03 December Friday
ദക്ഷിണാഫ്രിക്കയോട്‌ എട്ട്‌ വിക്കറ്റ്‌ തോൽവി

ചാമ്പ്യന്‍മാര്‍ പുറത്തേക്കോ ? വിന്‍ഡീസിന് രണ്ടാം തോല്‍വി; ഉയര്‍ത്തെഴുന്നേറ്റ് ദക്ഷിണാഫ്രിക്ക

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021


ദുബായ്‌
തുടർച്ചയായ രണ്ടാംതോൽവിയോടെ ട്വന്റി–-20 ലോകകപ്പ്‌ ക്രിക്കറ്റിൽ ചാമ്പ്യൻമാരായ വെസ്റ്റിൻഡീസ്‌ പതറുന്നു. ദക്ഷിണാഫ്രിക്കയോട്‌ എട്ട്‌ വിക്കറ്റിനാണ്‌ കീഴടങ്ങിയത്‌.

ഗ്രൂപ്പ്‌ ഒന്നിൽ ഏറ്റവും അവസാന സ്ഥാനത്താണ്‌ വിൻഡീസ്‌. സെമി പ്രതീക്ഷ നിലനിർത്താൻ ശേഷിക്കുന്ന മൂന്നിലും ജയം അനിവാര്യം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടോസ്‌ നഷ്ടമായി ആദ്യം ബാറ്റ്‌ ചെയ്‌ത കരീബിയക്കാർ 143 റണ്ണാണ്‌ നേടിയത്‌. മറുപടിയിൽ 10 പന്ത്‌ ബാക്കിനിൽക്കേ ദക്ഷിണാഫ്രിക്ക ലക്ഷ്യംകണ്ടു. 

മൂന്നാംവിക്കറ്റിൽ ഒത്തുചേർന്ന ഏദെൻ മാർക്രം–റാസി വാൻ ഡെർ ദുസെൻ സഖ്യമാണ് അവരെ അനായാസ ജയത്തിലേക്ക് നയിച്ചത്. മാർക്രം 26 പന്തിൽ 51 റണ്ണുമായും വാൻ ഡെർ ദുസെൻ 51 പന്തിൽ 43 റണ്ണുമായും പുറത്താകാതെനിന്നു. നേരത്തേ നാലോവറിൽ 14 റൺ വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച്ച് നോർത്യെയാണ് വിൻഡീസിനെ ഒതുക്കിയത്. ഡ്വെയ്‌ൻ പ്രിട്ടോറിയസ് മൂന്ന് വിക്കറ്റ് നേടി. സ്കോർ: വിൻഡീസ് 8–143, ദ. ആഫ്രിക്ക 2–144 (18.2).

ഇംഗ്ലണ്ടിനോട് ആദ്യകളിയിൽ 55 റണ്ണിന് പുറത്തായ വെസ്റ്റിൻഡീസ് കരുതലോടെയായിരുന്നു എത്തിയത്. ഓപ്പണറായ എവിൻ ലൂയിസ് (35 പന്തിൽ 56) പതിയെയായിരുന്നു തുടങ്ങിയത്. പിന്നീട് തകർത്തടിച്ചു. എന്നാൽ, ലൂയിസിന് കൂട്ടിനെത്തിയ ലെൻഡൽ സിമ്മൺസ് പതറി. റൺ കണ്ടെത്താൻ വിഷമിച്ചു ഈ വലംകെെയൻ. മറുവശം ലൂയിസ് അനായാസം റൺ കുറിച്ചപ്പോൾ സിമ്മൺസ് വിയർത്തു. 35 പന്ത് നേരിട്ട് ആകെ കുറിച്ചത് 16 റൺ. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗം കുറഞ്ഞ ഇന്നിങ്സുകളിലൊന്ന്‌.

ആറ് സിക്സറും മൂന്ന് ബൗണ്ടറിയും സഹിതമാണ് ലൂയിസ് അരസെഞ്ചുറി കടന്നത്. 11–ാം ഓവറിൽ കേശവ് മഹാരാജിന്റെ പന്തിൽ കഗീസോ റബാദയ്ക്ക് പിടികൊടുത്ത് മടങ്ങുകയായിരുന്നു. ലൂയിസിന്റെ മടക്കം വിൻഡീസിനെ ബാധിച്ചു. നിക്കോളാസ് പുരാൻ (12), ക്രിസ് ഗെയ്ൽ (12), ആന്ദ്രേ റസെൽ (5), ഷിംറോൺ ഹെറ്റ്മെയർ (1) എന്നീ പ്രധാന ബാറ്റർമാരെല്ലാം പരാജയപ്പെട്ടു. ക്യാപ്റ്റൻ കീറൺ പൊള്ളാർഡാണ് (20 പന്തിൽ 26) അവരെ നയിച്ചത്. അവസാന ഓവറുകളിൽ പ്രിട്ടോറിയസും നോർത്യെയും വിൻഡീസിനെ ഒതുക്കി.

മറുപടിയിൽ ആദ്യ ഓവറിൽത്തന്നെ ടെംബ ബെവുമയെ (2) നഷ്ടമായ ദക്ഷിണാഫ്രിക്ക പിന്നീട് തിരിഞ്ഞുനോക്കിയില്ല. റീസെ ഹെൻറിക്സ് 39 റണ്ണടിച്ചു. പത്താം ഓവറിലാണ് വാൻ ഡെർ ദുസെനും മാർക്രവും ഒത്തുചേർന്നത്. മാർക്രം നാല് സിക്സും രണ്ട് ബൗണ്ടറിയും പറത്തി. ഇരുപത്തൊമ്പതിന് ബംഗ്ലാദേശുമായാണ് വിൻഡീസിന്റെ അടുത്ത കളി. ദക്ഷിണാഫ്രിക്ക 30ന് ശ്രീലങ്കയെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top