്യമാക്കുക എന്നതാണ് വെല്ലുവിളി. മൊബൈല്‍ ആപ്പുകള്‍ വ്യാപകമാകുക മാത്രമല്ല, സാധാരണ വെബ്സൈറ്റുകളെ ഇവ അപ്രസക്തമാക്കും. ഇപ്പോള്‍തന്നെ പല ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ആപ്വഴിയുള്ള ക്രയവിക്രയങ്ങള്‍ക്ക് ഡിസ്കൌണ്ട് ഏര്‍പ്പെടുത്തുന്നത് ഇതിന്റെ മുന്നോടിയാണ്. വ്യാപാരം കൂടുതല്‍  മേഖലകളില്‍ ഓണ്‍ലൈന്‍വഴിയാവും. ഫ്ളിപ് കാര്‍ട്ടും, ആമസോണും, മിന്ധ്രയും, ഒലയും, യൂബറും മാത്രമല്ല, നമ്മുടെ ചെറുകിട വ്യാപാര ശൃംഖലകളും പ്രാദേശിക ഓട്ടോ–ടാക്സി സമ്പ്രദായങ്ങളുമെല്ലാം ക്രമേണ ഈ രീതിയിലേക്കു വരും. 1000 ഓട്ടോഡ്രൈവര്‍മാരില്‍ 100 പേര്‍ മാത്രമേ കോഴിക്കോട് 'ഹലോ–ഓട്ടോ' ആപ്പില്‍ രജിസ്റ്റര്‍ചെയ്തുള്ളു എന്നിങ്ങനെയുള്ള പരിമിതികള്‍ വളരെയെളുപ്പം മറികടക്കും.

സാങ്കേതികവിദ്യയുടെ സ്വാധീനവും വ്യാപ്തിയും കൂടുന്നതിനനുസരിച്ച് ഭരണപ്രക്രിയയിലും ജനസേവനങ്ങള്‍ ലഭ്യമാക്കുന്നതിലും (ഇ–ഗവേര്‍ണന്‍സ്) ഇവ പ്രയോജനപ്പെടുത്താനുള്ള സങ്കേതങ്ങള്‍ അതിനനുസൃതമായി വളര്‍ച്ചപ്രാപിച്ചിട്ടില്ല. അക്ഷയയും, ഐടി@സ്കൂളും എല്ലാം മാതൃകകാണിച്ച കേരളത്തില്‍പ്പോലും സാങ്കേതികമായി 'ഡിജിറ്റല്‍ കേരളം' ആയി എന്ന് പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇവയുടെ യഥാര്‍ഥ ഗുണങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ മന്ദഗതിയുണ്ടായി. 10 വര്‍ഷം മുമ്പ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 'നാഷണല്‍ ഇ–ഗവേര്‍ണന്‍സ് പദ്ധതി' (NEGP)യുടെ തുടര്‍ച്ചയായി ഇപ്പോള്‍ 'ഡിജിറ്റല്‍ ഇന്ത്യ' പദ്ധതി ദേശീയതലത്തില്‍ പ്രഖ്യാപിച്ചെങ്കിലും, സാങ്കേതികമായി നടപ്പാക്കാനുള്ള ശേഷി നമുക്കുണ്ടെങ്കിലും, നടപ്പാക്കുന്നവരും നടപ്പാക്കലിന്റെ രീതിയും അനുസരിച്ചു മാത്രമേ ഇവയുടെ സ്വാധീനം വിലയിരുത്താനാകൂ.

യന്ത്രങ്ങള്‍ക്ക് സ്വയം പഠിച്ച് പ്രവര്‍ത്തിക്കാനുള്ള ശേഷി ഉണ്ടാക്കുക (Advanced Machine Learning), മൊബൈല്‍ ആപ്പുകള്‍പോലെ വിര്‍ച്വല്‍ പേഴ്സണല്‍ അസിസ്റ്റന്റുമാര്‍ (VPAs)  ഒക്കെ ഉള്‍പ്പെടുന്ന സ്വയംപര്യാപ്തമായ 'ഏജന്റുകള്‍' വ്യാപകമാക്കുക, ആഗ്മെന്റ് റിയാലിറ്റി പരീക്ഷണങ്ങള്‍ യാഥാര്‍ഥ്യമാക്കുക എന്നിവമുതല്‍ നിലവില്‍ വന്ന 3ഡി പ്രിന്റിങ് വിപുലീകരിച്ച് ജൈവ ഉല്‍പ്പന്ന നിര്‍മാണം സാധ്യമാക്കുക തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളുടെ വളര്‍ച്ചയാണ് ഡിജിറ്റല്‍യുഗത്തിന്റെ മറ്റൊരു മുഖം.

നാനോ ടെക്നോളജിയുടെ പോലെത്തന്നെ 'നിര്‍മിതബുദ്ധിയും (Artificial Intelligence) പ്രവചനങ്ങളില്‍നിന്ന് ഇനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ട്.
സര്‍വവ്യാപിയായ നെറ്റ്സംവിധാനങ്ങള്‍ അത്ഭുതം സൃഷ്ടിക്കുമ്പോഴും ഇവയുടെ 'ഇരുതല' പ്രയോഗം പ്രശ്നംതന്നെയാണ്. ഇന്ത്യയില്‍ സ്വതന്ത്ര ഇന്റര്‍നെറ്റ് (net neutrality) സങ്കല്‍പ്പത്തെ ഇല്ലാതാക്കാന്‍ ഫ്രീ–ബേസിക്കുമായി വന്ന ഫെയ്സ്ബുക്കും, അതിനായി 100 കോടി രൂപ പരസ്യത്തിന് മാറ്റിവച്ചതും, നിരവധി ഉപയോക്താക്കള്‍ ഇവരുടെ കെണിയില്‍ വീണതും 2016ന്റെ തുടക്കത്തില്‍ത്തന്നെ നാം കണ്ടതാണ്.

2020ല്‍ 4000 കോടി ഉപകരണങ്ങള്‍ ഇന്റര്‍നെറ്റുമായി ബന്ധം സ്ഥാപിക്കുമെന്ന് പ്രവചിക്കുമ്പോള്‍, പൌരന്റെ സ്വകാര്യതയും സുരക്ഷയും അതേ മടങ്ങ് അപകടത്തിലാവുകകൂടിയാണ്. രാഷ്ട്രസുരക്ഷയും പൌരന്റെ സ്വകാര്യതയും ഒരുപോലെ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ചര്‍ച്ചചെയ്യുമ്പോള്‍തന്നെ ഭരണകൂടം കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കുശ്രമിക്കുന്ന സാഹചര്യവും കൂടുതല്‍ ശക്തമാകും. അതുപോലെ അറിവ് സ്വതന്ത്രമാക്കാനുള്ള ശ്രമങ്ങളും പങ്കാളിത്ത വിവരനിര്‍മാണ ശൈലിയും വിപുലമായ വിജ്ഞാനസമൂഹത്തിന് പുതിയ മാനം നല്‍കാന്‍ പതുവര്‍ഷത്തില്‍ സാധ്യത കൂടുതലാണ്.

(പ്രശസ്ത ഐടി എഴുത്തുകാരനും ഇറാം സയന്റിഫിക്  സിഇഒയുമാണ് ലേഖകന്‍) anvar.k@gmail.com 

പ്രധാന വാർത്തകൾ
 Top