29 January Saturday

പന്ത്‌ മാത്രം ; ഇന്ത്യ 198ന് പുറത്ത്

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

photo credit bcci twitter

 

കേപ്‌ടൗൺ
ഋഷഭ്‌ പന്തിന്റെ ഉശിരൻ സെഞ്ചുറിക്കിടയിലും ഇന്ത്യക്ക്‌ ആശങ്ക. 100 റണ്ണുമായി ഒറ്റയാൾ പോരാട്ടം നടത്തിയ പന്തിന്റെ ബലത്തിൽ ഇന്ത്യ കുറിച്ച 212 റൺ വിജയലക്ഷ്യം അനായാസം പിന്തുടരുകയാണ്‌ ദക്ഷിണാഫ്രിക്ക. മൂന്നാംദിനം കളി അവസാനിക്കുമ്പോൾ 2–101. ജയിക്കാൻ ഇനി 111 റൺ. ഇന്ത്യക്ക് എട്ടു വിക്കറ്റും. സ്‌കോർ: ഇന്ത്യ 223, 198 ദ. ആഫ്രിക്ക 210, 2–101. ക്യാപ്‌റ്റൻ ഡീൻ എൽഗറെ (30) മൂന്നാംദിനത്തിലെ അവസാന പന്തിൽ പുറത്താക്കി ജസ്പ്രീത് ബുമ്ര ഇന്ത്യക്ക് നേരിയ പ്രതീക്ഷ നൽകി. കീഗൻ പീറ്റേഴ്‌സൺ (48) ക്രീസിലുണ്ട്.

രണ്ടിന്‌ 57 എന്ന നിലയിൽ മൂന്നാംദിനം ആരംഭിച്ച ഇന്ത്യക്ക്‌ നടുക്കുന്ന തുടക്കമായിരുന്നു. ഒരു റൺ കൂട്ടിച്ചേർക്കുന്നതിനിടെ രണ്ട്‌ വിക്കറ്റ്‌ നഷ്ടമായി. ഇന്നിങ്‌സിന്റ രണ്ടാംപന്തിൽത്തന്നെ തിരിച്ചടി കിട്ടി. ചേതേശ്വർ പൂജാരയെ (9) മാർകോ ജാൻസെന്റെ പന്തിൽ ഉജ്വല ക്യാച്ചിലൂടെ കീഗൻ പീറ്റേഴ്‌സൺ പറഞ്ഞയച്ചു. അജിൻക്യ രഹാനെയായിരുന്നു അടുത്തത്‌. പരിചയസമ്പന്നനായ ബാറ്റർ വീണ്ടും പരാജയമായി. കഗീസോ റബാദയുടെ മികച്ച പന്തിൽ ബാറ്റുവച്ച്‌ എൽഗർക്ക്‌ പിടികൊടുത്ത്‌ ഒരു റണ്ണുമായി മടങ്ങി.

ആറാമനായി എത്തിയ പന്ത്‌ വേഗത്തിലായിരുന്നു ബാറ്റ്‌ വീശിയത്‌. മറുവശം ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി (143 പന്തിൽ 29) പന്തിന്‌ പിന്തുണ കൊടുത്തു. ക്ഷമയോടെയായിരുന്നു കോഹ്‌ലി കളിച്ചത്‌. പിഴവുകൾ വരുത്താതെ തിടുക്കമില്ലാതെ ബാറ്റേന്തി. എന്നാൽ,  ലുൻഗി എൻഗിഡിക്ക്‌ മുമ്പിൽ പിഴച്ചു. ഇതിനിടെ പന്ത്‌ അരസെഞ്ചുറി പൂർത്തിയാക്കിയിരുന്നു. അഞ്ചാം വിക്കറ്റിൽ കോഹ്‌ലിയുമായി ചേർന്ന്‌ 94 റണ്ണാണ്‌ പന്ത്‌ ഇന്ത്യൻ സ്‌കോർബോർഡിൽ ചേർത്തത്‌. ക്യാപ്‌റ്റന്റെ മടക്കത്തോടെ പതിവാവർത്തിച്ചു ഇന്ത്യ. ആർ അശ്വിനും (7) ശാർദുൾ ഠാക്കൂറിനും (5) ശോഭിക്കാനായില്ല. വാലറ്റമാകട്ടെ തലതാഴ്‌ത്തി.

ഉമേഷ്‌ യാദവിനും മുഹമ്മദ്‌ ഷമിക്കും അക്കൗണ്ട്‌ തുറക്കാനായില്ല. 46 റണ്ണെടുക്കുന്നതിനിടെ ആറ്‌ വിക്കറ്റ്‌ നഷ്ടമായി ഇന്ത്യക്ക്‌. 139 പന്തിൽ നാല്‌ സിക്‌സറും ആറ്‌ ബൗണ്ടറിയും സഹിതമായിരുന്നു പന്തിന്റെ ഇന്നിങ്‌സ്‌. നാലാം ടെസ്റ്റ്‌ സെഞ്ചുറി. ദക്ഷിണാഫ്രിക്കൻ ബൗളർമാരെ കൂസാതെയായിരുന്നു മുന്നേറ്റം. ദക്ഷിണാഫ്രിക്കയ്‌ക്ക്‌ എയ്ദൻ മാർക്രത്തെ തുടക്കത്തിൽതന്നെ (16) നഷ്ടമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top