07 July Thursday
ലീഗിൽ മൂന്ന് ക്ലബ്ബുകളിലായി 
ആകെ 10 കിരീടം , സിറ്റിയിലെ 
ആകെ നേട്ടം 11

കിരീടങ്ങളുടെ പെപ്

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

image credit The Pep twitter


ലണ്ടൻ
യൂറോപ്യൻ ഫുട്‌ബോളിലെ ഏറ്റവും കടുത്ത പോരാട്ടം നടക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരിക്കൽക്കൂടി പെപ് ഗ്വാർഡിയോള കിരീടം ഉയർത്തി. അഞ്ച് സീസണിനിടെ നാലാംലീഗ് കിരീടമാണ് ഈ സ്പാനിഷുകാരൻ സിറ്റിക്ക് നേടിക്കൊടുത്തത്. പ്രീമിയർ ലീഗിൽ ഈ നേട്ടംകുറിക്കുന്ന ആദ്യ വിദേശ പരിശീലകൻകൂടിയാണ്. പരിശീലകജീവിതത്തിൽ പത്താം ലീഗ് കിരീടമാണിത്. സംഭവബഹുലമായ അവസാനദിനം ആസ്റ്റൺ വില്ലയെ 3–2ന് മറികടന്നായിരുന്നു സിറ്റിയുടെ കിരീടധാരണം. അഞ്ചു മിനിറ്റിൽ മൂന്ന് ഗോളടിച്ച് അവിശ്വസനീയ ജയം. രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം ഇകായ് ഗുൺഡോവനും റോഡ്രിയും ചേർന്നാണ് ജയമൊരുക്കിയത്. 17 വർഷത്തിനിടെ ആദ്യമായാണ് രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം സിറ്റിക്ക് ജയം കിട്ടുന്നത്.

ഈ കളിക്കാർ സിറ്റിയുടെ ചരിത്രത്തിന്റെ ഭാഗമായി എന്നായിരുന്നു ഗ്വാർഡിയോളയുടെ പ്രതികരണം. ‘ഞങ്ങൾ ഇതിഹാസമായി മാറി. എക്കാലവും ഓർമിക്കപ്പെടുന്നവർ. ഈ കളിക്കാർ സിറ്റിയുടെ എന്നത്തെയും മികച്ച സംഘമായി മാറിക്കഴിഞ്ഞു. ഈ നേട്ടത്തിലേക്കുള്ള വഴി കഠിനമായിരുന്നു.  മാഞ്ചസ്റ്റർ യുണെെറ്റഡിൽ സർ അലെക്സ് ഫെർഗൂസൻ വർഷങ്ങളായി നേടിയ കാര്യമാണ്. ഇന്ന് തിരിച്ചറിയുന്നുണ്ട്, അതിന്റെ തീവ്രത. ഇപ്പോൾ ഞങ്ങളും അതിന്റെ ഭാഗമാകുന്നു’– ഗ്വാർഡിയോള പറഞ്ഞു. ഇംഗ്ലണ്ടിലെത്തി ആറുവർഷത്തിനുള്ളിൽ 11 കിരീടങ്ങളായി ഗ്വാർഡിയോളയ്ക്ക്. ലീഗ് കപ്പും എഫ്എ കപ്പും ഇതിൽ ഉൾപ്പെടും. ചാമ്പ്യൻസ് ലീഗിൽമാത്രം തിരിച്ചടിയുണ്ടായി.

പരിശീലകനായി 13–ാംവർഷമാണ്. ഇതിൽ 10 സീസണും ലീഗ് കിരീടങ്ങൾ നേടി. സിറ്റിയിൽ നാല്, ബയേൺ മ്യൂണിക്കിൽ 3, ബാഴ്സലോണയിൽ 3.

സൂപ്പർ താരങ്ങളുടെ നിരയാണ് സിറ്റി. എല്ലാ മത്സരങ്ങളിലും എല്ലാ സൂപ്പർ താരങ്ങൾക്കും ഇടംകിട്ടുന്നില്ല. എന്നിട്ടും പരാതികളില്ലാതെയാണ് സിറ്റി മുന്നേറുന്നത്. കളിക്കാരെ കെെകാര്യം ചെയ്യുന്നതിൽ ഗ്വാർഡിയോളയുടെ മിടുക്കാണ് ഇതിന്‌ കാരണം. അടുത്ത സീസണിൽ ഗോളടിക്കാരൻ എർലിങ് ഹാലണ്ടുകൂടി എത്തുന്നതോടെ സിറ്റിയുടെ കരുത്ത് ഇരട്ടിക്കും. ഒരു പോയിന്റ് വ്യത്യാസത്തിൽ സീസണിലെ മൂന്നാം കിരീടം നഷ്ടമായ ലിവർപൂളിന് ചാമ്പ്യൻസ് ലീഗിലാണ് പ്രതീക്ഷ. 28നാണ് റയലുമായുള്ള ഫെെനൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top