03 December Friday

ആ തീരുമാനം ഞെട്ടിച്ചു: ബവുമ

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021

image credit Temba Bavuma twitter


ദുബായ്‌
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്നതായിരുന്നു ക്വിന്റൺ ഡി കോക്കിന്റെ തീരുമാനം. ലോകകപ്പിലെ പ്രധാന മത്സരത്തിന്‌ തൊട്ടുമുമ്പ്‌, ടീമിലെ ഒത്തിണക്കത്തെ ബാധിക്കുന്ന രീതിയിലുള്ളതായി ഡി കോക്കിന്റെ പിന്മാറ്റം. എന്നാൽ, ടീം ആ സാഹചര്യത്തെ മറികടന്നത്‌ ടെംബ ബവുമയെന്ന ക്യാപ്‌റ്റനിലൂടെയാണ്‌. പ്രതിസന്ധിഘട്ടത്തിൽ നല്ല നായകനായി ബവുമ. പക്വതയോടെ നേരിട്ടു.

വംശീയതയ്‌ക്കെതിരായ പോരാട്ടത്തിൽ ഒപ്പമില്ലെന്ന്‌ പ്രഖ്യാപിച്ചാണ് ഡി കോക്ക്‌ വെസ്‌റ്റിൻഡീസുമായുള്ള മത്സരത്തിൽനിന്ന്‌ പിന്മാറിയത്‌. ഡി കോക്കിന്റെ തീരുമാനം ഞെട്ടിച്ചുവെന്നായിരുന്നു ബവുമയുടെ ആദ്യപ്രതികരണം. ‘ഒരു ടീമെന്നനിലയിൽ ഞങ്ങളെ ആ തീരുമാനം ഞെട്ടിപ്പിക്കുന്നതായിരുന്നു. ടീമിലെ ഏറ്റവും പ്രധാന കളിക്കാരനാണ്‌ ഡി കോക്ക്‌. ബാറ്റർ എന്ന രീതിയിൽമാത്രമല്ല, എല്ലാതരത്തിലും പ്രധാനി. ക്യാപ്‌റ്റൻ എന്നനിലയിൽ എനിക്ക്‌ മുന്നോട്ടുപോകാതിരിക്കാനാകില്ലായിരുന്നു. ഡി കോക്കിന്‌ സ്വന്തമായി തീരുമാനമെടുക്കാൻ അവകാശമുണ്ട്‌. അതിനെ ഞങ്ങൾ ബഹുമാനിക്കുന്നു. അതിന്റെ അനന്തരഫലവും തീരുമാനമെടുത്തയാൾ അനുഭവിക്കേണ്ടിവരും’–- ബവുമ പറഞ്ഞു.

വിൻഡീസുമായുള്ള മത്സരത്തിന്‌ അഞ്ചുമണിക്കൂർമുമ്പാണ്‌ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്‌ ബോർഡ്‌ കളിക്കാർക്ക്‌ നിർദേശം നൽകിയത്‌. എല്ലാ മത്സരത്തിനുംമുമ്പ്‌ മുട്ടുകുത്തി വംശീയതയ്‌ക്കെതിരായ പ്രതിഷേധത്തിൽ പങ്കാളികളാകണമെന്നായിരുന്നു നിർദേശം. ബവുമ എല്ലാ കളിക്കാരെയും ഇക്കാര്യം അറിയിച്ചു. മത്സരത്തിന്‌ രണ്ടുമണിക്കൂർമുമ്പാണ്‌ ഡി കോക്ക്‌ പിന്മാറുന്ന കാര്യം അറിയിച്ചത്‌.

‘ക്യാപ്‌റ്റൻകുപ്പായത്തിലെ ഏറ്റവും കഠിനമായ ദിവസമായിരുന്നു. കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സമയംപോലും കിട്ടിയില്ല. കളത്തിനു പുറത്ത്‌ ഒരുപാട്‌ പ്രശ്‌നങ്ങളുണ്ട്‌. ഇതൊന്നും മാനസികമായി ബാധിക്കാതെ കളിക്കാനാകണം. രാജ്യത്തിനുവേണ്ടി കിരീടം നേടണം’–- ബവുമ വ്യക്തമാക്കി. ഇതിനിടയിലും വിൻഡീസിനെ ആധികാരികമായി തോൽപ്പിക്കാൻ കഴിഞ്ഞു ദക്ഷിണാഫ്രിക്കയ്‌ക്ക്‌. ശ്രീലങ്കയുമായാണ്‌ ദക്ഷിണാഫ്രിക്കയുടെ അടുത്തമത്സരം. ഡി കോക്കിന്റെ നിലപാട്‌ എന്തെന്ന്‌ അറിയാൻ മറ്റു കളിക്കാർക്ക്‌ താൽപ്പര്യമുണ്ട്‌. മുട്ടുകുത്തൽ പ്രതിഷേധത്തിൽ ഭാഗമായില്ലെങ്കിൽ ഡി കോക്കിന്‌ ഇനി ലോകകപ്പിൽ കളിക്കാൻ സാധിച്ചേക്കില്ല. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്‌ ബോർഡ്‌ മറ്റു നടപടികൾ കൈക്കൊള്ളും.  ടീമിൽനിന്ന്‌ പുറത്താക്കാനും സാധ്യതയുണ്ട്‌.

ആഭ്യന്തരപ്രശ്‌നത്തിലാണ്‌ ക്രിക്കറ്റ്‌ ബോർഡ്‌. അഴിമതി ആരോപണങ്ങൾക്കിടയിലാണ്‌. അതിനിടെയാണ്‌ ടീമിലെ കറുത്ത വംശജർക്കെതിരെ വംശീയാധിക്ഷേപമുണ്ടായെന്ന്‌ വെളിപ്പെടുത്തലുണ്ടായത്‌. മുൻ താരങ്ങൾതന്നെയാണ്‌ സഹകളിക്കാർക്കെതിരെ ആരോപണമുന്നയിച്ചത്‌. അന്വേഷണം നടക്കുന്നു. ഈ സംഭവങ്ങൾക്കിടെയാണ്‌ ബവുമ ക്യാപ്‌റ്റനായി എത്തുന്നത്‌. ക്യാപ്‌റ്റനാകുന്ന കറുത്ത വംശജനായ ആദ്യ ദക്ഷിണാഫ്രിക്കൻ ബാറ്റർ. കളത്തിലെ മികവിനൊപ്പം കളത്തിന്‌ പുറത്തും കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്‌ ഈ മുപ്പത്തൊന്നുകാരന്‌. അതിനുള്ള വേദിയാണ്‌ ഈ ലോകകപ്പ്‌. വിൻഡീസിനെതിരായ ജയം ബവുമയുടെ മികവിന്‌ തെളിവാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top