30 September Saturday

ബഹിരാകാശ ദൗത്യങ്ങള്‍ക്കൊരുങ്ങി കേരളത്തിന്റെ ആദ്യ എയ്‌റോസ്‌പേസ് സ്റ്റാര്‍ട്ടപ്പ് 'ഐഎയ്‌റോ സ്‌കൈ'

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

കൊച്ചി > മലയാളികളുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് പുതിയ മാനം നല്‍കാന്‍ ഒരുങ്ങി യുവഎഞ്ചിനീയര്‍മാരുടെ കൂട്ടായ്മയില്‍ പിറന്ന കേരളത്തിന്റെ ആദ്യത്തെ എയ്‌റോസ്‌പേസ് സ്റ്റാര്‍ട്ടപ്പായ 'ഐഎയ്‌റോ സ്‌കൈ'. റോബോട്ടിക്‌സ് മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഐഹബ്ബ് റോബോട്ടിക്‌സിന്റെ അനുബന്ധ സ്ഥാപനമായ ഐ എയ്റോ സ്‌കൈ നിര്‍മിച്ച ആദ്യ കമ്യൂണിക്കേഷന്‍ സാറ്റലൈറ്റിന് നമ്പിനാരായണന്റെ പേരാണ് നല്‍കിയിരിക്കുന്നത്. ഐഹബ് റോബോട്ടിക്‌സിന്റെ പുതിയ പ്രൊഡക്ഷന്‍ ഹൗസ് ഉദ്ഘാടനവും എയ്‌റോ സ്‌പേസ് സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചെടുത്ത നമ്പി സാറ്റ് 1ന്റെ പ്രഖ്യാപനവും  ശനിയാഴ്ച ഉച്ചക്ക് 2.30ന് വ്യവസായ മന്ത്രി പി രാജീവ് ഇടപ്പള്ളിയില്‍ നിര്‍വഹിക്കും.

2026-ഓടെ കുറഞ്ഞ ചെലവില്‍ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളും റോക്കറ്റുകളും വിക്ഷേപിച്ച് ആശയവിനിമയ സാങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഐഹബ് റോബോട്ടിക്‌സ് സിഇഒ ആദില്‍ കൃഷ്ണ പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കിയ നമ്പി സാറ്റ് 1 ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രമോഷന്‍ ആന്‍ഡ് അതോറൈസേഷന്‍ സെന്ററിന്റെ (ഇന്‍-സ്‌പേസ്) സഹകരണത്തോടെ ഐഎസ്ആര്‍ഒയുടെ റോക്കറ്റില്‍ വിക്ഷേപിക്കാനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. എയ്റോ സ്‌കൈ സ്വന്തമായി വികസിപ്പിക്കുന്ന ആദ്യ റോക്കറ്റ് 2025ല്‍ പൂര്‍ത്തിയാക്കി 2026ഓടെ വിക്ഷേപിക്കും. ഈ പദ്ധതിക്ക് ഇന്‍-സ്‌പേസിന്റെ സാമ്പത്തിക സഹായമുണ്ടാകും. എല്ലാവര്‍ക്കും ബഹിരാകാശ യാത്ര സാധ്യമാക്കുക എന്ന വലിയ സ്വപ്‌നത്തിലേക്കുള്ള ആദ്യ ചുവടുവെയ്പാകും ആദ്യ റോക്കറ്റിന്റെ വിക്ഷേപണമെന്ന് ആദില്‍ കൃഷ്ണ പറയുന്നു.

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പരിസ്ഥിതി, കൃഷി എന്നീ മേഖലകള്‍ക്കാവശ്യമായ കൃത്യതയുള്ള ഡാറ്റ ലഭ്യമാക്കുകയാണ് നമ്പി സാറ്റ് 1ന്റെ ദൗത്യം. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് മുന്‍പ് ശേഖരിച്ച ഡാറ്റകളും പുതിയ ഡാറ്റകളും താരതമ്യം ചെയ്താണ് നമ്പി സാറ്റ് പുതിയ ഡാറ്റകള്‍ സൃഷ്ടിക്കുകയെന്നതിനാല്‍ ഇതിന് കൃത്യതയേറും. 5.6 കിലോ മാത്രം ഭാരമുള്ള ഈ നാനോ സാറ്റലൈറ്റിന് 30-35-20 സെന്റിമീറ്റര്‍ വലിപ്പം മാത്രമാണുള്ളത്. ഒരു റിമോട്ട് സെന്‍സിംഗ് ക്യാമറ, ഡാറ്റയും വോയ്‌സ് സിഗ്നലുകളും ഭൂമിയിലേക്കയക്കുന്ന കമ്യൂണിക്കേഷന്‍ സിസ്റ്റം എന്നിവയാണ് സാറ്റലൈറ്റിലുള്ളത്. ഇത് ആറ് മാസം ലോവര്‍ ഓര്‍ബിറ്റില്‍ സഞ്ചരിച്ച് ഡാറ്റകള്‍ ലഭ്യമാക്കും. പ്രോജക്ടിന്റെ ലോഗോ പ്രകാശനം നമ്പി നാരായണനാണ് നിര്‍വഹിച്ചത്.

ഐഹബ് റോബോട്ടിക്‌സ് വിവിധ റോബോട്ടിക്‌സ്- അനുബന്ധ ഉല്‍പ്പന്നങ്ങളുടെ ഗവേഷണവും വികസനവുമാണ് നടത്തുന്നത്. ഹ്യൂമനോയിഡ് റോബോട്ടുകളുടെ വികസനം, റെസ്റ്റോറന്റ് റോബോട്ടുകള്‍, കൂടാതെ മെഡിക്കല്‍ അസിസ്റ്റന്റ് റോബോട്ടുകളും ഐഹബ് റോബോട്ടിക്‌സ് വികസിപ്പിച്ചിട്ടുണ്ട്. റോബോട്ടിക്സ്, എഐ, ഡ്രോണ്‍ തുടങ്ങിയ ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യകളില്‍ തൊഴിലധിഷ്ഠിത കോഴ്സുകളും ലഭ്യമാക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി യങ് ഇന്നൊവേറ്റേഴ്‌സ് എന്ന പ്രോഗാമും നടത്തുന്നുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top