16 August Sunday

കാര്യവട്ടത്ത്‌ കരീബിയൻ കരുത്ത്‌; വിൻഡീസിന്‌ 8 വിക്കറ്റ്‌ ജയം

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2019

തിരുവനന്തപുരം > ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ എട്ട്‌ വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയത്തോടെ വെസ്റ്റിൻഡീസ്‌ മൂന്ന്‌ മത്സരങ്ങളുടെ പരമ്പരയിലേക്ക്‌ തിരിച്ചുവന്നു(1‐1). ഇന്ത്യ ഉയർത്തിയ 171 റൺസിന്റെ വിജയലക്ഷ്യം സിമൺസിന്റെയും എവിൻ ലൂയിസിന്റെയും നിക്കൊളാസ്‌ പുരന്റെയും മികവിൽ വെസ്റ്റിൻഡീസ്‌ അനായാസം മറികടന്നു. വെസ്റ്റിൻഡ്യൻ ബാറ്റ്‌സ്‌മാൻമാരുടെ പ്രകടനത്തിന്‌ മുന്നിൽ ഇന്ത്യൻ ബൗളർമാർക്ക്‌ മറുപടിയുണ്ടായില്ല. സിമൺസ്‌ 45 പന്തിൽ 67 റൺസും ലൂയിസ്‌ 35 പന്തിൽ 40റൺസും നിക്കൊളാസ്‌ പുരൻ 18 പന്തിൽ 38 റൺസും നേടി. ഷിമ്രോൺ ഹെറ്റ്മയർ 14 പന്തിൽ മൂന്നു സിക്സ് സഹിതം 23 റൺസും നേടി.  ഒമ്പത്‌ പന്തുകൾ ശേഷിക്കെയാണ്‌ വിൻഡീസിന്റെ വിജയം. പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരം 11ന് മുംബൈയിൽ നടക്കും.

 ടോസ്‌ നേടിയ വിൻഡീസ്‌ ക്യാപ്‌റ്റൻ  കീറൺ പൊള്ളാർഡ്‌ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ 30 പന്തിൽ 54 റൺസെടുത്ത യുവതാരം ശിവം ദ്യൂബയാണ്‌ മികച്ച പ്രകടനം കാഴ്‌ച്ചവച്ചത്‌. 11 പന്തില്‍ 11 റണ്‍സെടുത്ത കെ എല്‍ രാഹുലും 18 പന്തിൽ 15 റൺസെടുത്ത രോഹിത് ശർമയും  വിരാട്‌ കൊഹ്‌ലിയും(19), ശ്രേയസ് അയ്യര്‍ (10), ജഡേജയും വലിയ സ്‌കോർ നേടാതെ പുറത്തായപ്പോൾ ഇന്ത്യയ്‌ക്ക്‌ നിശ്ചിത ഓവറിൽ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 170 റൺസ്‌ നേടാനെ സാധിച്ചുള്ളു. ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി ഹൈദരാബാദിൽ നടന്ന ആദ്യ കളിയിലെ ടീമിൽ മാറ്റമില്ലെന്ന്‌ അറിയിച്ചപ്പോൾ തിരുവനന്തപുരം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ  ആരാധകരുടെ ആകാംക്ഷകൾക്ക്‌ വിരാമമായി. കാര്യവട്ടത്തും സഞ്ജു കളിച്ചില്ല.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top