29 May Friday

മൂന്നാമനെ ഇന്നറിയാം; ആശ്വസിക്കാനൊരു ജയം തേടി ഇംഗ്‌ളണ്ടും ബല്‍ജിയവും

വെബ് ഡെസ്‌ക്‌Updated: Saturday Jul 14, 2018

കിരീടത്തിലേക്കുള്ള സ്വ‌പ്‌നപ്രയാണത്തിനിടെ അവസാന കടമ്പയിൽ തട്ടി നിരാശയുടെ ആഴങ്ങളിലാണ്ടു പോയവർക്ക് ആശ്വസിക്കാനൊരു ജയം. ലോകകപ്പിന്റെ കലാശപ്പോരിനു തൊട്ടുമുമ്പ് നടക്കുന്ന ലൂസേഴ്‌‌സ് ഫൈനലിന് ഇറങ്ങുന്ന രണ്ടു ടീമുകളുടെയും മനസ്സിൽ ഇതു തന്നെയാകും. ലോക ഫുട്ബോളിലെ സുവർണസംഘമായ ബൽജിയവും ഫുട്ബോൾ നവേത്ഥാനത്തിന്റെ പ്രസരിപ്പുമായെത്തിയ ഇംഗ്ലണ്ടുമാണ് മൂന്നാം സ്ഥാനത്തിന് മത്സരിക്കുന്നത്. കിരീടപ്പോരിൽ വീണുപോയവരെ ആരും ഗൗനിക്കാറില്ല. ആരാധകരെയും മറ്റു കാണികളെ സംബന്ധിച്ച് ഈ കളിയിൽ അത്ര കാര്യമില്ല. എന്നാൽ, തങ്ങൾ അത്ര മോശക്കാരല്ലെന്നു തെളിയിക്കാനുള്ള അവസരം നഷ്ടമാക്കാൻ ഇരു ടീമുകളും തയ്യാറാകില്ല. പരീക്ഷണങ്ങൾക്കുള്ള സാധ്യതയുമുണ്ട്. 

ലോകകപ്പിൽ വമ്പൻ ടീമുകൾക്ക് അടിതെറ്റിയപ്പോൾ പിടിച്ചുനിന്നവരാണ് ഇംഗ്ലണ്ടും ബൽജിയവും. പ്രാഥമിക ഘട്ടത്തിൽ ഒരേ ഗ്രൂപ്പിലായിരുന്ന ടീമുകൾ ഒരു തവണ മുഖമുഖം വന്നിരുന്നു. ഗ്രൂപ്പിലെ തങ്ങളുടെ മുന്നാം മൽസരത്തിനു മുമ്പ് പ്രീക്വർട്ടർ ഉറപ്പിച്ചതിനാൽ യഥാർഥ ശക്തി മറച്ചുവെച്ചാണ് അന്ന് ഇരുവരും കളിച്ചത്. ബൽജിയം ആദ്യ ഇലവനിലെ ഒമ്പതുപേരെയും ഇംഗ്ലണ്ട് എട്ടുപേരെയും അന്ന് പുറത്തിരുത്തി. ഒരു ഗോളിന് ബൽജിയം ജയിച്ചു. അടുത്ത റൗണ്ടിൽ കരുത്തരായ ബ്രസീലിനെ ഒഴിവാക്കാൻ ഇംഗ്ലണ്ട് തോറ്റു കൊടുത്തതാണെന്നും വാദമുണ്ട്.

അച്ചടക്കവും കണിശതയുമുള്ള ഫുട്ബോൾ കളിച്ച ഫ്രാൻസിന്റെ പ്രാഗത്ഭ്യത്തിനു മുന്നിലാണ് സെമിയിൽ ബൽജിയം അടിയറവ് പറഞ്ഞത്. ക്രൊയേഷ്യയുടെ പോർവീര്യത്തിനു മുന്നിലാണ് ഇംഗ്ലണ്ടിന് അടിതെറ്റിയത്. ഫ്രാൻസിനെതിരെ ബൽജിയം പരിശീലകൻ റോബർട്ടോ മാർട്ടിനസിനു തന്ത്രം പിഴച്ചു. പ്രതിരോധം ഉറപ്പിച്ചു കളിച്ച എതിരാളിക്കു മുന്നിൽ ബൽജിയത്തിന്റെ സൂപ്പർതാരങ്ങൾക്ക് ഒഴുക്കോടെ കളിക്കാനായില്ല. എങ്കിലും ഈ ടൂർണമെന്റിൽ ചുവന്ന ചെകുത്താന്മാർ മികവു കാണിച്ചു. ബ്രസീലിനെ അപ്രതീക്ഷിത തന്ത്രത്തിൽ വീഴ്ത്തിയവർ കിരീടം നേടുമെന്ന് പലരും പ്രതീക്ഷിച്ചു. എന്നാൽ, നിർണായകഘട്ടത്തിൽ മികവു കാട്ടാനായില്ല.

വലിയ ടീമുകൾക്കെതിരെ കളിക്കാതെ സെമിഫൈനലിൽ എത്തിയ ഇംഗ്ലണ്ടിന്റെ ശക്തി യുവതാരങ്ങളാണ്. ഗ്രുപ്പ് ഘട്ടത്തിൽ ഗോളടിച്ചുകൂട്ടിയ ടീമിന് ഫോം തുടരാനായില്ല. എങ്കിലും യുവതാരങ്ങളുടെ മികവ് പ്രതീക്ഷയുണർത്തി. സെമിയിൽ കടുത്ത എതിരാളികൾക്കെതിരെ തുടക്കം തന്നെ ലീഡ് നേടിയിട്ടും അതു നിലനിർത്താൻ കെൽപ്പുണ്ടായില്ല. യുവതാരങ്ങളുടെ പരിചയസമ്പത്തുൾപ്പെടെ ടീമിന്റെ ബലഹീനതകൾ കളിയിൽ വെളിപ്പെട്ടു.  

ലോകകപ്പ് ലൂസേഴ്സ് ഫൈനലിൽ മുമ്പ് ഓരോ തവണ മത്സരിച്ചപ്പോഴും ഇരു ടീമും തോറ്റു. 1986 ൽ ഫ്രാൻസിനോടാണ് ബൽജിയം പരാജയപ്പെട്ടത്. 1990 ൽ ഇംഗ്ലണ്ടിനെ ജർമനി കീഴടക്കി. ഇത്തവണ ഇരുവരും മെച്ചപ്പെട്ട ഫലം കൊതിക്കുന്നു. കഴിഞ്ഞദിവസം ഇരുടീമിലെയും മുഴുവൻ താരങ്ങളും പരിശീലനത്തിന് ഇറങ്ങി. എന്നാൽ, ഇരു ടീമും പ്രമുഖതാരങ്ങളെ കരയ്ക്കിരുത്തി മറ്റുള്ളവർക്ക് അവസരം കൊടുക്കാൻ ഇടയുണ്ട്. ഇംഗ്ലണ്ടിന്റെ ചില താരങ്ങൾക്ക് സെമിയിൽ പരിക്കേറ്റിരുന്നു. കീറൻ ട്രിപ്പിയർ മുടന്തിയാണ് കളംവിട്ടത്.

ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമും ഒരു പോലെ തിളങ്ങി. ഗോളടിക്കുന്നതിൽ ഒരു പോലെ മിടുക്കുണ്ട്. ആറു കളിയിൽനിന്ന് 14 ഗോൾ നേടിയ ബൽജിയം ഏഴെണ്ണം തിരികെ വാങ്ങി. 12 ഗോളടിച്ച ഇംഗ്ലണ്ട് വഴങ്ങിയത് ആറു ഗോളാണ്.

ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ ആറു ഗോളുമായി ഗോൾഡൻ ബൂട്ടിനുള്ള പന്തയത്തിൽ മുന്നിലാണ്. ബൽജിയത്തിന്റെ റൊമേലു ലുക്കാക്കു നാലു ഗോളുമായി പിന്നിലുണ്ട്.

പ്രധാന വാർത്തകൾ
 Top