05 October Thursday

എമർജൻസി ലാൻഡിങ്‌ വേണ്ടിവരുന്നത്‌...

ജി എം നായർUpdated: Sunday Feb 26, 2023


നൂറ്റി എഴുപത്താറ്‌ യാത്രക്കാരുമായി കോഴിക്കോട്ടുനിന്ന്‌ ദമാമിലേക്ക്‌ പറന്നുയർന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം  തകരാറിനെത്തുടർന്ന്‌ അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിലിറക്കിയ സംഭവം സൃഷ്ടിച്ച ആശങ്ക ചെറുതൊന്നുമല്ല. രണ്ടരമണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ എമർജൻസി ലാൻഡിങ്‌ നടത്തുകയായിരുന്നു. ഇത്തരം അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സാങ്കേതികവിദ്യയും പ്രായോഗികതയും ഒത്തുചേർന്നുള്ള വിപുലമായ തയ്യാറെടുപ്പുകളാണ്‌ വിമാനത്താവളങ്ങളിൽ നടക്കുക. പറന്നുയരുന്നതോ യാത്ര തുടരുന്നതോ ആയ വിമാനങ്ങൾ അടിയന്തരമായി ഇറക്കേണ്ടി വരുന്നതിന്‌ പല കാരണങ്ങളുണ്ട്‌. അവയെപ്പറ്റി:

ഇന്ധനക്കുറവ്‌


യാത്രയ്‌ക്കിടെ സാങ്കേതിക കാരണങ്ങളാലോ ഇന്ധനചോർച്ചകൊണ്ടോ മറ്റേതെങ്കിലും കാരണങ്ങളാലോ വിമാനത്തിൽ ഇന്ധനക്കുറവ്‌ ഉണ്ടാകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്‌. ഇത്തരം സാഹചര്യങ്ങളിൽ പൈലറ്റ്‌ തൊട്ടടുത്ത വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോൾ വിഭാഗത്തിന്‌ വിവരം നൽകും. ബാക്കിയുള്ള ഇന്ധനത്തിന്റെയടക്കം പൂർണ വിവരങ്ങളടക്കമുള്ള വിശദാംശങ്ങളായിരിക്കുമിത്‌. തുടർന്ന്‌ വിമാനത്തിന്റെ വലിപ്പവും മറ്റും പരിഗണിച്ച്‌ സൗകര്യമുള്ള  ഏറ്റവും തൊട്ടടുത്തുള്ള വിമാനത്താവളത്തിൽ  ഉടൻ ഇറങ്ങുന്ന (Priority landig‌)തിനുള്ള അനുമതി നൽകും. മറ്റു വിമാനങ്ങളേക്കാൾ മുന്നേ തന്നെ ഇറങ്ങാനുള്ള അനുമതിയാണിത്‌. വളരെ പെട്ടെന്നും ചുരുങ്ങിയ സമയത്തിനുള്ളിലും എളുപ്പ വഴിയി (short distance)ലും വിമാനത്തെ സുരക്ഷിതമായി ഇറക്കുന്നതിനുള്ള സംവിധാനമാണ്‌  എയർട്രാഫിക് കൺട്രോൾ ഏർപ്പെടുത്തുക.

എൻജിൻ തകരാർ


 സാങ്കേതിക തകരാർമൂലമോ ഇലക്‌ട്രിക്കൽ തകരാർമൂലമോ വിമാനം അടിയന്തരമായി തിരിച്ച്‌ ഇറക്കേണ്ടി വരികയെന്നത്‌ ഏറെ സങ്കീർണമായ പ്രവർത്തനമാണ്‌. തീപിടിത്തംപോലുള്ള അപകടകരമായ അവസ്ഥ ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്‌.  തിരിച്ചിറങ്ങുന്നതിന്‌ മുമ്പ്‌ വിമാനത്തിലെ ഇന്ധനം പ്രത്യേക സംവിധാനം ഉപയോഗിച്ച്‌ ചോർത്തിക്കളയണം. വിമാനത്തിന്‌ ഇറങ്ങാൻ വേണ്ടി മാത്രമുള്ള ഇന്ധനമേ ബാക്കി ഉണ്ടാകാവു.(തിരുവനന്തപുരത്ത്‌ ഇറക്കിയ വിമാനത്തിൽ ആറു മണിക്കൂർ പറക്കാനുള്ള ഇന്ധനമാണ്‌ ഉണ്ടായിരുന്നത്‌. ഇത്‌ ഒഴുക്കിക്കളയാൻ ഒരു മണിക്കൂർ സമയമാണ്‌ ആകാശത്ത്‌ വട്ടമിട്ട്‌ പറന്നത്‌!)

ചക്രങ്ങളുടെ തകരാർ

വലിപ്പവും മറ്റും പരിഗണിച്ച്‌ വിമാനങ്ങളുടെ ചക്രങ്ങൾ അളവിലും എണ്ണത്തിലും വ്യത്യാസപ്പെട്ടിരിക്കും. ഓരോ യാത്രയിലും ടയറുകളുടെ ക്ഷമതാ പരിശോധന നടത്തിയ ശേഷമാണ്‌ വിമാനങ്ങൾ പറന്നുയരുക. എന്നിരുന്നാലും പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്‌. ടയർ പൊട്ടുക, ഇളകി മാറുക എന്നിവയാണ്‌ ഇവയിൽ പ്രധാനം. കവചത്തിൽനിന്ന്‌ ടയർ പുറത്തു വരാതിരിക്കുന്ന അവസ്ഥയുമുണ്ട്‌.
ഇത്തരം സാഹചര്യങ്ങളിൽ അടിയന്തര ലാൻഡിങ്ങിനായി  വിമാനം താഴ്ത്തി പറത്തും. ടയറിന്റെ അവസ്ഥ മനസ്സിലാക്കി ആയിരിക്കും വിമാനത്താവളത്തിലെ ക്രമീകരണങ്ങൾ.  തീപിടിത്ത സാധ്യതയടക്കമുള്ള സാഹചര്യങ്ങൾ മുന്നിക്കണ്ടാകും ഒരുക്കങ്ങൾ. വിമാനത്തിന്റെ ഹൈഡ്രോളിക്‌ സംവിധാനങ്ങളിലെ തകരാർ നിരന്തരം വാർത്തയാകാറുണ്ട്‌.

മർദവ്യത്യാസം

വിമാനം വളരെ ഉയരത്തിൽ പറക്കുമ്പോൾ പുറമെയുള്ള അന്തരീക്ഷ മർദവും അകത്തുള്ള മർദവും തമ്മിലുള്ള വ്യത്യാസം ചില സമയത്ത്‌ അപകടം ക്ഷണിച്ചു വരുത്താറുണ്ട്‌. ഉള്ളിലെ മർദം നിയന്ത്രണവിധേയമായില്ലെങ്കിൽ വിമാനത്തിന്റെ നിയന്ത്രണംതന്നെ നഷ്‌ടമാകാം. മർദനിയന്ത്രണ സംവിധാനങ്ങളിലെ തകരാർ ശ്രദ്ധിയിൽപെട്ടാലുടൻ അടിയന്തര ലാൻഡിങ്ങിന്‌ പൈലറ്റ്‌ അനുമതി തേടുകയാണ്‌ ചെയ്യുക.

മെഡിക്കൽ എമർജൻസി

വിമാന യാത്രക്കാർക്കോ ജോലിക്കാർക്കോ യാത്രയ്‌ക്കിടയിൽ ഹൃദ്‌‌രോഗംപോലുള്ള അസുഖങ്ങൾ ഉണ്ടായാൽ  അടിയന്തരമായി തൊട്ടടുത്ത വിമാനത്താവളത്തിൽ ഇറക്കേണ്ടിവരും. വിവരം ലഭിച്ചാലുടൻ മെഡിക്കൽ സംഘത്തെ സജ്ജമാക്കുകയും വിമാനമിറങ്ങിയാൽ ആശുപത്രിയിൽ ഉടൻ എത്തിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.

പക്ഷി ശല്യം


വിമാനത്തിലോ എൻജിൻ ഭാഗത്തോ പക്ഷി ഇടിക്കുന്നതുമൂലമുള്ള തകരാർ വിമാനങ്ങൾ അടിയന്തരമായി ഇറക്കുന്നതിന്‌ കാരണമാകുന്നുണ്ട്‌. വിമാനം പറന്നുയരുന്ന സമയത്താണ്‌ മിക്കപ്പോഴും ഇതുണ്ടാകുക. മാലിന്യപ്രശ്‌നം രൂക്ഷമായ പ്രദേശങ്ങളിലാണിത്‌ ഏറെയും. തീപിടിത്തംവരെ ഉണ്ടായേക്കാം. മുകളിൽ പറഞ്ഞ കാരണങ്ങൾ കൂടാതെ വിമാന റാഞ്ചൽപോലുള്ളവയെ  തുടർന്നും കാലാവസ്ഥ മോശമായ സാഹചര്യങ്ങളിലും  അടിയന്തരമായ ലാൻഡിങ്‌ ഉണ്ടായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌.

വിപുലമായ ക്രമീകരണങ്ങൾ
|
ഓരോ പ്രശ്‌നവും നേരിടുന്നത്‌ സാഹചര്യങ്ങളുടെ മുൻഗണനാ ക്രമങ്ങളുടെ അടിസ്ഥാനത്തിലാണ്‌. അതിതീവ്ര അപകടസാഹചര്യമാണെങ്കിൽ വിമാനത്താവളത്തിൽ ഫുൾ എമർജൻസി പ്രഖ്യാപിച്ചാകും പ്രവർത്തനങ്ങൾ നീക്കുക. ഏത്‌ അടിയന്തര സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങളാകും നടക്കുക. എയർട്രാഫിക് കൺട്രോൾ, കമ്യൂണിക്കേഷൻ വിഭാഗം, ഫയർഫോഴ്‌സ്‌, പൊലീസ്‌, മെഡിക്കൽ, എയർലൈൻസ്‌ വിഭാഗം, ആംബുലൻസ്‌, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരെല്ലാം സുസജ്ജമായിരിക്കും. സമീപ ആശുപത്രികൾക്കെല്ലാം ജാഗ്രതാ നിർദേശം നൽകും. മറ്റ്‌ വിമാനങ്ങൾ വഴിതിരിച്ചു വിടുകയോ ക്രമീകരിക്കുകയോ ചെയ്യും. ഏകോപിച്ചുള്ള പ്രവർത്തനമാകും നടക്കുക. ശാസ്‌ത്ര–-സാങ്കേതിക വിദ്യാരംഗത്ത്‌ അനുദിനം ഉണ്ടാകുന്ന പുരോഗതി ഇത്തരം കാര്യങ്ങളെയും വ്യോമയാന മേഖലയെയും കൂടുതൽ കാര്യക്ഷമമാക്കാനും സുരക്ഷിതമാക്കാനും കഴിയുന്നു.

(തിരുവനന്തപുരം അന്താരാഷ്‌ട്രവിമാനത്താവളത്തിലെ മുൻ എയർട്രാഫിക് കൺട്രോളറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top